26 April Friday

എടക്കൽ ഗുഹ ; വിദഗ്‌ധ സമിതി റിപ്പോർട്ട്‌ സർക്കാരിന്‌ കൈമാറും

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

എടയ്‌ക്കൽ ഗുഹയിൽ ഡോ. എം ആർ രാഘവ വാര്യർ പരിശോധന നടത്തുന്നു

കൽപ്പറ്റ > എടയ്ക്കൽ ഗുഹയെക്കുറിച്ചുള്ള പഠനങ്ങളും നിഗമനങ്ങളും സംരക്ഷിക്കാനാവശ്യമായ പദ്ധതികളും സംബന്ധിച്ച്‌ വിശദമായ റിപ്പോർട്ട്‌ വിദഗ്‌ധ സംഘം സർക്കാരിന്‌ സമർപ്പിക്കും.  കഴിഞ്ഞ മൂന്ന്‌ ദിവസമായി സ്ഥിതി വിലയിരുത്തുന്നതിനായി  സെന്റർ ഫോർ ഹെറിറ്റേജ് സ്‌റ്റഡീസ് ഡയറക്ടർ ജനറൽ ഡോ. എം ആർ രാഘവവാരിയരുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘം ഗുഹയിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ്‌  സർക്കാരിന്‌ കൈമാറുക. 
 
പഠനത്തിലൂടെ കണ്ടെത്തിയ വിവരങ്ങളും നിഗമനങ്ങളുമെല്ലാം ഉൾപ്പെടുത്തി വിശദ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. അതിന്റെ അടി സ്ഥാനത്തിലാകും എടക്കൽ ഗുഹയുടെ ഇനിയുള്ള സംരക്ഷണം അടക്കമുള്ളവ തീരുമാനിക്കുക. കഴിഞ്ഞ പ്രളയകാലത്ത്‌ ഗുഹയിൽ ആഘാതങ്ങളുണ്ടാക്കിയതായും പഠനങ്ങൾ വേണമെന്നും ആവശ്യമുയർന്നിരുന്നു. തുടർന്നാണ് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഗുഹയുടെ നിലവിലെ അവസ്ഥ നേരിട്ട്‌   മനസ്സിലാക്കുന്നതിനും  എന്തെല്ലാം തുടർനടപടികൾ സ്വീകരിക്കണമെന്ന നിർദേശവും നൽകുന്നതിനാണ്‌  സംഘമെത്തിയത്.
 
എഴുത്തുകളും ചിത്രങ്ങളുമെല്ലാം പരിശോധനയ്‌ക്ക്‌ വിധേയമാക്കി. തുടർന്ന് എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തിമല, സമീപത്തെ പൊന്മുടിക്കോട്ട, ഫാന്റം റോക്ക്, ജില്ലയിലെ പഴയ ചരിത്ര വസ്തുക്കൾ സൂക്ഷിക്കുന്ന അമ്പലവയലിലെ മ്യൂസിയം എന്നിവിടങ്ങളിലും സന്ദർശനം  നടത്തിയിരുന്നു. എടക്കൽ ഗുഹയുടെ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ശിൽപ്പശാലയും വിദഗ്ധസമിതിയുടെ യോഗവും നടത്തി. രാഘവ വാര്യരുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ്‌ പരിശോധന നടത്തിയത്‌.  എടക്കൽ ഗുഹകളിലെയും തൊവരി മലകളിലെയും  ശിലാലിഖിതങ്ങൾ ശാസ്ത്രീയമായി സംരക്ഷിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് പ്രമുഖ എപ്പിഗ്രാഫിസ്റ്റ് കൂടിയായ  എം ആർ രാഘവവാരിയർ ആവശ്യപ്പെട്ടു.
 
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബത്തേരിയിൽ നടത്തിയ  ത്രിദിന ശിൽപ്പശാലയിലും അദ്ദേഹം പങ്കെടുത്തു.  എടയ്‌ക്കൽ ഗുഹയെക്കുറിച്ച്‌    പ്രബന്ധവും അദ്ദേഹം അവതരിപ്പിച്ചു.  എടക്കലിൽ പുതുതായി കണ്ടെത്തിയ പല ശിലാലിഖിതങ്ങൾക്കും ഹാരപ്പൻ നാഗരികതയുടെ  അടയാളങ്ങളും  രൂപങ്ങളുമായും അടുത്ത സാമ്യമുണ്ടെന്ന് ഡോ. വാരിയർ പറഞ്ഞു. ശിൽപ്പശാലയുടെ ഭാഗമായി  പൊൻമുടികോട്ട, ആയിരംകൊല്ലിയിലെ മെഗാലിത്തിക് പ്രദേശം, റോക്ക് ആർട്ട് സൈറ്റ്, അമ്പലവയലിനടുത്തുള്ള ഗോവിന്ദമൂല എന്നിവയും സംഘം  സന്ദർശിച്ചു.  ത്രിദിന ശിൽപ്പശാല ഞായറാഴ്‌ച സമാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top