27 April Saturday

ഇന്ത്യയിലെ കർഷകസമരങ്ങളെ മാധ്യമങ്ങൾ പൈങ്കിളിവൽക്കരിക്കുന്നു: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

തൃശൂർ > ഇന്ത്യയിലെ കർഷകസമരങ്ങളെ മാധ്യമങ്ങൾ പൈങ്കിളിവൽക്കരിക്കുകയാണെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം. കേരള കോ –-ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയന്റെ (സിഐടിയു) സംസ്ഥാന സമ്മേളനത്തിൽ ട്രേഡ്‌യൂണിയൻ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിലനിൽപ്പിനുവേണ്ടിയുള്ള കർഷകരുടെ പ്രക്ഷോഭങ്ങളെ മാധ്യമങ്ങൾ നിസ്സാരവൽക്കരിക്കുകയാണ്‌. ഇതിന്‌ ഉദാഹരണമാണ്‌ ലഖിംപൂരിലെ കർഷക സമരകേന്ദ്രത്തിൽ പ്രിയങ്കഗാന്ധി സന്ദർശിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ‌. പ്രിയങ്കയെ താൽക്കാലികമായി പാർപ്പിച്ചിരുന്ന മുറി അവർ അടിച്ചുവാരുന്നതാണ്‌ മാധ്യമങ്ങൾ ആഘോഷമാക്കിയത്‌.

വാർത്ത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ്‌  കോൺഗ്രസ്‌ നേതാക്കൾ സമര കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്‌. കർഷകർ ഉന്നയിക്കുന്ന പ്രശ്‌നങ്ങളോട്‌ കോൺഗ്രസിന്റെ നിലപാട്‌ ഇനിയും വ്യക്തമല്ല. മൂന്ന്‌ കർഷക നിയമങ്ങളാണ്‌ പാർലമെന്റിൽ മോദി സർക്കാർ പാസാക്കിയത്‌.  കാർഷികോൽപ്പന്നങ്ങൾ സ്വതന്ത്ര വിപണിയിൽ വിൽക്കുമെന്നത്‌ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ്‌ പത്രികയിലുള്ളതാണ്‌. അതാണ്‌ മോദി സർക്കാർ നടപ്പാക്കുന്നത്‌.

കരാർ കൃഷി സമ്പ്രദായം വന്നാൽ ഇന്ത്യയുടെ കൃഷിരീതി മാറും. ഏക്കർ കണക്കിന്‌ ഭൂമികൾ കരാറിലെടുക്കുന്ന കുത്തകക്കമ്പനികൾ വിദേശത്തേക്ക്‌ കയറ്റുമതി ചെയ്യാൻ ആവശ്യമായ കൃഷികൾ മാത്രം ചെയ്യും. നിലവിൽ ട്രേഡ്‌ യൂണിയനുകൾ മാത്രമാണ്‌ കർഷകർക്കൊപ്പമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയെ നിലനിർത്താൻ കുത്തക മുതലാളിമാർ മോദിയെ തങ്ങളുടെ കൈപ്പിടിയിലാക്കി. സ്വകാര്യവൽക്കരണത്തിന് മുൻതൂക്കം നൽകി ഒരു തത്വദീക്ഷയുമില്ലാതെ പാർലമെന്ററി മര്യാദകൾപോലും പാലിക്കാതെയാണ്‌ പല നിയമങ്ങളും അവതരിപ്പിക്കുന്നത്‌. ബിഎസ്എൻഎൽ നഷ്ടത്തിലായതും ജിയോ കുതിച്ചുയരുന്നതും ഇതിന്‌ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top