29 March Friday

ഇടമലക്കുടിയില്‍ ആദ്യമായി നേത്ര പരിശോധനാ ക്യാമ്പ്; അമ്മമാരോട് വാക്ക് പാലിച്ച് മന്ത്രി വീണാ ജോര്‍ജ്

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

തിരുവനന്തപുരം > ഇക്കഴിഞ്ഞ മേയ് 25ന് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയപ്പോള്‍ അമ്മമാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൊസൈറ്റി കുടിയിലെ അഴകമ്മയാണ് കണ്ണുകാണുന്നില്ല എന്ന സങ്കടം പങ്കുവച്ചത്. മറ്റ് അമ്മമാരും മൂപ്പന്മാരും അവിടെയുള്ള പലര്‍ക്കും കണ്ണ് കാണുന്നില്ല എന്ന വിഷമവും മന്ത്രിയോട് പറഞ്ഞു. മറ്റുള്ള ഊരുകളില്‍ നിന്ന് സൊസൈറ്റിക്കുടി അരോഗ്യ കേന്ദ്രത്തിലേക്ക് ഇവരില്‍ പലരും വടി ഊന്നിയാണ് എത്തിയത്. ഇടമലക്കുടിയില്‍ നിന്ന് മടങ്ങുമ്പോള്‍ നേത്രപരിശോധനാ ക്യാമ്പ് നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

അങ്ങനെയാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇടമലക്കുടിയില്‍ ആദ്യമായി നേത്ര പരിശോധനാ ക്യാമ്പ് നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന ക്യാമ്പില്‍ 70 പേരാണ് എത്തിയത്. തിമിരമുള്‍പ്പെടെയുള്ള കാഴ്ചാ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ണട ആവശ്യമുള്ളവര്‍ക്ക് അത് നല്‍കും. സര്‍ജറി വേണ്ടവര്‍ക്ക് അത് ചെയ്യാനുള്ള സംവിധാനവും ഒരുക്കും.

സൗജന്യ നേത്രപരിശോധന ക്യാമ്പില്‍ അടിമാലി താലൂക് ആശുപത്രിയിലെ ഓഫ്താല്‍മോളജിസ്റ്റ് ആയ ഡോ. ഷൈബാക്ക് തോമസ്, ഇടമലക്കുടി മെഡിക്കല്‍ ഓഫീസര്‍ ഡോ സാഖില്‍ രവീന്ദ്രന്‍, മേഴ്സി തോമസ് ( ജില്ലാ ഒഫ്ത്താല്‍മിക് കോര്‍ഡിനേറ്റര്‍ ), ഒപ്റ്റോമെട്രിസ്റ്റിമാര്‍ ആയ ശില്പ സാറ ജോസഫ്, സുജിത്, സേതുലക്ഷ്‌മി, ജിമിന ജോസ് എന്നിവര്‍ പങ്കെടുത്തു. ഇടമലക്കുടിയിലെ ജീവനക്കാരായ സുനില്‍കുമാര്‍, മുഹമ്മദ്, വെങ്കിടെഷ്, ബേസില്‍ എന്നിവര്‍ ആവശ്യമായ പിന്തുണ നല്‍കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top