26 April Friday

കഥയുടെ നായകന് നാടിന്റെ വിട... ഇ ഹരികുമാറിന് അന്ത്യാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

തൃശൂർ > ജീവിതഗന്ധിയായ മലയാള കഥയുടെ വഴിത്താരയിൽ മായാത്ത മഴവിൽചിത്രങ്ങൾ തീർത്ത ഇ ഹരികുമാറിന് നാടിന്റെ അന്ത്യാഞ്ജലി. തൃശൂർ മുണ്ടുപാലം അവന്യൂറോഡ് അവന്യൂക്രെസ്റ്റ് അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ച പുലർച്ചെ 12.36നായിരുന്നു അന്ത്യം. 77 വയസായിരുന്നു. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം രാവിലെ പത്തിന് പറമേക്കാവ് ശാന്തിഘട്ടിൽ നടത്തി. കോവിഡ് മുൻകരുതലിന്റെ ഭാഗമായി അധികസമയം പൊതുദർശനത്തിനുവയ്ക്കാതെ സംസ്കാരം പെട്ടെന്ന് നടത്തുകയായിരുന്നു.

ഭാര്യ: ലളിത. മകൻ. അജയ് (അമേരിക്കയിൽ സോഫ്‌ററ്‌വെയർ എൻജിനിയറർ). മരുമകൾ: ശുഭ (അമേരിക്ക). സഹോദരങ്ങൾ: ഇ സതീഷ് നാരായണൻ (റിട്ട. ഉദ്യോഗസ്ഥൻ എഫ്എസിടി), ഇ ഗിരിജാ രാധാകൃഷ്ണൻ, ഇ ഉണ്ണികൃഷ്ണൻ (റിട്ട. ജിഎം ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇനത്യ), ഇ മാധവൻ (റിട്ട. ജിഎം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ), ഡോ. ഇ ദിവാകരൻ, ഇ അശോക്‌കുമാർ, (റിട്ട. എൻജിനിയർ), ഉഷാ രഘുപതി.

മഹാകവി ഇടശേരി ഗോവിന്ദൻനായരുടെയും ഇടക്കണ്ടി ജാനകിഅമ്മയുടെയും മകനായി 1943 ജൂലൈ 13ന് പൊന്നാനിയിലാണ് ജനനം. ചെറുപ്രായത്തിലേ ജോലിതേടി കേരളംവിട്ടു. കൊൽക്കത്ത, ഡൽഹി, മുംബൈ നഗരങ്ങളിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്തു. കൊൽക്കത്തയിൽവച്ചാണ് ബിഎ പാസാവുന്നത്. 19–-ാം വയസിൽ ആദ്യകഥ പുറത്തിറങ്ങി. ആദ്യ കഥാസമാഹാരം കൂറകൾ 1972ൽ പ്രസിദ്ധീകരിച്ചു. തുടർന്ന് 16 കഥാസാമാഹാരങ്ങളും ഒമ്പത് നോവലും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധീകരിച്ചു. സാഹിത്യ അക്കാദമിയുടേതടക്കം നിരവധി പുരസ്കാരങ്ങൾ നേടി. 1983ൽ കേരളത്തിൽ തിരിച്ചെത്തി.  ഓഡിയോ കാസറ്റ് റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ എന്നിങ്ങനെ വിവിധ തുറകളിൽ പ്രവർത്തിച്ചു.

1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായിരുന്നു. 1988ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം (ദിനോസറിന്റെ കുട്ടി), 1997ൽ പത്മരാജൻ പുരസ്കാരം (പച്ചപ്പയ്യിനെ പിടിക്കാൻ), 1998ൽ നാലപ്പാടൻ പുരസ്കാരം (സൂക്ഷിച്ചുവെച്ച മയിൽപീലി), 2006ൽ കഥാപീഠം പുരസ്കാരം (അനിതയുടെ വീട് ), 2012ലെ മികച്ച കഥക്കുള്ള കേരള ചലച്ചിത്ര അക്കാദമി അവാർഡ് (ശ്രീപാവർതിയുടെ പാദം) എന്നിവ അംഗീകാരങ്ങളിൽ ചിലതാണ്. വൃഷഭത്തിന്റെ കണ്ണ്, കുങ്കുമം വിതറിയ വഴികൾ, ദിനോസറിന്റെ കുട്ടി, കാനഡയിൽ നിന്നൊരു രാജകുമാരി, ശ്രീപാർവതിയുടെ പാദം, സൂക്ഷിച്ചുവെച്ച മയിൽപീലി, പച്ചപ്പയ്യിനെ പിടിക്കാൻ, ദൂരെ ഒരു നഗരത്തിൽ, കറുത്ത തമ്പ്രാട്ടി, അനിതയുടെ വീട്, ഇളവെയിലിന്റെ സാന്ത്വനം, നരഗവാസിയായ ഒരുകുട്ടി, എന്റെ സ്ത്രീകൾ, ഉമ്മുക്കുൽസൂന്റെ വീട് എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങൾ. ശാപശില, ആസക്തിയുടെ അഗ്നിനാളങ്ങൾ, ഒരു കുടുംബപുരാണം, എഞ്ചിൻ ഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി, അയനങ്ങൾ, തടാക തീരത്ത്, കൊച്ചമ്പ്രാട്ടി, പ്രണയത്തിനൊരു സോഫ്റ്റ് വെയർ, അറിയാത്ത തലങ്ങളിലേക്ക് തുടങ്ങിയവ നോവലുകൾ.

നീ എവിടെയൊണങ്കിലും എന്ന പേരിൽ ഓർമകളും അനുഭവങ്ങളും ലേഖനങ്ങളും ചേർത്ത സമാഹാരവുമുണ്ട്. നാടകവും തിരക്കഥകളും എഴുതി. കൂടാതെ ഇ ഹരികുമാറിന്റെ  സമ്പൂർണ കഥാസമാഹാരം നാലു വാല്യങ്ങളും മൂന്നു നോവൽ വാല്യങ്ങളും നാടകവും തിരക്കഥകളും ലേഖനങ്ങളും ഓർമക്കുറിപ്പുകളും ചേർത്ത്  ഒരോ വാല്യവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top