16 April Tuesday

മലയാള കഥാസരണിയെ ഉണർത്തിയ കഥാകാരൻ ഇ ഹരികുമാറിന്‌ വിട

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020


തൃശൂർ
ഇ ഹരികുമാർ ഇനി ഓർമ. മനുഷ്യഗന്ധിയായ കഥകളിലൂടെ മലയാള കഥാസരണിയെ ഉണർത്തിയ കഥാകാരന്‌  നാട്‌ വിട ചൊല്ലി. എന്നും ആരവങ്ങളോട്‌ മുഖം തിരിച്ചുനിന്ന അദ്ദേഹത്തിന്റെ അന്ത്യയാത്രയും ആൾതിരക്കുകളേതുമില്ലാതെയായിരുന്നു. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്‌ അന്ത്യാഞ്ജലിയർപ്പിച്ചത്‌.   കോവിഡ് മുൻകരുതലിന്റെ ഭാഗമായി മൃതദേഹം ഏറെസമയം പൊതുദർശനത്തിനുവച്ചില്ല.   സംസ്കാരം  പാറമേക്കാവ് ശാന്തിഘട്ടിൽ നടത്തി.

തൃശൂർ മുണ്ടുപാലം അവന്യൂറോഡ് അവന്യൂക്രെസ്റ്റ് അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ ചൊവ്വാഴ്‌ച പുലർച്ചെ 12.36 നാണ്‌ ഹരികുമാർ അന്തരിച്ചത്‌. 77 വയസ്സായിരുന്നു. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: ലളിത. മകൻ. അജയ് ( സോഫ്‌റ്റ്‌വെയർ എൻജിനിയർ, അമേരിക്ക). മരുമകൾ: ശുഭ (അമേരിക്ക). സഹോദരങ്ങൾ: ഇ സതീഷ് നാരായണൻ (റിട്ട. ഉദ്യോഗസ്ഥൻ എഫ്എസിടി), ഇ ഗിരിജാ രാധാകൃഷ്ണൻ, ഇ ഉണ്ണികൃഷ്ണൻ (റിട്ട. ജിഎം ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ), ഇ മാധവൻ (റിട്ട. ജിഎം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ), ഡോ. ഇ ദിവാകരൻ, ഇ അശോക്‌കുമാർ, (റിട്ട. എൻജിനിയർ), ഉഷാ രഘുപതി.

മഹാകവി ഇടശേരി ഗോവിന്ദൻനായരുടെയും ഇടക്കണ്ടി ജാനകിഅമ്മയുടെയും മകനായി 1943 ജൂലൈ 13ന് പൊന്നാനിയിലാണ് ജനനം. ചെറുപ്രായത്തിലേ ജോലിതേടി കേരളംവിട്ടു. കൊൽക്കത്ത, ഡൽഹി, മുംബൈ നഗരങ്ങളിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്തു. 19–-ാം വയസ്സിൽ ആദ്യകഥ പുറത്തിറങ്ങി. ആദ്യ കഥാസമാഹാരം ‘കൂറകൾ’ 1972ൽ പ്രസിദ്ധീകരിച്ചു. തുടർന്ന് 16 കഥാസാമാഹാരങ്ങളും ഒമ്പത് നോവലും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധീകരിച്ചു. സാഹിത്യ അക്കാദമിയുടേതടക്കം നിരവധി പുരസ്കാരങ്ങൾ നേടി. 1983ൽ കേരളത്തിൽ തിരിച്ചെത്തി.  ഓഡിയോ കാസറ്റ് റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ എന്നിങ്ങനെ വിവിധ തുറകളിൽ പ്രവർത്തിച്ചു.

1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായിരുന്നു.  കേരള സാഹിത്യ അക്കാദമി, പത്മരാജൻ, നാലപ്പാടൻ, ,ചലച്ചിത്ര അക്കാദമി തുടങ്ങി ഒട്ടേറെ അവാർഡുകൾ ലഭിച്ചു.

മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം
കഥാകൃത്ത് ഇ ഹരികുമാറിന്റെയും ചിത്രകാരൻ കെ പ്രഭാകരന്റെയും നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള കഥാ സാഹിത്യരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനായിരുന്നു ഹരികുമാർ എന്ന് അനുശോചനസന്ദേശത്തിൽ പറഞ്ഞു. അടിച്ചമർത്തപ്പെട്ടവരുടെ ദൈന്യം തന്റെ കലയിലൂടെ പ്രതിഫലിപ്പിച്ച ചിത്രകാരനെന്ന നിലയ്‌ക്ക്‌ ഏറെ ശ്രദ്ധേയനായിരുന്നു പ്രഭാകരനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

സാംസ്‌കാരികമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം
ചിത്രകാരൻ കെ പ്രഭാകരന്റെയും കഥാകൃത്ത്‌ ഇ ഹരികുമാറിന്റെയും  നിര്യാണത്തിൽ സാംസ്‌കാരികമന്ത്രി എ കെ ബാലൻ അനുശോചിച്ചു.  ചിത്രകലയ്ക്ക് പുതിയ ഭാഷ്യം നൽകാൻ ശ്രമിച്ച കലാകാരനായിരുന്നു കെ പ്രഭാകരൻ. സമൂഹത്തിലെ യാഥാർഥ്യങ്ങളും ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളും വ്യത്യസ്തമായ നിറപ്പകർച്ചയോടെ ക്യാൻവാസിലാക്കി. 15 വർഷത്തിലധികമായി ദേശാഭിമാനി വാരികയിൽ ഇലസ്ട്രേഷൻ നടത്തി. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും കലാസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

മലയാള കഥാസാഹിത്യത്തിൽ വ്യത്യസ്തമായ ശൈലി കൊണ്ടുവന്ന എഴുത്തുകാരനാണ് ഇ ഹരികുമാർ. മലയാളത്തിലെ എണ്ണപ്പെട്ട കഥാകാരനെങ്കിലും അർഹിക്കുന്ന പരിഗണന അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടോ എന്ന് സംശയം. അദ്ദേഹത്തിന്റെ രചനകൾ മലയാളഭാഷയ്‌ക്ക് എക്കാലവും വിലപ്പെട്ടതായിരിക്കുമെന്നും മന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

സാഹിത്യ അക്കാദമി അനുശോചിച്ചു
തൃശൂർ
കഥാകൃത്ത്  ഇ ഹരികുമാറിന്റെ നിര്യാണത്തിൽ കേരള സാഹിത്യ അക്കാദമി അനുശോചിച്ചു. ആധുനികതയോട് പോരാടി മലയാള ചെറുകഥാസാഹിത്യത്തിൽ സ്വന്തംപാത വെട്ടിത്തെളിച്ച എഴുത്തുകാരനായിരുന്നു ഹരികുമാറെന്ന് അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ അനുസ്മരിച്ചു. ടി പത്മനാഭന്റെ സ്ത്രീകഥാപാത്രങ്ങളോളം ഉയർന്ന സ്ത്രീകഥാപാത്രങ്ങളെയാണ് അദ്ദേഹം തന്റെ കഥകളിലൂടെ ആവിഷ്കരിച്ചത്. എന്തുകൊണ്ടോ വേണ്ടവിധം ഹരികുമാർ എഴുത്തുകാരൻ എന്ന നിലയിൽ പരിഗണിക്കപ്പെട്ടില്ലെന്നും കെ പി മോഹനൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

പുരോഗമന കലാസാഹിത്യ സംഘം അനുശോചിച്ചു
തൃശൂർ
ജീവിതത്തിന്റേയും പ്രണയത്തിന്റേയും നവീനവഴികളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോയ മൗലിക പ്രതിഭയാണ് ഇ ഹരികുമാർ എന്ന്‌ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അനുശോചനക്കുറിപ്പിൽ പറഞ്ഞു.സരള  ഭാഷയിൽ സാധാരണ ജീവിതങ്ങളും അതിൽ നിന്ന് കടഞ്ഞെടുത്ത മൗലിക  ദർശനങ്ങളും അദ്ദേഹം ആവിഷ്‌കരിച്ചു. കഥാസാഹിത്യത്തെ ഇന്റർനെറ്റിൽ  എത്തിച്ച് അനശ്വരമാക്കാനാണ് അവസാനഘട്ടങ്ങളിൽ അദ്ദേഹം പരിശ്രമിച്ചത്. 

ഹരികുമാറിന്റെ നിര്യാണം മലയാള സാഹിത്യത്തിന് വലിയ നഷ്ടമാണെന്നും സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ പ്രസ്താവനയിൽ പറഞ്ഞു.
ജനകീയ ഇന്ത്യൻ ചിത്രകലയുടെ സമകാലിക മുഖമായിരുന്ന കെ പ്രഭാകരന്റെ നിര്യാണത്തിൽ പുരോഗമന കലാസാഹിത്യ സംഘം അനുശോചിച്ചു. ചിത്രകലയിൽ വ്യത്യസ്തമായ പാതയിലൂടെയാണ് പ്രഭാകരൻ സഞ്ചരിച്ചത്.  പുരോഗമന കലാ സാഹിത്യപ്രസ്ഥാനത്തിന്റെ ഉറ്റ ബന്ധുവും വഴികാട്ടിയുമായിരുന്നു പ്രഭാകരനെന്ന്‌ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top