ആലുവ > വീട് വിൽപ്പനയെച്ചൊല്ലിയുള്ള തർക്കത്തിനിടെ മദ്യലഹരിയിലുള്ള സഹോദരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടത്തല മലേപ്പള്ളിക്കുസമീപം വാടകയ്‌ക്ക് താമസിക്കുന്ന ആലുവ അണ്ടിക്കമ്പനി പള്ളിപ്പറമ്പിൽ ഡെന്നി ഡൊമിനിക്കാണ് (40) മരിച്ചത്. ഇളയ സഹോദരനും ആലുവ ജില്ലാ ആശുപത്രി ജങ്ഷനിലെ ഓട്ടോ ഡ്രൈവറുമായ ഡാനിയാണ് (35) കുത്തിയത്.
കഴിഞ്ഞ 12ന് രാത്രി ഇവരുടെ വീട്ടിലായിരുന്നു സംഭവം. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. ഇലക്ട്രിക്കൽ ജോലിചെയ്യുന്ന ഡെന്നിയും ഡാനിയും എടത്തലയിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. മറ്റൊരു സഹോദരൻ ഡെൻസൺ വിവാഹശേഷം മറ്റൊരു വാടകവീട്ടിലേക്ക് മാറി.
അണ്ടിക്കമ്പനി ഭാഗത്തെ വീട് വിറ്റതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ എത്തിയത്. പ്രതി ഡാനി റിമാൻഡിലാണ്. കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കൊലപാതകക്കുറ്റംകൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്തി. പരേതരായ ആനിയും ഡൊമിനിക്കുമാണ് മാതാപിതാക്കൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..