19 April Friday
ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന ബ്രിട്ടീഷ്‌ തന്ത്രംപോലെ 
ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കലാണ്‌ 
സംഘപരിവാർ ലക്ഷ്യം

മലബാർ കലാപം വർഗീയമാക്കുന്നത്‌ ബ്രിട്ടീഷുകാരുടെ പാദസേവകർ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021


തിരുവനന്തപുരം
മലബാർ കലാപത്തെ മാപ്പിളമാരുടെ ഹാലിളക്കം എന്ന്‌ വിശേഷിപ്പിച്ച ബ്രിട്ടീഷുകാരുടെ വാദമാണ്‌ സംഘപരിവാർ ഇപ്പോൾ ഉയർത്തുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന "മലബാർ കലാപം: 100 വർഷം 100 സെമിനാർ’ സംസ്ഥാനതല ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്നതായിരുന്നു ബ്രിട്ടീഷ്‌ തന്ത്രം. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കലാണ്‌ സംഘപരിവാർ ലക്ഷ്യവും. ചരിത്രം തിരുത്താനും വക്രീകരിക്കാനുമുള്ള ശ്രമം സംഘപരിവാർ നേരത്തേ തുടങ്ങിയതാണ്‌. അതിന്റെ തുടർച്ചയാണ്‌ മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിലും ഉയർത്തുന്നത്‌. മലബാർ കലാപത്തിൽ പങ്കെടുത്തവർ സ്വാതന്ത്ര്യസമരസേനാനികളല്ലെന്ന സംഘപരിവാറിന്റെ വാദമാണ്‌ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലും ഏറ്റെടുത്തിരിക്കുന്നത്‌. സംഘപരിവാറിന്റെ ആശയരൂപീകരണത്തിന്‌ പ്രധാന തടസ്സം ചരിത്രമാണ്‌. അതിനാൽ, പുതിയ തലമുറയെ ചരിത്രബോധം ഇല്ലാത്തവരാക്കാനാണ്‌ ശ്രമം. ഇത്തരക്കാരുടെ യഥാർഥ മുഖം പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടേണ്ടതുണ്ട്‌.


 

മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബാണ്‌ മലബാർ കലാപം എന്ന വിശേഷണം നൽകിയത്‌. മലബാർ കലാപത്തിന്റെ 25–-ാം വാർഷികത്തിൽ ഇ എം എസ്‌ എഴുതിയ ‘1921ന്റെ ആഹ്വാനവും താക്കീതും ’ എന്ന ലേഖനത്തിന്റെ പേരിൽ ബ്രിട്ടീഷ്‌ ഭരണകൂടം ദേശാഭിമാനിക്ക്‌ നിരോധനമേർപ്പെടുത്തിയിരുന്നു.
ബ്രിട്ടീഷ്‌–-ജന്മിത്ത വിരുദ്ധ പോരാട്ടമായാണ്‌ മലബാർ കലാപത്തെ കമ്യൂണിസ്റ്റ്‌ പാർടി കണ്ടത്‌. ആ സമരത്തിന്റെ ചില ദൗർബല്യങ്ങളെയും എടുത്തുപറഞ്ഞിട്ടുണ്ട്‌.  ദാരിദ്ര്യവും അസംതൃപ്‌തിയുമാണ്‌ കലാപത്തിന്‌ ഒരു കാരണമെന്ന്‌ വില്യം ലോഗൻ എഴുതുന്നുണ്ട്‌.

വലിയ വിഭാഗം മുസ്ലിങ്ങളായിരുന്നെങ്കിലും കലാപത്തിൽ എല്ലാ വിഭാഗക്കാരും ഉണ്ടായിരുന്നു. വാഗൺ ട്രാജഡിയിൽ മുസ്ലിങ്ങൾമാത്രമല്ല കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top