08 May Wednesday
പ്രധാനപ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രം
 അനുമതി നൽകിയിട്ടില്ല

ഇടപ്പള്ളി മണ്ണുത്തി എൻഎച്ച്‌ നിര്‍മാണത്തിൽ 102.44 കോടിയുടെ ക്രമക്കേട്‌ ; സിബിഐ കുറ്റപത്രം സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022


കൊച്ചി
ദേശീയപാത അതോറിറ്റിയുടെ ഇടപ്പള്ളി–-മണ്ണുത്തി ദേശീയപാത നിർമാണത്തിൽ വൻക്രമക്കേട് നടന്നതായി സിബിഐ കുറ്റപത്രം. റോഡ്‌ ടാറിങ്, ബസ്‌ ബേ നിർമാണം, പാരലൽ റോഡ് നിർമാണം എന്നിവയിലുൾപ്പെടെ 102.44 കോടി രൂപയുടെ ക്രമക്കേട്‌ നടന്നതായാണ്‌ എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്‌.

ഹൈദരാബാദ് ആസ്ഥാനമായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡാണ്‌ (ജിഐപിഎൽ) കേസിൽ പ്രധാന കുറ്റക്കാർ. കമ്പനി ഡയറക്ടറാണ്‌ ഒന്നാംപ്രതി. റോഡ് നിർമാണസമയത്തെ ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ, ചീഫ് എൻജിനിയർ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും പ്രതികൾ. ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിട്ടില്ല. ഇവരൊഴികെ എൻഎച്ച്‌ പാലക്കാട് ഓഫീസില്‍ ജോലി ചെയ്തിരുന്ന എട്ട് പേരെയാണ് ഇപ്പോൾ പ്രതിചേര്‍ത്തിരിക്കുന്നത്.

ദേശീയപാതയുടെ ഇടപ്പള്ളിമുതൽ മണ്ണുത്തിവരെ റോഡ്‌ നിർമാണത്തിനും അറ്റകുറ്റപ്പണിക്കുമായി 2002ലാണ്‌ ടെൻഡർ വിളിച്ചത്‌. കെഎംസി കണ്‍സ്ട്രക്‌ഷന്‍ ലിമിറ്റഡും എസ്ആര്‍ഇഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് ലിമിറ്റഡും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യത്തിനാണ് കരാര്‍ ലഭിച്ചത്. ദേശീയപാത പരിപാലനത്തിന്‌ പ്രത്യേക ഉദ്ദേശ്യ കമ്പനിയായി (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) 2005ല്‍ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി. 2006–-2016 കാലയളവിലായിരുന്നു നിർമാണം. 2028 വരെയാണ്‌ പരിപാലന കാലാവധി നിശ്ചയിച്ചിരുന്നത്‌. എന്നാൽ, റോഡ് പെട്ടെന്ന് പൊട്ടിപ്പൊളിഞ്ഞത്‌ വിവാദമായി.

ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിയെയും ദേശീയപാത അതോറിറ്റിയെയും പ്രതികളാക്കി 2020 ജൂലൈ 28ന്‌ സിബിഐ എഫ്‌ഐആർ തയ്യാറാക്കി. 12 ബസ് ബേ നിർമിക്കണമെന്ന മാനദണ്ഡം ലംഘിച്ച്‌ മൂന്നെണ്ണംമാത്രമാണ്‌ നിർമിച്ചത്‌. 12 എണ്ണം നിർമിച്ചെന്ന്‌ വ്യാജരേഖ നൽകി. അനധികൃതമായി പരസ്യങ്ങൾ സ്ഥാപിച്ചു. ബസ്‌ ബേയിലെ സൗകര്യങ്ങൾ ചായക്കടയ്ക്കും മറ്റും അനധികൃതമായി നൽകി. 27 കിലോമീറ്റർ സർവീസ്‌ റോഡ്‌ 10 സെന്റീമീറ്റർ കനത്തിൽ നിർമിക്കേണ്ടിടത്ത്‌ 7.5 കനത്തിലാണ്‌ നിർമിച്ചത്‌. ഗതാഗത സംവിധാനങ്ങൾ ക്രമീകരിക്കുന്നതിലും സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നതിലും വീഴ്ച വരുത്തി. കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെയാണ് കമ്പനി ടോള്‍ പിരിവ് നടത്തുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top