പൂവാർ > കേന്ദ്ര ബിജെപി ഭരണത്തിൽ രാജ്യം അരക്ഷിതാവസ്ഥയിലായെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ പറഞ്ഞു. സാമ്പത്തികമായി ഞെരിച്ച് കേരളത്തെ തകർക്കാനുള്ള ശ്രമത്തിലും വിലക്കയറ്റത്തിലും തൊഴിലില്ലായ്‌മയിലും പ്രതിഷേധിച്ച് സിപിഐ എം കോവളം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയത വളർത്തുകമാത്രമാണ് കേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം. സർവമേഖലയിലും രാജ്യത്ത് ജനജീവിതം ദുസ്സഹമായി. കാർഷികമേഖല പാടെ തകർന്നു. കോർപറേറ്റുകളുടെ വായ്‌പകൾ 12.5 ലക്ഷം കോടി എഴുതിത്തള്ളിയപ്പോൾ കർഷകരുടെ വായ്‌പയിൽ ഒരു രൂപപോലും കുറച്ചില്ല. വീണ്ടും വൻകിടക്കാരുടെ 2.25 ലക്ഷം കോടികൂടി എഴുതിത്തള്ളാനാണ് ശ്രമിക്കുന്നത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില എത്രയോ ഇരട്ടിയായി വർധിപ്പിച്ചു. പാചകവാതക സബ്‌സിഡി എടുത്തുകളഞ്ഞു. തൊഴിലുറപ്പ് തൊഴിൽപോലും വെട്ടിക്കുറച്ചു.
രാജ്യത്തെ സംഘർഷങ്ങളുടെ ഭൂമികയാക്കിമാറ്റി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമാധാനം തകർന്നു. ജനങ്ങൾ സഹോദരന്മാരെപ്പോലെ കേരളത്തിൽ കഴിയുന്നത് നാടിന് ഒരു ഇടതുപക്ഷ മനസ്സുള്ളതുകൊണ്ടാണ്. അത് തകർക്കാൻ ഒരു വർഗീയവാദികളെയും അനുവദിക്കില്ല.
കേരളത്തിലെ ജനകീയ സർക്കാരിനെ തകർക്കുകയാണ് കേന്ദ്ര ഭരണക്കാരുടെ ലക്ഷ്യം. സംസ്ഥാനത്തിന് ലഭിക്കേണ്ട സാമ്പത്തിക വിഹിതം തടഞ്ഞതിനു പുറമെ കടമെടുക്കാനുള്ള അനുവാദവും നിഷേധിച്ചു. എന്നാൽ ഇതിനെതിരെ പ്രതികരിക്കേണ്ട യുഡിഎഫ് നിശ്ശബ്‌ദതപാലിച്ച് ബിജെപിക്ക് ഒപ്പമാണ്.
ഓണത്തിന് കേരളത്തിലെ ജനങ്ങൾ ദാരിദ്ര്യത്തിലാകുമെന്ന് യുഡിഎഫ് പ്രചാരണം നടത്തി. സാമ്പത്തികമായി കേരളത്തെ വരിഞ്ഞുമുറക്കുമ്പോഴും സംസ്ഥാന സർക്കാർ ജനക്ഷേമത്തിൽനിന്ന് പിൻമാറിയില്ല. കേരളത്തെ തകർക്കാനുള്ള ബിജെപിയുടെയും കോൺഗ്രസിന്റെയും ശ്രമങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും ഇ പി ജയരാജൻ പറഞ്ഞു. സിപിഐ എം കോവളം മണ്ഡലം സെക്രട്ടറി പി എസ് ഹരികുമാർ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..