20 April Saturday

VIDEO - ഞാൻ അറിയാത്ത ക്വാറന്റൈൻ മനോരമയ്ക്ക് എവിടെ നിന്നു കിട്ടി? ഇ പി ജയരാജന്റെ ഭാര്യ ചോദിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020

കണ്ണൂർ  മലയാള മനോരമയും ചില രാഷ്ട്രീയ നേതാക്കളും ചേർന്നു നടത്തുന്ന നെറികെട്ട വ്യക്തിഹത്യക്കെതിരെ വ്യവസായമന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയും മകൻ ജയ്സണും നിയമനടപടിയിലേക്ക്. തികച്ചും വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണ് രണ്ടു ദിവസമായി മനോരമ ഇവർക്കെതിരെ മെനയുന്നത്. ഇത് ഏറ്റുപിടിച്ച് ബിജെപി, യുഡിഎഫ് നേതാക്കളും ക്രൂരമായ ആക്ഷേപവുമായി രംഗത്തുവന്നിട്ടുണ്ട്.

പൊതുപ്രവർത്തകൻ എന്ന നിലയിൽ മന്ത്രിക്കെതിരെ രാഷ്ട്രീയ ആരോപണങ്ങൾ ഉണ്ടാവുക സ്വാഭാവികം. എന്നാൽ മന്ത്രിയുടെ ഭാര്യയ്ക്കും മക്കൾക്കുമെതിരെ മനസ്സാക്ഷിക്കു നിരക്കാത്ത ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് കടന്നകൈയാണ്. ഇതിനു പിന്നിൽ ആസൂത്രിത  ഗൂഢാലോചനയുണ്ടെന്നു  വ്യക്തം.

സാമാന്യമായ എല്ലാ മാധ്യമമര്യാദകളും ലംഘിക്കുന്നതാണ് മനോരമ തിങ്കളാഴ്ച ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരക്കെതിരെ നൽകിയ വാർത്ത. പി കെ ഇന്ദിര ക്വാറന്റൈൻ ലംഘിച്ച് ബാങ്കിലെത്തി ലോക്കർ തുറന്നുവെന്ന പത്രത്തിന്റെ കണ്ടെത്തൽ പച്ചക്കള്ളമാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ  പങ്കെടുത്ത മന്ത്രി തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇ പി ജയരാജനാണ്  സ്വയംനിരീക്ഷണത്തിൽ പോയത്. ഭാര്യ ഇന്ദിര ക്വാറന്റൈനിലായിരുന്നില്ല. പേരക്കുട്ടിയുടെ പിറന്നാൾ പ്രമാണിച്ച് കേരളബാങ്ക് കണ്ണൂർ ശാഖയിലെ ലോക്കറിലുള്ള, കുട്ടികളുടെ ആഭരണം എടുക്കാനാണ് അവർ പോയത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ്  ഇടപാടുകൾ നടത്തിയതും. യഥാർഥ വസ്തുതകൾ മറച്ചുവച്ച് ഒരു ധാർമികതയുമില്ലാതെ കള്ളം പ്രചരിപ്പിക്കുകയാണ് മനോരമ.

ഞായറാഴ്ച മകൻ ജയ്സനെതിരെയും ഇതുപോലെ ഒരടിസ്ഥാനവുമില്ലാത്ത വാർത്ത നൽകി. മനോരമയുടെ അടിസ്ഥാനരഹിത വാർത്ത എൻഫോഴ്സ്മെന്റ് റിപ്പോർട്ടെന്ന നിലയിലാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ വാർത്താസമ്മേളനം നടത്തി പറഞ്ഞത്. മലയാള മനോരമക്കും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഇ പി ജയരാജനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.  


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top