23 April Tuesday

ബാങ്കടക്കമുള്ള സമ്പൂര്‍ണ സ്വകാര്യവത്ക്കരണ നയത്തിനെതിരെ ഐക്യ സമരം ഉയരണം: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021

തിരുവനന്തപുരം> രാജ്യത്തെ ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയുമുള്‍പ്പടെ പൊതുമേഖലാ സ്ഥാപനങ്ങളെ പൂര്‍ണമായും കൈയൊഴിയുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് സിഐടിയു  ജനറല്‍ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. ഈ സമ്പൂര്‍ണ സ്വകാര്യവത്കരണ നയത്തിനെതിരെ ഐക്യസമരം ഉയര്‍ന്നുവരണമെന്നും എളമരം കരീം എംപി  പറഞ്ഞു.

പ്രതിരോധ മേഖലയിലെ ആയുധ നിര്‍മ്മാണ കമ്പനികളുടെ സ്വകാര്യവത്ക്കരണ നീക്കത്തിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ തൊഴിലാളികളുടെ ഐക്യനിര ഉയര്‍ന്നു വന്നിരിക്കുകയാണ്. ഐക്യത്തെ തകര്‍ക്കുന്നതിന് കരിനിയമങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് സര്‍ക്കാര്‍. ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ 52-ാം ദേശസാല്‍ക്കരണ ദിനത്തിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളും സ്വകാര്യവത്ക്കരണവും എന്ന വിഷയത്തില്‍ ബി ഇ എഫ് ഐ സംസ്ഥാന കമ്മിറ്റി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സി.പി.ഐ ദേശീയ കമ്മിറ്റി അംഗം പന്ന്യന്‍ രവീന്ദ്രന്‍, ബി ജെ പി നേതാവ് പിആര്‍ ശിവശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു. ബെഫി അഖിലേന്ത്യാ പ്രസിഡണ്ട് സി.ജെ.നന്ദകുമാര്‍ മോഡറേറ്ററായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എസ്.അനില്‍ സ്വാഗതവും ബിഗേഷ് ഉണ്ണിയാന്‍ കൃതജ്ഞതയും രേഖപ്പെടാത്തി.

ദേശസാല്‍ക്കരണ ദിനത്തില്‍ ബാഡ്ജ് ധരിച്ചാണ് ജീവനക്കാര്‍ ജോലിക്ക് ഹാജരായത്. പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്ക്കരിക്കരുത്, വന്‍കിടക്കാരുടെ കിട്ടാക്കടം തിരിച്ചുപിടിക്കുക, വായ്പകള്‍ എഴുതി തള്ളല്‍ കൊള്ള അവസാനിപ്പിക്കുക, സഹകരണ മേഖലയെ കുത്തകവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അനാവശ്യ സര്‍വ്വീസ് ചാര്‍ജുകള്‍ നിറുത്തലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ആയിരത്തിലേറെ കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ പ്ലക്കാര്‍ഡ് പിടിച്ച് പ്രകടനം നടത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top