25 April Thursday

തൃശൂർ മെഡിക്കൽ കോളേജിൽ‌‌‌ അഞ്ച്‌ വർഷം പിന്നിട്ട്‌ 
‘ഹൃദയപൂർവം' ഡിവൈഎഫ്‌ഐ; 80 ലക്ഷംപേരുടെ വയറും മനസ്സും നിറച്ചു

സ്വന്തം ലേഖികUpdated: Tuesday May 17, 2022

പൊതിച്ചോറ്‌ വിതരണത്തിന്റെ അഞ്ചാം വാർഷികം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം എംപി 
ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ > അഞ്ചുവർഷമായി തൃശൂർ മെഡിക്കൽ കോളേജിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും വിശപ്പറിഞ്ഞിട്ടില്ല, പട്ടിണി കിടന്ന നാളുകളുണ്ടായിട്ടില്ല. ഒരു നേരത്തെ അന്നമെങ്കിലും ഇവിടെ കിട്ടുമെന്ന ഉറപ്പുണ്ട്‌. ആ ഉറപ്പിന്റെ പേരാണ്‌ ഡിവൈഎഫ്‌ഐ. പേരുപോലുമറിയാത്ത ഒരുപാടുപേർക്കുവേണ്ടി പൊതിച്ചോറ്‌ ഒരുക്കുന്നവരും വിശക്കുന്നവന്‌ വിളമ്പാൻ ജീവിതം ഉഴിഞ്ഞുവച്ച ഒരുകൂട്ടം ചെറുപ്പക്കാരും ഒപ്പംനിന്നു. വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ഡിവൈഎഫ്‌ഐ ആരംഭിച്ച ഹൃദയപൂർവം പദ്ധതി അഞ്ച്‌ വർഷം തികയുമ്പോൾ ജില്ലയിൽ 80 ലക്ഷം പൊതിച്ചോറുകളാണ്‌ വിതരണം ചെയ്‌തത്‌. വിതരണം 1826 ദിവസം പിന്നിട്ടു. ഇതോടൊപ്പം 38,000 പേർ രക്തംദാനം ചെയ്‌തു.
 
2017 മെയ്‌ 16നാണ്‌ ജില്ലയിലെ പൊതിച്ചോറ്‌ വിതരണം ആരംഭിച്ചത്‌. പ്രളയവും കോവിഡും കടന്നുപോയപ്പോഴും അന്നം മുടക്കിയില്ല.  ഓരോദിവസവും ഓരോ മേഖലാകമ്മിറ്റിക്കാണ്‌ ചുമതല. വീടുകളിൽനിന്നാണ്‌ ഭക്ഷണ ശേഖരണം. ദിവസവും നാലായിരത്തിന്‌ മുകളിൽ പൊതിച്ചോറുകൾ മെഡിക്കൽ കോളേജിലെത്തിക്കും. ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറിനെ മാത്രം ആശ്രയിച്ച്‌ കഴിയുന്ന ഒട്ടനവധിപേരുണ്ട്‌. രക്തദാനത്തിനുപുറമെ 200 പ്ലാസ്‌മ ദാനവും 90 രക്തദാന ക്യാമ്പുകളും ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.
 
4500 ഓളം പൊതിച്ചോറുകളാണ്‌  തിങ്കളാഴ്‌ച വിതരണം ചെയ്‌തത്‌. പായസവിതരണവും നടത്തി. 75 പേർ രക്തദാനവും 20 പേർ അർബുദ ബാധിതർക്ക്‌  മുടിയും ദാനം ചെയ്‌തു. പൊതിച്ചോറ്‌ വിതരണത്തിന്റെ അഞ്ചാം വാർഷികം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം എംപി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ വൈസ് പ്രസിഡന്റ് സി ആർ കാർത്തിക അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എൻ വി വൈശാഖൻ, ആർ എൽ ശ്രീലാൽ, സുകന്യ ബൈജു, പി ഡി നെൽസൺ, പി എച്ച് നിയാസ്, കെ എസ്  ശ്രീരാജ്, ആഷിഖ് വലിയകത്ത്, കെ സച്ചിൻ, സജീഷ് അരിമ്പൂർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top