29 March Friday

കാടിന്റെ മക്കൾ പഠിക്കേണ്ടെന്ന്‌ കേന്ദ്രം, കൈവിടാതെ
 കേകരളം

സ്വന്തം ലേഖകൻUpdated: Tuesday May 23, 2023

തിരുവനന്തപുരം
വനമേഖലയിലെ ഗോത്ര വിഭാഗം വിദ്യാർഥികളുടെ പഠനം ഉറപ്പാക്കുന്നതിനായി സമഗ്രശിക്ഷാ കേരളം (എസ്‌എസ്‌കെ) മുഖേന ആവിഷ്‌കരിച്ച  ഊരുവിദ്യാകേന്ദ്രങ്ങൾക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. പദ്ധതി തുടരേണ്ടതില്ലെന്നാണ്‌ കേന്ദ്ര നിലപാട്‌. എന്നാൽ പദ്ധതിച്ചെലവ്‌ സംസ്ഥാനം ഏറ്റെടുക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.

വിദ്യാ വളന്റിയർമാരുടെ സേവനത്തിൽ 60 ഊരുവിദ്യാകേന്ദ്രമാണ്‌ സംസ്ഥാനത്ത്‌ പ്രവർത്തിച്ചിരുന്നത്‌. എസ്‌എസ്‌കെയുടെ  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വിദ്യാകേന്ദ്രത്തിന്‌ 75,000 മുതൽ ഒരു ലക്ഷം രൂപവരെ അനുവദിച്ചിരുന്നു. ഗോത്രമേഖലയിലെ കുട്ടികളിൽ പഠന താൽപ്പര്യം വർധിപ്പിക്കാനും കൊഴിഞ്ഞുപോക്ക്‌ ഇല്ലാതാക്കാനുമാണ്‌ കേന്ദ്ര സഹായത്തോടെ കേരളം പദ്ധതി ആവിഷ്‌കരിച്ചത്‌. 2023–- 24 വർഷത്തെ എസ്‌എസ്‌കെ വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‌ സമർപ്പിച്ചപ്പോഴാണ്‌ പദ്ധതി കേന്ദ്രം വെട്ടിയത്‌.

സ്‌കൂൾ തുറക്കുന്നതിന്‌ മുന്നോടിയായി വിളിച്ച യോഗത്തിൽ, പദ്ധതി സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ തുടരാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. കേന്ദ്രം നിഷേധിച്ച പദ്ധതിത്തുക പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് വഹിക്കും. ആകെ ചെലവിന്റെ 60 ശതമാനമാണ്‌ കേന്ദ്രം വഹിച്ചിരുന്നത്‌. ഇതും നിഷേധിച്ചതോടെ ആദിവാസി ഗോത്രമേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ സഹായ പദ്ധതികളിൽനിന്ന്‌ കേന്ദ്രം പൂർണമായും പിൻവാങ്ങി.

ഗോത്ര വിദ്യാർഥികൾക്ക് ഗോത്ര ഭാഷയിൽ വിദ്യാഭ്യാസത്തിന്‌ അവസരം നൽകുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും നിയമിച്ച മെന്റർ ടീച്ചർമാരുടെ സേവനം സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ  ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കൂടുതൽ സ്‌കൂളുകളിലേക്ക് ഇവരുടെ സേവനം ലഭ്യമാക്കുന്നതിന്റെ സാധ്യത പരിശോധിക്കണം. ഗോത്ര മേഖലകളിലെ കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നതിന് ആവിഷ്‌കരിച്ച ഗോത്രസാരഥി പദ്ധതി തുടരുന്നുണ്ടെന്ന് ഉറപ്പാക്കണം. കുട്ടികളെ സ്‌കൂളിലെത്തിക്കാൻ വാഹന സൗകര്യം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.


ഇടമലക്കുടിയിൽ 5-–-ാംക്ലാസ്‌ ഈ വർഷംതന്നെ

ഇടമലക്കുടി ഗവ. ട്രൈബൽ എൽപി സ്‌കൂളിലെ പഠിപ്പുറസി പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്‌ തലസ്ഥാനത്തെത്തിയ കുട്ടികൾക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ വാഗ്‌ദാനം യാഥാർഥ്യത്തിലേക്ക്‌. വിദ്യാലയം യുപി സ്‌കൂളായി ഉയർത്തുമെന്ന ഉറപ്പാണ്‌ യാഥാർഥ്യമാകുന്നത്‌. ഇരുപത്തേഴിനകം ഉത്തരവിറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇപ്പോൾ നടന്നുവരുന്ന ബ്രിഡ്ജ് സ്‌കൂളിന്റെ സൗകര്യം പ്രയോജനപ്പെടുത്തി ഈ അക്കാദമികവർഷം തന്നെ അഞ്ചാംക്ലാസ്‌ ആരംഭിക്കും. കെട്ടിട നിർമാണം വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top