02 July Wednesday

‘‘ചെറുവത്തൂര്‌ വത്സരാജന്മാർ ഉണ്ടറോ... ചെറുവത്തൂര്‌ രാജ്യത്ത്‌ ഞാനും ബൈ നടന്നോനാണ്‌...’’ ; ഓർമയിലിന്നും ആ ‘ഓൾ റൈറ്റ്‌’

പി വിജിൻദാസ്‌Updated: Friday May 19, 2023


ചെറുവത്തൂർ
‘‘ചെറുവത്തൂര്‌ വത്സരാജന്മാർ ഉണ്ടറോ... ചെറുവത്തൂര്‌ രാജ്യത്ത്‌ ഞാനും ബൈ നടന്നോനാണ്‌...’’ പിന്നീട്‌ നിഷ്‌കളങ്കമായ ഒരു ചിരി–-ജനനായകൻ ഇ കെ നായനാരുമായി സംസാരിച്ച അനുഭവം ഓർക്കുകയാണ്‌ ചെറുവത്തൂരിലെ പി വി വത്സരാജ്‌. 24 വർഷം മുമ്പുള്ള അനുഭവമാണ് മറ്റൊരു നായനാർ അനുസ്മരണദിനംകൂടിയെത്തുമ്പോൾ വത്സരാജ്‌ ഓർക്കുന്നത്‌.

നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ സ്വകാര്യ ചാനലിൽ ‘മുഖ്യമന്ത്രിയോട്‌ ചോദിക്കാം’ പരിപാടി നടത്തിയിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾ ടെലിഫോൺവഴി അറിയിക്കാം. അതിന്റെ ഭാഗമായാണ്‌ വത്സരാജ്‌ ഫോൺ വിളിച്ചത്‌. നർമത്തിൽ ചാലിച്ച വാക്കുകൾകൊണ്ട്‌ നായനാർ സംസാരിച്ചുതുടങ്ങി. നേരിട്ടറിയാവുന്ന ഒരാളോട്‌ സംസാരിക്കുന്നത്ര ലളിതമായിരുന്നു ഓരോ വാക്കും. ‘സന്ധ്യയായാൽ...’ എന്ന്‌ വത്സരാജ്‌ പറഞ്ഞുതുടങ്ങുമ്പോഴേക്കും നായനാർ ഇടപെട്ടു. ‘എന്താ, സന്ധ്യയായാൽ രക്ഷയില്ലേ’ എന്ന്‌ മറുചോദ്യം. വൈദ്യുതി വോൾട്ടേജ്‌ കുറവിനെക്കുറിച്ചായിരുന്നു വത്സരാജിന്റെ പരാതി. പിന്നീട്‌, കാര്യങ്ങൾ ഒന്നൊന്നായി ചോദിച്ചറിഞ്ഞ്‌ അത്‌ പരിഹരിക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും നായനാർ പറഞ്ഞു. അവസാനം, പതിവു ശൈലിയിൽ ‘ഓൾ റൈറ്റ്‌’ പറഞ്ഞാണ്‌ സംഭാഷണം അവസാനിപ്പിച്ചത്‌.

ഒരു സുഹൃത്തിനോടെന്നപോലെ മുഖ്യമന്ത്രി നായനാർ പെരുമാറിയതിലുള്ള ആശ്‌ചര്യമാണ്‌ അന്ന്‌ അനുഭവപ്പെട്ടതെന്ന്‌ വത്സരാജ്‌ പറഞ്ഞു. ആ നിമിഷങ്ങൾ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുകയാണ്‌ വത്സരാജ്‌. ഇതിന്റെ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌. ലക്ഷക്കണക്കിനുപേർ ഇത്‌ കണ്ടുകഴിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top