27 April Saturday

പരിസ്ഥിതിലോല മേഖല: യുഡിഎഫ്‌ തീരുമാനിച്ചത്‌ 12 കിലോമീറ്ററാക്കാൻ ; മന്ത്രിസഭാ യോഗ നടപടിക്കുറിപ്പ്‌ പുറത്ത്‌

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Wednesday Jun 29, 2022

യുഡിഎഫ് സർക്കാർ പരിസ്ഥിതിലോല മേഖല 12 കിലോമീറ്റർ ആക്കാൻ തീരുമാനിച്ച മന്ത്രിസഭാ യോഗ നടപടിക്കുറിപ്പ്


തിരുവനന്തപുരം
പരിസ്ഥിതിലോല മേഖല 12 കിലോമീറ്റർവരെ ആക്കാൻ മുൻ യുഡിഎഫ്‌ സർക്കാർ തീരുമാനിച്ചതിന്‌ തെളിവായി മന്ത്രിസഭാ യോഗ നടപടിക്കുറിപ്പ്‌. 2013 മെയ്‌ എട്ടിലെ മന്ത്രിസഭയോഗ നടപടിക്കുറിപ്പാണ് ഇത്‌. സംരക്ഷിതമേഖലകൾക്കു ചുറ്റും പൂജ്യംമുതൽ 12 കിലോമീറ്റർവരെ പരിസ്ഥിതിലോല മേഖലയായി വിജ്ഞാപനം ചെയ്യാനായിരുന്നു തീരുമാനിച്ചത്‌. അതിനിടെയാണ്‌ എൽഡിഎഫ്‌ സർക്കാരിൽ പഴിചാരി രാഷ്ട്രീയമുതലെടുപ്പിനുള്ള യുഡിഎഫിന്റെ ഹീനനീക്കം.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിളിച്ച വാർത്താസമ്മേളനത്തിൽ ചൊവ്വാഴ്‌ച ഈ മന്ത്രിസഭാ യോഗത്തെക്കുറിച്ച്‌ അദ്ദേഹത്തിൽനിന്നുതന്നെ പരാമർശമുണ്ടായി.  എന്നാൽ, 12 കിലോമീറ്ററാക്കാൻ തീരുമാനിച്ചെന്നത്‌ മറച്ചുവച്ചു. ദൂരപരിധിയെക്കുറിച്ച്‌ ചോദിച്ചപ്പോൾ ഒരുപടികൂടികടന്ന്‌ പൂജ്യമായാണ്‌ നിശ്ചയിച്ചതെന്ന്‌ പച്ചക്കള്ളവും പറഞ്ഞു. എന്നാൽ, ഉമ്മൻചാണ്ടിയുടെയും യുഡിഎഫ്‌ നേതൃത്വത്തിന്റെയും നുണകൾ പൊളിക്കുന്നതാണ്‌ മന്ത്രിസഭാ യോഗ നടപടിക്കുറിപ്പ്‌.

പന്ത്രണ്ട്‌ കിലോമീറ്ററാക്കാൻ തീരുമാനിക്കുക മാത്രമല്ല, ഇതനുസരിച്ച്‌ 16 നിർദേശം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‌ യുഡിഎഫ്‌ സർക്കാർ സമർപ്പിക്കുകയും ചെയ്‌തു. ഇതിൽ നാലെണ്ണം മന്ത്രാലയം അംഗീകരിച്ചു. അന്തിമ വിജ്ഞാപന നടപടികളിലേക്കും കടന്നു. തുടർന്ന്‌ അധികാരമേറ്റ എൽഡിഎഫ്‌ സർക്കാർ ജനവാസമേഖലകളെ പൂർണമായി ഒഴിവാക്കി  ഭേദഗതിനിർദേശങ്ങൾ സമർപ്പിച്ചു.  ഇത്‌ അംഗീകരിക്കാനിരിക്കെയാണ്‌ സുപ്രീംകോടതിയുടെ വിധി. 12 കിലോമീറ്ററാക്കാൻ തീരുമാനിച്ച യുഡിഎഫാണ്‌ ഒരു കിലോമീറ്ററാക്കാൻ എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചെന്ന്‌ ആരോപിച്ച്‌ രാഷ്ട്രീയമുതലെടുപ്പിന്‌ കോപ്പുകൂട്ടുന്നത്‌.

റവന്യു ഭൂമിയും ഉൾപ്പെടുത്താൻ 
തീരുമാനിച്ചു
യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ടി എൻ പ്രതാപൻ എംഎൽഎ അധ്യക്ഷനായ സബ്‌കമ്മിറ്റി റവന്യു ഭൂമിയും പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. 2013 ഫെബ്രുവരി രണ്ടിനു ചേർന്ന യോഗത്തിലാണ്‌ വയനാട്ടിലെ റവന്യു ഭൂമി ഉൾപ്പെടെ പരിസ്ഥിതിലോല മേഖലയിൽ ഉൾക്കൊള്ളിക്കാൻ തീരുമാനമെടുത്തത്‌. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു യുഡിഎഫ്‌ സർക്കാർ  റവന്യു ഭൂമി ഉൾപ്പെടെ 12 കിലോമീറ്റർ വരെ പരിസ്ഥിതിലോല മേഖലയാക്കാൻ നിശ്ചയിച്ചത്‌. എംഎൽഎയായിരുന്ന വി ഡി സതീശൻ ചെയർമാനായുള്ള ഉപസമിതി യോഗവും ഇതിനെ അനുകൂലിച്ചു. പെരിയാർ ടൈഗർ റിസർവിന്‌ ചുറ്റും പാരിസ്ഥിതിലോല മേഖല നിർണയിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ സതീശന്റെ അധ്യക്ഷതയിൽ യോഗം ചേർന്നത്‌. ‘വൻതോതിലുള്ള വികസന പ്രവർത്തനങ്ങൾ പെരിയാറിന്റെ ടൂറിസം സാധ്യതകളെ പിന്നോട്ടടിപ്പിക്കുമെന്നും ഊട്ടിയിലെ ടൂറിസത്തിനുണ്ടായ വൻ തിരിച്ചടി നമുക്ക്‌ പാഠമാകണമെന്നും ഇപ്പോഴത്തെ രീതി തുടർന്നാൽ പെരിയാറിനും ഇതുതന്നെ സംഭവിക്കുമെന്നും അധ്യക്ഷൻ ആശങ്കപ്പെട്ടു’ എന്ന്‌ യോഗനടപടി കുറിപ്പിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top