29 March Friday

ട്രെയിൻ തീവയ്‌പ്‌; പ്രതിയുടെ കാറിനെ പിന്തുടർന്ന മാതൃഭൂമി ചാനൽ സംഘത്തെ ചോദ്യംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023

കോഴിക്കോട്‌ > എലത്തൂർ ട്രെയിൻ തീവയ്‌പ്‌ കേസിലെ പ്രതി ഷാറൂഖ്‌ സെയ്‌ഫിയെ കസ്‌റ്റഡിയിലെടുത്ത്‌ കേരളത്തിൽ എത്തിക്കുന്നതിനിടെ വാഹനം പിന്തുടർന്ന്‌ തത്സമയ സംപ്രേഷണം ചെയ്‌ത ചാനൽ സംഘത്തെ പൊലീസ്‌ ചോദ്യം ചെയ്‌തു. മാതൃഭൂമി ചാനൽ റിപ്പോർട്ടർ, കാമറാമാൻ, ഡ്രൈവർ എന്നിവരെയാണ്‌ പൊലീസ്‌ കോഴിക്കോട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തത്‌. മാർഗതടസ്സം സൃഷ്‌ടിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, തെളിവ്‌ നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി സംഭവമുണ്ടായ സമയത്ത്‌ തന്നെ കേസെടുത്തിരുന്നു.

കാസർകോട്‌ ഡിസിആർബി ഡിവൈഎസ്‌പിയും ഭീകരവിരുദ്ധ സ്‌ക്വാഡ്‌ അംഗവുമായ സി എ അബ്‌ദുൾ റഹ്‌മാനാണ്‌ ചേവായൂർ പൊലീസിൽ പരാതി നൽകിയത്‌. മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ്‌ കസ്‌റ്റഡിയിലെടുത്ത പ്രതിയെ കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ്‌ കേരള പൊലീസിന്‌ കൈമാറിയത്. അതിവേഗം യാത്ര ചെയ്‌ത അന്വേഷകസംഘത്തെ പിന്തുടർന്ന ചാനൽ സംഘം അതിന്റെ രഹസ്യ സ്വഭാവം മാനിച്ചില്ല.

പ്രതിയുമായി വരുന്ന വാഹനത്തെ പിന്തുടർന്ന്‌ തത്സമയ സംപ്രേഷണം നൽകുകയായിരുന്നു. ഇതോടെ യാത്രയുടെ രഹസ്യ സ്വഭാവം നഷ്‌ടമായി. പ്രതിക്കെതിരെ പിന്നീട്‌ യുഎപിഎ ചുമത്തുകയും കേസ്‌ എൻഐഎ ഏറ്റെടുക്കുകയും ചെയ്‌തു. പ്രതി ഇപ്പോൾ എൻഐഎ കസ്‌റ്റഡിയിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top