20 April Saturday

അഞ്ജലി...‌ ഈ കാരുണ്യത്തിനു മുന്നിൽ

ശ്രീരാജ‌് ഓണക്കൂർUpdated: Wednesday Oct 14, 2020

കൊച്ചി  > കോവിഡ്‌ ബാധിതന്റെ മൃതദേഹം ഏറ്റെടുക്കാൻ മടിച്ചവർക്കിടയിൽനിന്ന്‌ ആദ്യം ഉയർന്ന കൈകൾ അഞ്ജലിയുടെയും കൂട്ടുകാരുടേതുമായിരുന്നു. മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാണെന്ന്‌ ഉറക്കെ പറഞ്ഞ ഇവരെ എല്ലാവരും അത്ഭുതത്തോടെ നോക്കി. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ മുന്നിട്ടിറങ്ങിയ ഡിവൈഎഫ്‌ഐ പ്രവർത്തക അഞ്ജലി സമൂഹത്തിന്‌ വേറിട്ട മാതൃകയാകുകയാണ്‌. തിങ്കളാഴ്‌ച അന്തരിച്ച എളമക്കര കാരാമ സ്വദേശിനി ജാനകിയമ്മയുടെയും (60) ചൊവ്വാഴ്‌ച മരിച്ച പാടം സ്വദേശി സുഗുണന്റെയും (70) മൃതദേഹങ്ങളാണ്‌ അഞ്ജലിയും സഹപ്രവർത്തകരും പിപിഇ കിറ്റണിഞ്ഞ്‌ മോർച്ചറിയിൽനിന്ന്‌ ഏറ്റുവാങ്ങി സംസ്‌കരിച്ചത്‌.

കോവിഡ് ബാധിച്ച്‌ എറണാകുളം ജനറൽ ആശുപത്രിയിൽ അന്തരിച്ച ജാനകിയമ്മയുടെ മൃതദേഹം സംസ്‌കരിക്കാൻ ആരും തയ്യാറായില്ല. ബന്ധുക്കൾക്ക് സമ്പർക്കം ഉള്ളതായിരുന്നു കാരണം. മരിച്ചയാളുടെ മകനൊപ്പം ജനറൽ ആശുപത്രിയിൽനിന്ന് മൃതദേഹം സ്വീകരിച്ച് സംസ്കരിക്കുന്നതിന് നേതൃത്വം നൽകിയത്‌ ഡിവൈഎഫ്ഐ എളമക്കര മേഖലാ പ്രസിഡന്റ്‌ എം ആർ അഞ്ജലി, വൈസ് പ്രസിഡന്റ്‌ സി എസ്‌ സൈജു, ജോയിന്റ്‌ സെക്രട്ടറി  അബീബ് ബാബു, കമ്മിറ്റി അംഗങ്ങളായ അരുൺ കുമാർ, ഷിജു എന്നിവർ ചേർന്നാണ്‌.

ലിസി ആശുപത്രി മോർച്ചറിയിൽനിന്നാണ്‌ സുഗുണന്റെ മൃതദേഹം മകനും അടുത്ത ബന്ധുവിനുമൊപ്പം ഏറ്റുവാങ്ങിയത്‌. മറ്റ്‌ ബന്ധുക്കൾ ക്വാറന്റൈനിലായിരുന്നു. പിപിഇ കിറ്റണിഞ്ഞ ഇവർക്ക്‌ ആരോഗ്യവകുപ്പ്‌ വേണ്ട മാർഗനിർദേശങ്ങൾ നിൽകി. പച്ചാളം പൊതുശ്‌മശാനത്തിലാണ്‌ മൃതദേഹങ്ങൾ സംസ്‌കരിച്ചത്‌. എറണാകുളം ലോ കോളേജിലെ നാലാം സെമസ്റ്റർ വിദ്യാർഥിനിയായ അഞ്ജലി ലോക്ക്ഡൗൺകാലത്ത്‌ സന്നദ്ധപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയിരുന്നു.

നിസ്വന്റെ കൈകൾക്ക് താങ്ങാകുക എന്ന തന്റെ പ്രസ്ഥാനത്തിന്റെ പാഠമാണ് പ്രേരണ നൽകിയതെന്ന്‌ അഞ്ജലി പറയുന്നു. ഇവരുടെ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ വിവിധ തുറകളിൽനിന്ന് അഭിനന്ദനം പ്രവഹിക്കുകയാണ്‌. സാമൂഹ്യമാധ്യമങ്ങളിലും അഞ്ജലി‌ക്കും സഹപ്രവർത്തകർക്കും നിറഞ്ഞ അഭിനന്ദനമാണ്‌ ലഭിക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top