19 April Friday

സ്വർണ നികുതി 
വെട്ടിച്ചാൽ കുടുങ്ങും , ഇ വേ ബിൽ 
കർശനമാക്കും ; കർശന നടപടിയുമായി സർക്കാർ

ജി രാജേഷ്‌ കുമാർUpdated: Saturday Jan 28, 2023


തിരുവനന്തപുരം
സ്വർണനികുതി വെട്ടിപ്പിനെതിരെ കർശന നടപടിയുമായി സർക്കാർ. കേരളത്തിൽ വർഷത്തിൽ ഒന്നരലക്ഷം കോടി രൂപയുടെ സ്വർണവ്യാപാരമാണ്‌ നടക്കുന്നത്‌. യഥാർഥ കണക്ക്‌ ഇതിലും കൂടുതലാണെന്നാണ്‌ വിലയിരുത്തൽ. മൂന്ന്‌ ശതമാനമാണ്‌ സ്വർണത്തിന്റെ ജിഎസ്‌ടി. ഒന്നരലക്ഷം കോടിയുടെ വിറ്റുവരവായാൽപ്പോലും വർഷം 4500 കോടി രൂപ ജിഎസ്‌ടി ലഭിക്കണം. ഇതിൽ സംസ്ഥാനത്തിന്‌ ലഭിക്കേണ്ടത്‌ കുറഞ്ഞത്‌ 2250 കോടിയും. 2021–-22ൽ 344 കോടി രൂപ മാത്രമാണ്‌ ജിഎസ്‌ടി വരുമാനമായി സംസ്ഥാനത്തിന്‌ ലഭിച്ചത്‌. ഈ വർഷത്തെ സ്ഥിതിയിലും വ്യത്യാസമില്ല.
ഇതിനുപുറമെ പഴയ സ്വർണത്തിന്റെ കൈമാറ്റം എന്നപേരിലും വൻ കച്ചവടം നടക്കുന്നുണ്ട്‌. വ്യാപാരികളിൽ ചിലർ സ്വർണം വാങ്ങുന്നവരിൽനിന്ന്‌ നികുതി ഈടാക്കിയ ശേഷം ഇത്‌ സ്വന്തമാക്കുന്നതായും റിപ്പോർട്ടുണ്ട്‌. ഇതിനെതിരെയെല്ലാം കർശന നടപടിയിലേക്ക്‌ നീങ്ങുകയാണ്‌ സർക്കാർ.

ഇ വേ ബിൽ 
കർശനമാക്കും
സ്വർണനികുതി വെട്ടിപ്പ്‌ തടയാൻ സംസ്ഥാനത്തിനകത്ത്‌ ഇ–-വേ ബിൽ കർശനമാക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. രേഖയില്ലാത്ത സ്വർണം കണ്ടെത്തിയാൽ പിടിച്ചെടുക്കും. പുനഃസംഘടനയോടെ ജിഎസ്‌ടി വകുപ്പ്‌ ശക്തമായിട്ടുണ്ട്‌. സ്വർണമേഖലയിൽ ഓഡിറ്റ്‌ ഉൾപ്പെടെ പല ശാസ്‌ത്രീയ മാർഗവും സജ്ജമാക്കും. പതിനായിരം രൂപയിൽ അധികം കച്ചവടമുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും സാധാരണ നിലയിൽ ജിഎസ്‌ടി കണക്ക്‌ പരിധിയിൽ വരുന്നതാണ്‌. രജിസ്‌റ്റർ ചെയ്യപ്പെടാത്ത ധാരാളം സ്ഥാപനങ്ങളുണ്ട്‌. ചെറിയ കടയാണെന്ന പരിഗണന ഇനി ഉണ്ടാകില്ല. പിരിക്കുന്ന നികുതി സർക്കാരിന്‌ കൈമാറേണ്ടത്‌ കച്ചവടക്കാരുടെ ബാധ്യതയാണ്‌. അത്‌ കൃത്യമായി നിർവഹിക്കാത്തവർക്കെതിരെ കർശന നിലപാട്‌ തുടരും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top