12 July Saturday

ഇലക്ട്രിക് വാഹനങ്ങൾക്ക് 
ഇടുക്കിയിലേക്ക് സ്വാഗതം; ചാർജിങ് സ്റ്റേഷൻ ഡിടിപിസി പാർക്കിൽ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023
ഇടുക്കി > ഇലക്‌ട്രിക്‌ വാഹനങ്ങൾക്കായി ജില്ലയിലെ ആദ്യ പൊതുവൈദ്യുത വാഹന ചാർജിങ് സ്റ്റേഷൻ ഡിടിപിസി പാർക്കിൽ തുറന്നു. മന്ത്രി റോഷി അഗസ്റ്റിൻ  സ്വിച്ച്‌ ഓൺ  ഉദ്‌ഘാടനം ചെയ്‌തു. അനെർട്ട് വഴി സ്ഥാപിച്ച ചാർജിങ് സ്റ്റേഷൻ പുതിയ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജ സുരക്ഷ, ഇന്ധന വിലവർധന എന്നിവയ്‌ക്ക്‌ ആശ്വാസമാണ്‌ വൈദ്യുത വാഹനങ്ങൾ. വരുംനാളുകളിൽ കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സർക്കാർ സ്ഥാപിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
 
സംസ്ഥാന വൈദ്യുത വാഹനനയത്തിന്റെ ഭാഗമായി അനെർട്ടും ഇഇഎസ്എല്ലും ചേർന്നാണ് പൊതുവൈദ്യുത വാഹന ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചത്‌. അനെർട്ട്, നഗരസഭ, പഞ്ചായത്തുകൾ, കെടിഡിസി ഹോട്ടലുകൾ, സർക്കാർ വകുപ്പുകൾ എന്നിവരുമായി യോജിച്ച് സംസ്ഥാനത്തെ ദേശീയപാതകൾ, സംസ്ഥാനപാതകൾ എന്നിവിടങ്ങളിലാണ്‌ ഡിസി ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
 
60 കിലോ വാട്ട് സിസിഎസ് ടൈപ്പ്(രണ്ട്‌), 22കിലോ വാട്ട് ടൈപ്പ്(രണ്ട്‌) എസി, 60 കിലോ വാട്ട് ഷാഡാമോ എന്നിങ്ങനെ മൂന്ന് ചാർജിങ് ഗണ്ണുകൾ ഉള്ള മെഷീനാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവിൽ ഒരേസമയം രണ്ട് കാറുകൾക്ക് ചാർജ് ചെയ്യാനാകും. ഫുൾ ചാർജിങ്ങിന് 30 മുതൽ 45 മിനിറ്റ് മതിയാകും. ഒരു യൂണിറ്റിന് 13 രൂപയും ജിഎസ്ടിയും നൽകണം. പ്ലേസ്റ്റോറിൽ ലഭിക്കുന്ന ഇലക്ട്രിഫൈ എന്ന ആപ്പിലൂടെ പണം അടയ്ക്കാം. ചാർജിങ് നിയന്ത്രിക്കുന്നത് ആപ്പ് വഴി ആയതിനാൽ ജീവനക്കാരുടെ ആവശ്യമില്ല.
 
ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ  അധ്യക്ഷയായി. ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ,  ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗം പ്രഭ തങ്കച്ചൻ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, അനെർട്ട് ഇ മോബിലിറ്റി ഡിവിഷൻ ഹെഡ് ജെ  മനോഹരൻ, അനെർട്ട് ജില്ലാ എൻജിനിയർ നിതിൻ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top