29 March Friday
ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന കാര്യം‌ കൊച്ചി യൂണിറ്റിന്‌ അറിയില്ല

ഇഡിയിൽ തിരക്കഥ റെഡി ; രാഷ്‌ട്രീയ ആയുധമാക്കുകയാണെന്ന്‌ കൊച്ചി യൂണിറ്റ്‌ ; എതിരാളികളുടെ പ്രതിച്ഛായ തകർക്കാൻ അഡീ. സോളിസിറ്റർ ജനറൽ നിർദേശം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

കൊച്ചി
നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത്‌ വെറും കസ്‌റ്റംസ്‌ കേസ്‌ മാത്രമാണെന്നും അതിൽ തീവ്രവാദവും സർക്കാർ ഇടപെടലും ആരോപിച്ച്‌ ഡയറക്‌ടറേറ്റ്‌ ഓഫ്‌ എൻഫോഴ്‌സ്‌മെന്റിനെ രാഷ്‌ട്രീയ ആയുധമാക്കുകയാണെന്നും ഇഡിയുടെ കൊച്ചി യൂണിറ്റ്‌. മന്ത്രി കെ ടി ജലീലിനെ വിളിപ്പിച്ചതുപോലെ സംസ്ഥാന സർക്കാരുമായി ബന്ധമുള്ള പല ഉന്നതരെയും ഇഡിയിൽ വിളിച്ചുവരുത്താനുള്ള തിരക്കഥ മുകളിൽ തയ്യാറാകുന്നുണ്ട്‌. സ്വർണക്കടത്ത്‌ കേസിന്റെ മേൽനോട്ടം വഹിക്കുന്ന അഡീഷണൽ സോളിസിറ്റർ ജനറലാണ്‌ ഇത്തരം രാഷ്‌ട്രീയനീക്കങ്ങൾക്ക്‌ സാഹചര്യം ഒരുക്കുന്നതെന്നും പേര് വെളിപ്പെടുത്തരുതെന്ന്‌ അഭ്യർഥിച്ച കൊച്ചി യൂണിറ്റിലെ ഇഡി ഉദ്യോഗസ്ഥൻ പറഞ്ഞു.

മന്ത്രി കെ ടി ജലീലിനെതിരെ കഴമ്പില്ലാത്ത ആരോപണങ്ങളാണ്‌ ഉയർന്നത്‌. മുകളിൽനിന്നുള്ള നിർദേശപ്രകാരം ഇഡി മൊഴിയെടുത്തു. പ്രത്യേകിച്ച്‌ ഒരു വിവരവും കിട്ടിയില്ല. ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന വാർത്തയെക്കുറിച്ച്‌ കൊച്ചി യൂണിറ്റിന്‌ അറിയില്ല. സ്വർണക്കടത്ത്‌ കേസിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന നാടകങ്ങൾ എന്താണെന്ന്‌ കൊച്ചി യൂണിറ്റിന്‌ അറിയാം. പക്ഷേ, നിസ്സഹായരാണ്‌. കേസിന്റെ തുടക്കത്തിൽത്തന്നെ പുതിയ അഭിഭാഷകനെ നിയോഗിച്ചിരുന്നു.

അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ചാർജ്‌ ഷീറ്റ്‌ കൊടുക്കുമ്പോൾ ആരെയൊക്കെ ചോദ്യം ചെയ്യണമെന്ന്‌ അഭിഭാഷകൻ ചൂണ്ടിക്കാട്ടാറുണ്ട്‌. ഇവിടെ അതുണ്ടാകുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട്‌ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ചോദ്യം ചെയ്യേണ്ട പലരെയും ഇഡി ചോദ്യം ചെയ്‌തിട്ടില്ല. കസ്‌റ്റംസ്‌ ചോദ്യം ചെയ്‌ത അനിൽ നമ്പ്യാർ ഇഡിയുടെ പട്ടികയിൽ വരാത്തത്‌ രാഷ്‌ട്രീയ പക്ഷപാതിത്വം കൊണ്ടുമാത്രമാണ്‌. എന്നാൽ, ഈ കേസുമായി പുലബന്ധംപോലുമില്ലാത്ത ചിലരെ രാഷ്‌ട്രീയനേട്ടത്തിനായി ചോദ്യം ചെയ്യാനുള്ള നീക്കം നടക്കുന്നു. എതിരാളികളുടെ പ്രതിച്ഛായ തകർക്കൽ മാത്രമാണ്‌ ഉദ്ദേശ്യം. രാഷ്‌ട്രീയനേതൃത്വത്തിന്റെ ആവശ്യപ്രകാരം അഡീഷണൽ സോളിസിറ്റർ ജനറലാണ്‌ അതിനുള്ള സാഹചര്യം ഒരുക്കുന്നത്‌. അദ്ദേഹത്തിന്റെ രാഷ്‌ട്രീയപക്ഷം എല്ലാവർക്കും അറിയാവുന്നതാണ്‌.

സ്വർണക്കടത്ത്‌ കേസിൽ തുടക്കംമുതൽ വലിയ രാഷ്‌ട്രീയ ഇടപെടലുണ്ട്‌. കസ്‌റ്റംസ്‌ നിയമത്തിലെ 135–-ാംവകുപ്പുപ്രകാരമുള്ള കേസും അനധികൃത സ്വത്തുസമ്പാദനത്തിനും കള്ളപ്പണം വെളുപ്പിക്കലിനുമെതിരായ എൻഫോഴ്‌സ്‌ കേസുമാണ്‌ നിലനിൽക്കുക. എൻഐഎ അന്വേഷണം പാതിവഴിയിലാണ്‌‌.  അതേസമയം, മറ്റു രണ്ട്‌ ഏജൻസികളിലും ഇടപെട്ട്‌ അന്വേഷണം വഴിതെറ്റിക്കാനുള്ള നിരന്തരശ്രമം തുടരുകയും ചെയ്യുന്നു–- ഇഡി ഉദ്യോഗസ്ഥൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top