19 April Friday

പോപ്പുലര്‍ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും പിന്തുണ തേടിയത്‌ കോണ്‍​ഗ്രസ്: ഇ പി

സ്വന്തം ലേഖകൻUpdated: Monday Sep 26, 2022
ശ്രീകൃഷ്‌ണപുരം > പോപ്പുലർ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്‍ലാമിയുടെയും ആർഎസ്എസിന്റെയും പിന്തുണ തേടിയത്‌ കോൺ​ഗ്രസാണെന്ന് കിസാൻസഭ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഇ പി ജയരാജൻ. കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോ​ഗം കെ വി വിജയദാസ് ന​ഗറിൽ (കടമ്പഴിപ്പുറം ബസ് സ്റ്റാൻഡ്‌) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താൽക്കാലിക ലാഭത്തിനുവേണ്ടി വർ​ഗീയ ശക്തികളെ കൂട്ടുപിടിച്ചവരാണ് കോൺ​ഗ്രസ്. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ ഇത്തരം വർ​ഗീയ ശക്തികളുടെ പിന്തുണയോടെയാണ് കോൺ​ഗ്രസ് വിജയിച്ചത്. ഇതിന്റെയെല്ലാം ബാക്കിയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ കണ്ടത്.
 
തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ​ഹർത്താൽ എന്ന പേരിൽ സംസ്ഥാനത്ത് അക്രമം നടത്തി. ഇതേ രീതിതന്നെയാണ് ആർഎസ്എസിനുമുള്ളത്. വർ​ഗീയ ധ്രുവീകരണത്തിലൂടെയാണ് ബിജെപി അധികാരം പിടിച്ചത്. ​ഗുജറാത്ത് കലാപത്തിനുശേഷമാണ് സംസ്ഥാന ഭരണം ബിജെപി പിടിച്ചെടുത്തത്. ഇത്തരത്തിൽ രാജ്യത്തെ വർഗീയമായി വേർതിരിച്ച് അധികാരം ഉറപ്പിക്കാനാണ് ഇപ്പോൾ ബിജെപി ശ്രമിക്കുന്നത്. മൃദുഹിന്ദുത്വ നടപടികളിലൂടെ ഇതിന് കോൺ​ഗ്രസും കൂട്ടുനിൽക്കുന്നു. വർ​ഗീയതയെ പ്രതിരോധിക്കാൻ മതനിരപേക്ഷതയ്ക്ക് മാത്രമേ കഴിയൂ. ഇത്തരം ആശയമാണ് രാജ്യത്തെ കർഷക പ്രസ്താനങ്ങളും മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ ഡി പ്രസേനൻ അധ്യക്ഷനായി.
 
സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, ജില്ലാ സെക്രട്ടറി എം ആർ മുരളി, ട്രഷറർ സുഭാഷ് ചന്ദ്രബോസ്, സംസ്ഥാന വൈസ് പ്രസിഡന്റ് വത്സല മോഹനൻ, മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ എസ് സലീഖ, കെ പ്രേംകുമാർ എംഎൽഎ, ജോസ് മാത്യൂസ്, സ്വാ​ഗതസംഘം ചെയർമാൻ പി അരവിന്ദാക്ഷൻ, കൺവീനർ പി സുബ്രഹ്മണ്യൻ, കെ രാമകൃഷ്ണൻ, കെ ശ്രീധരൻ, യു അജയ്‌കുമാർ, യു രാജഗോപാൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top