25 April Thursday

തുടര്‍ച്ചയായ അക്രമം: ബംഗാളിൽ പരസ്യപ്രചരണം ഒരുദിവസം വെട്ടിക്കുറച്ചു

സ്വന്തം ലേഖകൻUpdated: Wednesday May 15, 2019

ന്യൂഡൽഹി > തുടർച്ചയായ അക്രമസംഭവങ്ങളുടെ പശ‌്ചാത്തലത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ‌ു കമീഷൻ പശ‌്ചിമബംഗാളിലെ പരസ്യപ്രചാരണം 24 മണിക്കൂർ വെട്ടിക്കുറച്ചു. ഭരണഘടനയിലെ 324–-ാം വകുപ്പ‌ുപ്രകാരമുള്ള സവിശേഷാധികാരം പ്രയോഗിച്ചാണ‌് അസാധാരണ നടപടി. അവസാനഘട്ടത്തിൽ തെരഞ്ഞെടുപ്പ‌ു നടക്കുന്ന ഒമ്പത‌് ലോക‌്സഭാ മണ്ഡലങ്ങളിൽ പരസ്യപ്രചാരണം വ്യാഴാഴ‌്ച    രാത്രി 10നകം അവസാനിപ്പിക്കണം.

24 മണിക്കൂറായി സംസ്ഥാനത്ത‌് നടക്കുന്ന അക്രമസംഭവങ്ങളുടെ പശ‌്ചാത്തലത്തിലാണ‌് അസാധാരണ നടപടി സ്വീകരിക്കാൻ നിർബന്ധിതരായതെന്ന‌് തെരഞ്ഞെടുപ്പ‌ു കമീഷൻ അറിയിച്ചു. അവസാനഘട്ടത്തിൽ ബംഗാളിലെ ഡംഡം, ബരാസാത‌്, ബാസിർഹാട്ട‌്, ജയനഗർ, മതുരാപുർ, ജാദവ‌്പുർ, ഡയമണ്ട‌് ഹാർബർ, നോർത്ത‌് കൊൽക്കത്ത, സൗത്ത‌് കൊൽക്കത്ത മണ്ഡലങ്ങളിലാണ‌് പോളിങ് നടക്കേണ്ടത‌്. ഈ മണ്ഡലങ്ങളിൽ വ്യാഴാഴ‌്ച രാത്രി 10 മുതൽ വോട്ടെടുപ്പ‌് അവസാനിക്കുന്നത‌ുവരെ ഒരുതരത്തിലുള്ള പ്രചാരണവും സംഘടിപ്പിക്കരുതെന്നാണ‌് കമീഷന്റെ നിർദേശം. ഇതാദ്യമായിട്ടാണ‌് ഭരണഘടനയുടെ 324–-ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിച്ച‌് പരസ്യപ്രചാരണം വെട്ടിക്കുറയ‌്ക്കുന്നതെന്ന‌് കമീഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.

ബംഗാളിൽ തൃണമൂൽ കോൺഗ്രസ‌്, ബിജെപി റാലികളിൽ നടന്ന അക്രമസംഭവങ്ങൾ സമാധാനപൂർണമായ തെരഞ്ഞെടുപ്പിന‌് വെല്ലുവിളിയാകുമെന്ന‌് ഉറപ്പായ സാഹചര്യത്തിലാണ‌് അടിയന്തരനടപടിക്ക‌് നിർബന്ധിതരായത‌്. വിദ്യാസാഗറിന്റെ പ്രതിമ തകർത്തത‌് ഉൾപ്പെടെയുള്ള അതിക്രമങ്ങളിൽ തെരഞ്ഞെടുപ്പ‌ു കമീഷന‌് കടുത്ത പ്രതിഷേധവും ആശങ്കയുമുണ്ട‌്.
ആക്രമണത്തിന‌ു പിന്നിലുള്ളവരെ സംസ്ഥാന സർക്കാർ ഉടൻ നിയമത്തിന‌ുമുന്നിൽ കൊണ്ടുവരുമെന്ന‌് പ്രതീക്ഷിക്കുന്നു. സിഐഡി അഡീഷണൽ ഡയറക്ടർ ജനറൽ രാജീവ‌്കുമാറിനെയും സംസ്ഥാന ആഭ്യന്തര, ആരോഗ്യ വകുപ്പ‌് പ്രിൻസിപ്പൽ സെക്രട്ടറി അത്രിഭട്ടാചാര്യയെയും അവരുടെ ചുമതലകളിൽനിന്നും കമീഷൻ നീക്കി.
മമതയുടെ വിശ്വസ‌്തരെന്ന‌് അറിയപ്പെടുന്ന ഈ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ‌് നടപടിക്രമങ്ങളിൽ ഇടപെട്ടെന്ന‌് ആരോപിച്ചാണ‌് അവരുടെ ചുമതലകളിൽനിന്നും നീക്കിയത‌്. ശാരദ ചിട്ടിത്തട്ടിപ്പ‌് കേസ‌് അന്വേഷിച്ചിരുന്ന കൊൽക്കത്ത മുൻ പൊലീസ‌് കമീഷണർ കൂടിയായിരുന്ന രാജീവ‌്കുമാർ  വ്യാഴാഴ്ച രാവിലെ 10ന‌് കേന്ദ്ര ആഭ്യന്തര സെക്രട്ടറി മുമ്പാകെ റിപ്പോർട്ട‌് ചെയ്യണമെന്നാണ‌് നിർദേശം.

ബിജെപി ദേശീയ അധ്യക്ഷൻ അമിത‌് ഷായുടെ റാലിയെ തുടർന്നാണ‌് കൊൽക്കത്തയിൽ വ്യാപക സംഘർഷം പൊട്ടിപ്പുറപ്പെട്ടത‌്. റാലി തുടങ്ങിയതിന‌ു പിന്നാലെ തൃണമൂൽ കോൺഗ്രസ‌്, ബിജെപി പ്രവർത്തകർ തെരുവിൽ ചേരിതിരിഞ്ഞ‌് ഏറ്റുമുട്ടുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top