26 April Friday
ഇപിഎഫ്ഒ പുതിയ വിജ്ഞാപനവും കോടതിയിലേക്ക്‌

27,000 പേർ തുക തിരിച്ചടയ്‌ക്കേണ്ടിവരും

സ്വന്തം ലേഖകൻUpdated: Sunday Jan 29, 2023

തിരുവനന്തപുരം> 2022 നവംബർ അഞ്ചിലെ സുപ്രീംകോടതി വിധി  യഥേഷ്ടം വ്യാഖ്യാനിച്ച്‌ ഇപിഎഫ്‌ഒ ജനുവരി 25ന്‌ ഇറക്കിയ വിജ്ഞാപനം അനുസരിച്ച്‌ ഇന്ത്യയിലാകെ 27,000 പേരെങ്കിലും തുക തിരിച്ചടയ്‌ക്കേണ്ടിവരും. വിജ്ഞാപനം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പെൻഷൻ സംഘടനകളടക്കം തിങ്കളാഴ്‌ച സുപ്രീംകോടതിയെ സമീപിക്കും. വിധിയിലെ ചില ഭാഗങ്ങളിൽ അവ്യക്തതയുണ്ടെന്നും ഇതാണ്‌ ഇപിഎഫ്‌ഒ  ഉപയോഗിക്കുന്നതെന്നും കോടതിയെ ബോധ്യപ്പെടുത്തും. നിയമയുദ്ധത്തോടൊപ്പം പ്രത്യക്ഷ സമരത്തിനും പെൻഷൻകാർ ഒരുങ്ങുന്നുണ്ട്‌.

2014നു മുമ്പ്‌ ഉയർന്ന ഓപ്ഷൻ കൊടുക്കാതെ വിരമിച്ച്‌ കൂടിയ പെൻഷൻ വാങ്ങുന്നവരിൽനിന്ന്‌ തുക തിരിച്ചുപിടിക്കുമെന്നാണ്‌ പുതിയ വിജ്ഞാപനം. മേഖലാ ഓഫീസുകളുടെ സർക്കുലർ പത്രപരസ്യമായി വന്നു. കേരളത്തിൽ 300ൽ താഴെ പേർ മാത്രമാണ്‌ ഇതിൽ ഉയർന്ന ഓപ്ഷന്‌ അപേക്ഷിച്ചവർ. 27,000ൽ അധികംപേർ കൂടിയ പെൻഷൻ വാങ്ങുന്നുണ്ട്‌. 20,000 മുതൽ 40,000 രൂപവരെ ഇത്തരത്തിൽ വാങ്ങിയവരുണ്ട്‌. വിജ്ഞാപനപ്രകാരം ലക്ഷക്കണക്കിനു രൂപ ഓരോരുത്തരും അടയ്ക്കേണ്ടിവരും. ഇതിലുംഭേദം ആത്മഹത്യയാണെന്നുപോലും പെൻഷകാർ പറയുന്നു. ഇത്‌ ദോഷകരമായി ബാധിക്കുന്ന വയോധികരെ ഓർക്കാതെ പോയതും മുൻകാല പ്രാബല്യം നൽകിയതും അത്ഭുതപ്പെടുത്തുന്നതാണ്‌. 

അതേസമയം, തുക തിരിച്ചുപിടിക്കാൻ ശുഷ്കാന്തി കാണിക്കുന്ന ഇപിഎഫ്‌ഒ 2014നു ശേഷം വിരമിച്ചവരുടെ കാര്യം മിണ്ടുന്നില്ല. ഇങ്ങനെ വിരമിച്ചവർക്കും സർവീസിൽ ഉള്ളവർക്കും കൂടിയ പെൻഷന്‌ അപേക്ഷിക്കാൻ നാലുമാസം നൽകണമെന്ന്‌ സുപ്രീംകോടതി വിധിയിൽ കൃത്യമായി പറയുന്നുണ്ട്‌. മാർച്ച്‌ മൂന്നിന്‌ അപേക്ഷിക്കാനുള്ള സമയം അവസാനിക്കുകയാണ്‌.

ആത്മഹത്യയിലേക്ക്‌ തള്ളിയിടുന്നു

2014 സെപ്‌തംബർ ഒന്നിനുമുമ്പ്‌ ഉയർന്ന ഓപ്ഷൻ നൽകാതെ വിരമിച്ചവരിൽനിന്ന്‌ പെൻഷൻ തുക തിരിച്ചുപിടിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പെൻഷൻകാരെ ആത്മഹത്യയിലേക്ക്‌ തള്ളിവിടുന്നതും കോടതികളെ അപമാനിക്കുന്നതുമെന്ന്‌ പിഎഫ്‌ പെൻഷനേഴ്‌സ്‌ അസോസിയേഷൻ. ഒരിക്കൽ നൽകിയ ആനുകൂല്യം തിരിച്ചുപിടിക്കുന്നത് കോടതികൾ വിലക്കിയിട്ടുള്ളതാണ്‌.

2014 സെപ്‌തംബർ ഒന്നിനുമുമ്പ്‌ ഹയർ ഓപ്ഷന്‌ അപേക്ഷ നൽകി വിരമിച്ചവർക്ക് മാത്രമേ ഉയർന്ന പെൻഷനുള്ളൂ എന്ന് ഇപ്പോൾ പറയുന്ന ഇപിഎഫ്ഒ തന്നെയാണ്‌ 2014ന്‌ ശേഷം ഹയർ ഓപ്ഷൻ അപേക്ഷകൾ സ്വീകരിച്ച്‌ ഉയർന്ന പെൻഷൻ നൽകിയത്. കോടതിവിധികളുടെ അടിസ്ഥാനത്തിൽ സ്വന്തം നടപടി തെറ്റായിപ്പോയെന്നാണ്‌ ഇപിഎഫ്‌ വ്യാഖ്യാനിക്കുന്നത്‌. അതിന്‌ പെൻഷൻകാരെ കുറ്റക്കാരാക്കുന്നത്‌ ശരിയല്ല.  

പെൻഷൻകാരെ നിരന്തരം ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനും ഇപിഎഫ്ഒയ്ക്കും യഥേഷ്ടം വ്യാഖ്യാനിക്കാൻ പാകത്തിൽ അവ്യക്തത നിറഞ്ഞതാണ്‌ വിധി എന്നതും തിരിച്ചടിയായി. ഈ ക്രൂരതകൾക്കെതിരെ പ്രക്ഷോഭത്തിനും നിയമപോരാട്ടത്തിനും പെൻഷൻകാർ ഐക്യത്തോടെ നിലകൊള്ളണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ഡി മോഹനൻ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top