16 April Tuesday

പരിസ്ഥിതിലോല മേഖല ; എൽഡിഎഫ്‌ സർക്കാർ പറഞ്ഞു ‘ജനവാസമേഖല ഒഴിവാക്കണം’

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022


തിരുവനന്തപുരം
സംസ്ഥാന സർക്കാർ 2020ൽ കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രാലയത്തിന്‌ സമർപ്പിച്ച ഭേദഗതി നിർദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ ‘ജനവാസ പ്രദേശങ്ങളെ ഒഴിവാക്കി’ പരിസ്ഥിതിലോല മേഖല നിശ്ചയിക്കണമെന്ന്‌. 2020 സെപ്‌തംബർ 28ന്‌ വനംമന്ത്രി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്‌.

സംസ്ഥാന താൽപ്പര്യം സംരക്ഷിക്കുന്നതായിരുന്നു യോഗതീരുമാനം. യോഗ നടപടിക്രമങ്ങളുടെ കുറിപ്പിൽ പറയുന്നു: ‘ദേശീയോദ്യാന, വന്യജീവി സങ്കേതങ്ങൾ, സംരക്ഷിത പ്രദേശങ്ങളുടെ ചുറ്റും പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെയുള്ള ജനവാസമേഖലകളെ ഇക്കോ സെൻസിറ്റീവ്‌ പരിധിയിൽനിന്ന്‌ ഒഴിവാക്കണമെന്ന പൊതുജനാഭിപ്രായം മാനിച്ച്‌ യോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്‌തു. 23 ദേശീയോദ്യാന, വന്യജീവി സങ്കേതങ്ങളുടെ ചുറ്റുമുള്ള പൂജ്യംമുതൽ ഒരു കിലോമീറ്റർ ദൂരത്തിൽ ഇക്കോസെൻസിറ്റീവ്‌ സോണായി പ്രഖ്യാപിക്കുമ്പോൾ പ്രസ്‌തുത പ്രദേശത്ത്‌ വരുന്ന ജനസാന്ദ്രത കൂടിയ മേഖലകൾ, സർക്കാർ, അർധസർക്കാർ, പൊതുസ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങൾ ഒഴിവാക്കണം. ഇതിനായി പ്രസ്‌തുത പ്രദേശങ്ങളുടെ പുതുക്കിയ ഭൂപടത്തോടുകൂടിയ കരട്‌ ഭേദഗതി നിർദേശം കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയ്‌ക്ക്‌ അയച്ചുകൊടുക്കുന്നതിനായി 2020 സെപ്‌തംബർ 30ന്‌ മുമ്പായി സർക്കാരിന്‌ സമർപ്പിക്കാൻ പ്രിൻസിപ്പൽ ചീഫ്‌ കൺസർവേറ്റർ ഓഫ്‌ ഫോറസ്‌റ്റ്‌, ഹെഡ്‌ ഓഫ്‌ ഫോറസ്‌റ്റ്‌ ഫോഴ്‌സ്‌, പ്രിൻസിപ്പൽ ചീഫ്‌ ഫോറസ്‌റ്റ്‌ കൺസർവേറ്റർ (വൈൽഡ്‌ലൈഫ്‌), ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡൻ എന്നിവരെ യോഗം ചുമതലപ്പെടുത്തി’.

2019ലെ ഉത്തരവ്‌ 
ദുരന്തപശ്ചാത്തലത്തിൽ
തുടർച്ചയായ പ്രളയവും മറ്റു പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലത്തിലാണ്‌ 2019ൽ ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കാൻ ഉത്തരവിട്ടത്‌. സാഹചര്യം കൃത്യമായി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു:  ‘കേരളത്തിൽ ജീവൻ നഷ്ടപ്പെടുന്നതുൾപ്പെടെയുള്ള ഗുരുതരമായ പാരിസ്ഥിതിക ദുരന്തങ്ങൾ ഉണ്ടാകുന്നത്‌ കണക്കിലെടുത്ത്‌ സംരക്ഷിത പ്രദേശങ്ങളോട്‌ ചേർന്ന്‌ കിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങൾ ഉൾപ്പെടെ സംരക്ഷിത പ്രദേശങ്ങൾക്ക്‌ ചുറ്റുമുള്ള പൂജ്യംമുതൽ ഒരു കിലോമീറ്റർവരെ ഇക്കോ സെൻസിറ്റീവ്‌ സോണായി തത്വത്തിൽ നിശ്ചയിച്ചുകൊണ്ട്‌ കരട്‌ വിജ്ഞാപന നിർദേശങ്ങൾ തയ്യാറാക്കുന്നതിന്‌ അംഗീകാരം നൽകി ഉത്തരവാകുന്നു’–- എന്നാൽ, തൊട്ടടുത്ത വർഷംതന്നെ ജനവാസമേഖലകളെ ഒഴിവാക്കണമെന്ന പൊതുജനാഭിപ്രായം സർക്കാർ പരിഗണിച്ചു.

കേന്ദ്രത്തിന്‌ സംസ്ഥാനം കത്തയച്ചു
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിനെതിരെ ജനവാസമേഖലകളെ ഒഴിവാക്കുന്നവിധം കേന്ദ്രസർക്കാർ നിയമനടപടി  സ്വീകരിക്കണമെന്നും ഇതിനാവശ്യമായ നിയമനിർമാണം നടത്തണമെന്നും വനം- മന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക്‌ അയച്ച കത്തിലാണ് ഈ ആവശ്യമുന്നയിച്ചത്‌.
കേന്ദ്ര മന്ത്രിയെ കണ്ട് കേരള സർക്കാരിന്റെ ആക്ഷേപകളും നിർദേശങ്ങളും അറിയിക്കാനും ജനസാന്ദ്രതയും മറ്റു പ്രത്യേക സാഹചര്യങ്ങളും ബോധ്യപ്പെടുത്താനും അനുവാദം ചോദിച്ചിരുന്നു. എന്നാൽ, ഇതുവരെ അനുവാദം ലഭിച്ചില്ല.

കേരളത്തിന്റെ  വിസ്തൃതിതന്നെ വളരെ കുറവാണ്. അതിൽത്തന്നെ 29 ശതമാനത്തിലധികം വനമാണ്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് വന്യജീവി സങ്കേതങ്ങളെയും ദേശീയ ഉദ്യാനങ്ങളെയും സുപ്രീംകോടതിയുടെ ഉത്തരവിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കണം. വിഷയത്തിൽ വ്യക്തമായ വ്യവസ്ഥയടങ്ങുന്ന നിയമനിർമാണം നടത്തണം.   ഓരോ സംസ്ഥാനത്തിനും സാഹചര്യങ്ങൾ പരിഗണിച്ച് മേഖല തീരുമാനിക്കണം. കേരളത്തിന്റെ പൊതുതാൽപ്പര്യം പരിഗണിച്ച് ജനവാസമേഖല ഒഴിവാക്കി സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദേശങ്ങൾക്ക് അംഗീകാരം ലഭ്യമാക്കുന്നതിന്‌ നടപടി കൈക്കൊള്ളണമെന്നും  ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ 
നേതൃത്വത്തിൽ യോഗം
സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതിലോല മേഖല വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു. വ്യാഴം വൈകിട്ട്‌ നാലിന്‌ ഓൺലൈനായാണ്‌ യോഗം ചേരുന്നത്‌. വനംമന്ത്രി എ കെ ശശീന്ദ്രൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

യുഡിഎഫ് സർക്കാർ 
ആവശ്യപ്പെട്ടത്‌ 12 കിലോമീറ്റർ
യുഡിഎഫ്‌ ഭരിക്കുമ്പോൾ പരിസ്ഥിതിലോല മേഖല തീരുമാനിച്ചത്‌ 12 കിലോമീറ്ററിൽ. വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്‌ക്കു ചുറ്റും 12 കിലോമീറ്റർവരെ പരിസ്ഥിതിലോല മേഖലയാക്കാമെന്ന്‌ 2011–-16ലെ ഉമ്മൻചാണ്ടി സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട്‌ നിർദേശിച്ചു.

പതിനാറ്‌ കേന്ദ്രങ്ങൾ നിർദേശിച്ചതിൽ ചൂലന്നൂർ മയിൽ സങ്കേതം, സൈലന്റ്‌ വാലി ദേശീയോദ്യാനം, ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾ അംഗീകരിച്ചു. ശേഷിച്ചത്‌ ശരിയായ ഭൂപടത്തിന്റെ അഭാവത്തിൽ തിരസ്‌കരിക്കുകയായിരുന്നു. നാലെണ്ണത്തിൽ അന്തിമ വിജ്ഞാപനം ഇറക്കാനുള്ള നടപടിയും തുടങ്ങി. എന്നാൽ, എൽഡിഎഫ്‌ അധികാരത്തിൽ എത്തിയതോടെ അതിൽനിന്ന്‌ പിന്മാറി.

2020 സെപ്തംബർ 28ന് വനംമന്ത്രി കെ രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗ നടപടിക്രമങ്ങളുടെ കുറിപ്പ്

2020 സെപ്തംബർ 28ന് വനംമന്ത്രി കെ രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗ നടപടിക്രമങ്ങളുടെ കുറിപ്പ്

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top