19 April Friday

കിഫ്‌ബി വിരുദ്ധ വാർത്ത : പിന്നിൽ ഇഡി ; വെളിപ്പെടുന്നത് വന്‍ ​ഗൂഢാലോചന

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020


തിരുവനന്തപുരം
കേരളത്തിന്റെ വികസന മുന്നേറ്റങ്ങളെ തകർക്കാനുള്ള എൻഫോഴ്സ്‌‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കം പുറത്ത്‌. കിഫ്ബിക്കെതിരെ അന്വേഷണം തുടങ്ങിയെന്ന്‌ കാട്ടി  ഇഡി ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക്‌ നൽകിയ വാട്‌സാപ്‌ സന്ദേശം ധനമന്ത്രി ടി എം തോമസ്‌ ഐസക്കാണ്‌‌ പുറത്തുവിട്ടത്‌. “ഇഡിയുടെ റഡാറിൽ കിഫ്ബി മസാലാബോണ്ടും” എന്നിങ്ങനെ വാര്‍ത്തയുടെ തലക്കെട്ട് വരെ ഇഡി സന്ദേശത്തിലൂടെ നിര്‍ദേശിക്കുന്നുണ്ട്. കിഫ്ബിയെ കുറിച്ച് റിസർവ് ബാങ്കിൽനിന്ന് ഇഡി വിവരങ്ങൾ തേടിയെന്ന്‌ ഞായറാഴ്‌ച വാർത്ത വന്നിരുന്നു. സിഎജിയും ഇഡിയും കേരളത്തിനെതിരായി നടത്തുന്ന ഗൂഢാലോചനയ്‌ക്ക്‌ തെളിവാണിതെന്ന്‌ മന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു.

ഇഡിയുടെ നീക്കം സംസ്ഥാനത്തിന്റെ അധികാരത്തിനുമേലുള്ള കുതിര കയറ്റവും നിയമസഭയോടുള്ള അവഹേളനവുമാണ്‌. ഇതേക്കുറിച്ച്‌  പ്രതിപക്ഷ നേതാവ്‌ അഭിപ്രായം പറയണം. ഏത് യജമാനന്റെ നിർദേശമനുസരിച്ചായാലും ഇഡിയുടെ ഈ ഭീഷണിക്കൊന്നും കേരളം വഴങ്ങില്ല. റഡാറുംകൊണ്ട് കിഫ്ബിക്കു ചുറ്റും കറങ്ങുന്ന ഇഡി ഉദ്യോഗസ്ഥർക്കു കാലു കുഴയുമെന്നല്ലാതെ ഈ കോപ്രായങ്ങള്‍ കണ്ട് ഇവിടെയാരും ഭയക്കില്ല. ഇഡിയെന്നു കേൾക്കുമ്പോൾ മുട്ടുവിറച്ച് സംഘപരിവാറിന്റെ ദയയ്ക്ക് യാചിക്കാനിറങ്ങുന്നവരെ ഇന്ത്യയിൽ മറ്റെവിടെയെങ്കിലും കണ്ടേക്കാം. ഈ നാട്ടിലത് പ്രതീക്ഷിക്കരുതെന്നും ഐസ‌ക്‌ പറഞ്ഞു.

സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളെടുക്കാനുള്ള അധികാരം നിയമസഭയിലെയും പാർലമെന്റിലെയും പബ്ലിക് അക്കൗണ്ട്‌സ്‌ കമ്മിറ്റിക്കുമാത്രമാണ്. ആ അധികാരമാണ് കൊച്ചി എൻഫോഴ്സ്‌‌മെന്റ്‌ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ കൈയാളാൻ ശ്രമിക്കുന്നത്. സിഎജി പരാമർശങ്ങളെക്കുറിച്ചുള്ള പത്രവാർത്തകളുടെ അടിസ്ഥാനത്തിലൊന്നും കേസെടുക്കാനും അന്വേഷണം നടത്താനും എൻഫോഴ്സ്‌‌മെന്റ്‌ ഡയറക്ടറേറ്റിന് അധികാരമില്ല. അത്തരം ശ്രമം നിയമസഭയോടുള്ള അവഹേളനമാണ്. സഭയുടെ അവകാശലംഘനമാണ്. ഈ ഏജൻസികളുടെ കൂട്ടത്തിൽ സിഎജിയും ഉണ്ട്. കരട് റിപ്പോർട്ടിൽ ഇല്ലാത്ത പരാമർശങ്ങൾ അന്തിമ റിപ്പോർട്ടിൽ എഴുതിച്ചേർത്തത് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗംതന്നെയാണ് എന്ന് ഇഡിയുടെ ഇടപെടൽ തെളിയിക്കുന്നു.

നിയമസഭ പാസാക്കിയ നിയമത്തോടും റിസർവ് ബാങ്കിന്റെ അധികാരത്തോടുമുള്ള ഈ വെല്ലുവിളിക്കെതിരെ ശബ്ദിക്കാൻ പ്രതിപക്ഷത്തിന് നട്ടെല്ലുണ്ടോ? അതോ ബിജെപി സംവിധാനം ചെയ്യുന്ന ഈ തിരക്കഥയിൽ നിങ്ങളുടെ റോളും പറഞ്ഞുറപ്പിച്ചിട്ടുണ്ടോ? അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അലറിവിളിക്കുകയും പ്രസക്തമായ വിഷയങ്ങളിൽ മൗനം പാലിക്കുകയും ചെയ്യുന്നത് ആ തിരക്കഥ പ്രകാരമാണോ? എങ്കിൽ, എന്താണതിന് പ്രതിഫലം? ഈ മൗനത്തിന് സംഘപരിവാറിൽനിന്ന് എന്തുകിട്ടി–- മന്ത്രി ഐസക്‌ ചോദിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top