28 March Thursday

പുരാവസ്തു തട്ടിപ്പ്: മോന്‍സണ്‍ മാവുങ്കലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022

തിരുവനന്തപുരം> പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിനെ കൊച്ചി ഇ ഡി ഓഫീസില്‍ എത്തിച്ചാണ് ചോദ്യം ചെയ്തത്. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. തിങ്കളാഴ്ച വീണ്ടും ജയിലിലെത്തി ചോദ്യം ചെയ്യും.

തട്ടിപ്പിനിരയായ പരാതിക്കാരില്‍ നിന്നും കഴിഞ്ഞ ദിവസം ഇ ഡി വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ചോദ്യം ചെയ്യല്‍. പുരാവസ്തു വില്‍പനയുടെ മറവില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇ ഡി യുടെ നിഗമനം. പത്ത് കോടി രൂപയുടെ പുരാവസ്തു വില്‍പനയാണ് മോന്‍സണ്‍ മാവുങ്കല്‍ നടത്തിയത്. കള്ളപ്പണം വെളുപ്പിക്കലും ഇടപാടിന്റെ ഭാഗമായി നടന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന മൊഴികള്‍ പരാതിക്കാരില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

 ഇടപാടില്‍ ഇടനിലക്കാരായിരുന്ന ചിലരെ കൂടി വരും ദിവസങ്ങളില്‍ ഇ ഡി ചോദ്യം ചെയ്‌തേക്കും.ഇതിനിടെ മോന്‍സണ്‍ മാവുങ്കലിന്റെ സുഹൃത്ത് അനിതാ പുല്ലയിലിനെ പോക്‌സോ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. മോന്‍സണ്‍ പ്രതിയായ പോക്‌സോ കേസ് അന്വേഷണത്തിന്റെ ഭാഗമായായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ പരാതിക്കാരിയായ ഇരയുടെ പേര് അനിതാ പുല്ലയില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ  വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസ് എടുത്തു. മനപൂര്‍വ്വമല്ലെന്നും പരാതിയെക്കുറിച്ച് അറിയാതിരുന്നതിനാലാണ് പെണ്‍കുട്ടിയുടെ പേര് പറഞ്ഞത് എന്നാണ് അവര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്. എന്നാല്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top