കൊച്ചി
എ സി മൊയ്‌തീൻ എംഎൽഎക്കെതിരെ മൊഴി നൽകാത്തതിന് ഇഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സെൻട്രൽ സിഐ അനീഷ് ജോയി ബുധനാഴ്‌ച കൊച്ചി ഇഡി ഓഫീസിലെത്തിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്.
കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് അരവിന്ദാക്ഷനെ എട്ടുമുതൽ 15 വരെ പലദിവസങ്ങളിലായി ഇഡി ചോദ്യം ചെയ്തിരുന്നു. ഇഡി ഓഫീസിൽ ഹാജരാകണമെന്ന് ആറിനാണ് അറിയിച്ചത്. ചോദ്യംചെയ്യാൻ വിളിപ്പിച്ചശേഷം 12ന് ഇഡി ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് പരാതി. എ സി മൊയ്‌തീനെതിരെ മൊഴി നൽകാൻ ഉത്തരേന്ത്യക്കാരായ ഇഡി ഉദ്യോഗസ്ഥരടക്കം നിർബന്ധിച്ചു.
സമ്മതിക്കാത്തതിനെ തുടർന്ന് കഴുത്തിനുപിന്നിൽ ഇടിക്കുകയും മുളവടികൊണ്ട് കൈയിൽ അടിക്കുകയും ചെയ്‌തു. മൊഴി നൽകിയില്ലെങ്കിൽ പുറംലോകം കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ചോദ്യംചെയ്യലിനുശേഷം മടങ്ങിയ അരവിന്ദാക്ഷൻ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പൊലീസ് തീരുമാനമെടുക്കുക. കേന്ദ്ര ഏജൻസിയുമായി ബന്ധപ്പെട്ട കേസായതിനാൽ നിയമോപദേശം തേടുമെന്നും സൂചനയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..