മാരാരിക്കുളം > സാക്ഷരതാ മിഷൻ നേതൃത്വത്തിൽ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഡിജിറ്റൽ ലിറ്ററസി ക്ലാസിൽ ജനപ്രതിനിധികളും പഠിതാക്കളായി.
സ്‌മാർട്ട് ഫോൺ സ്‌മാർട്ടായി ഉപയോഗിക്കാൻ പഠിപ്പിക്കുന്ന ഡിജിറ്റൽ ലിറ്ററസി ക്ലാസ് ഏറെ പ്രയോജനകരമായിരുന്നുവെന്ന് പ്രസിഡന്റ് പി പി സംഗീത പറഞ്ഞു. എല്ലാ വാർഡുകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ ക്ലാസുകൾ നടക്കുന്നുണ്ട്. വിജ്ഞാനം വിരൽത്തുമ്പിൽ ലഭിക്കുന്ന ഇക്കാലത്ത് പ്രായഭേദമന്യേ എല്ലാവരും സ്‌മാർട്ട് ഫോൺ ഉപയോഗിക്കാൻ പഠിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു.
സ്‌മാർട്ട് ഫോൺ ഉപയോഗ സാധ്യതകൾ, ഇന്റർനെറ്റ്, ഓൺലൈൻ പണമിടപാടുകൾ, സോഷ്യൽ മീഡിയ, ഇ മെയിലും സർക്കാർ സേവനങ്ങളും എന്നിങ്ങനെ അഞ്ച് പാഠഭാഗങ്ങളാണ് ഉള്ളത്. ഓരോ ഭാഗത്തിനും രണ്ട് മണിക്കൂർ വീതം ആകെ പത്ത് മണിക്കൂറാണ് പഠനകാലയളവ്.
സ്‌മാർട്ട് ഫോൺ ഉപയോഗം ശാസ്ത്രീയമായി പഠിക്കുന്നതിനും സന്നദ്ധ അധ്യാപകരാകുന്നതിനും താത്പര്യമുള്ളവർ പഞ്ചായത്ത് അംഗങ്ങളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് അറിയിച്ചു.
ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലനത്തിൽ അംഗൻവാടി ടീച്ചർമാരും പങ്കെടുത്തു. പരിശീലന പരിപാടി പ്രസിഡന്റ് പി പി സംഗീത ഉദ്ഘാടനം ചെയ്‌തു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ വി രതീഷ് ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റ് വി സജി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി പി ഷാജി, റിച്ചാർഡ്, സുമ, ശാരിമോൾ, ജാസ്‌മിൻ ബിജു, ജയചന്ദൻ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ലേഖ മനോജ് തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..