19 April Friday

ലൈവാണ് പ്രചരണം, സൈബറിടത്തും ഇലക്ഷന്‍ ചൂട്

സി അജിത്‌Updated: Wednesday Nov 25, 2020

അകത്തേത്തറ പഞ്ചായത്ത് ആറാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി ഐശ്വര്യയുടെ പ്രചരണം ഫെയ്‌സ്ബുക്ക് ലൈവില്‍

പാലക്കാട്‌ > ചുവരിൽ കുമ്മായമടിച്ച്‌ സ്ഥാനാർഥിയുടെ പേരും ചിഹ്നവും എഴുതിയുള്ള തെരഞ്ഞെടുപ്പ്‌ പ്രചാരണം ഇപ്പോൾ‌ അധികമില്ല. ഫ്ലക്‌സിനും‌ നിയന്ത്രണമുണ്ട്‌. പരമ്പരാഗത നോട്ടീസും പോസ്‌റ്ററുകളും കുറഞ്ഞു. എന്നാൽ, ഇതിനെയെല്ലാം മറികടക്കുന്ന ഓൺലൈൻ പ്രചാരണമാണ്‌ നാടെങ്ങും. മൊബൈൽ ഫോണാണ്‌ പ്രധാന പ്രചാരണായുധം. സ്ഥാനാർഥിയുടെ പോസ്‌റ്ററുകൾ, അഭ്യർഥനകൾ, തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങൾ ഉൾപ്പെടെ സർവവും സ്‌മാർട്ട്‌ ഫോണിൽ പറക്കുകയാണ്‌‌‌.

വാട്‌സ്‌ ആപ്‌, ഫേയ്‌സ്‌ബുക്ക്‌, ഇൻസ്‌റ്റഗ്രാം, ട്വിറ്റർ, ടെലഗ്രാം, യൂട്യൂബ്‌ ഉൾപ്പെടെ സമൂഹ്യമാധ്യമങ്ങളുടെ സർവ സാധ്യതകളും പ്രചാരണത്തിന്‌ ഉപയോഗിക്കുന്നുണ്ട്‌. എതിർപക്ഷത്തിന്റെ ആരോപണങ്ങൾക്ക്‌ മറുപടി നൽകാൻ വാർ റൂമുകളും സജ്ജം‌. സൈബർ ഇടങ്ങളിൽ നിരന്തരം ഇടപെടുന്നവരും ഡിസൈനർമാർ, ഫോട്ടോഗ്രാഫർമാർ, -വീഡിയോഗ്രാഫർമാർ, ചലച്ചിത്ര സംവിധായകർ ഉൾപ്പെടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമാണ്‌. വിവിധ തദ്ദേശ സ്ഥാപനങ്ങൾ തങ്ങളുടെ വികസന പ്രവർത്തനങ്ങൾ ഡോക്യുമെന്ററി രൂപത്തിലാക്കി യൂട്യൂബിലൂടെ പ്രചരിപ്പിക്കുന്നുണ്ട്‌. അതോടൊപ്പം വികസന മുരടിപ്പും അഴിമതിയും ചർച്ചയാകുന്നു. യോഗങ്ങൾ പലതും ഫേയ്‌സ്‌ബുക്ക്‌ ലൈവും ഗൂഗിൾ മീറ്റും സൂമും വഴി ഓൺലൈനിലാണെന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്‌.

കോവിഡ്‌ പശ്ചാത്തലത്തിൽ ജനങ്ങളെ ഇളക്കിമറിച്ചുള്ള ‘മാസ്‌ ക്യാമ്പയി’നുകളില്ലാത്ത തെരഞ്ഞെടുപ്പിൽ‌ നവമാധ്യമങ്ങളുടെ പ്രസക്തി വർധിപ്പിച്ചുവെന്ന്‌ ഈ രംഗത്ത്‌ പ്രവർത്തിക്കുന്ന കൊച്ചിൻ ഒനിയൻ ഫിലിംസ്‌ ക്രിയേറ്റീവ്‌ ഡയറക്ടർ ആഹ്ലാദ്‌ പറഞ്ഞു. പ്രചാരണ വാഹനങ്ങളിൽ പ്രദർശിപ്പിക്കാവുന്ന 10 മിനിറ്റുള്ള വീഡിയോകൾ, വാട്‌സ്‌ആപ്, എഫ്‌ബി, ഇൻസ്‌റ്റഗ്രാം എന്നിവയിൽ അയക്കാവുന്ന രണ്ട്‌ മിനിറ്റ്‌ ദൈർഘ്യമുള്ള വെർട്ടിക്കൽ വീഡിയോകൾ, സ്‌റ്റുഡിയോകളിൽ  മുൻകൂട്ടി റെക്കോഡ്‌ ചെയ്‌ത ശബ്ദരേഖകൾ, സ്ഥാനാർഥി വീഡിയോകൾ, വാട്ട്സാപ്പിൽ അയക്കാവുന്നതും സ്‌റ്റാറ്റസായി ഉപയോഗിക്കാവുന്നതുമായ അനിമേറ്റഡ്‌ ജിഫുകൾ എന്നിവ പ്രചാരണരംഗത്ത്‌ മികച്ച സാധ്യതയാണെന്നും ആഹ്ലാദ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top