19 April Friday

തൊഴിലില്ലായ്‌മയ്‌ക്ക്‌ എതിരെ പോരാട്ടം ശക്തമാക്കും ; ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനം

എം അഖിൽUpdated: Saturday May 14, 2022


ദീഗോ മറഡോണ നഗർ (സാൾട്ട്‌ലേക്ക്‌, കൊൽക്കത്ത)
കർഷക പ്രക്ഷോഭത്തിൽനിന്ന്‌ ഊർജം ഉൾക്കൊണ്ട്‌ രാജ്യവ്യാപകമായി തൊഴിലില്ലായ്‌മയ്‌ക്ക്‌ എതിരെ പോരാട്ടം ശക്തമാക്കാൻ ഡിവൈഎഫ്‌ഐ അഖിലേന്ത്യ സമ്മേളനം ആഹ്വാനം ചെയ്‌തു. ജനറൽ സെക്രട്ടറി അഭോയ്‌ മുഖർജി അവതരിപ്പിച്ച രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ ശനിയാഴ്‌ചയും ചർച്ച തുടർന്നു. 22 സംസ്ഥാനത്തുനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. കേരളത്തിൽനിന്ന്‌ വി വസീഫ്‌, ബാലമുരളി, ആർ ശ്യാമ, മീര എസ്‌ കുമാർ, റിയാസുദീൻ തുടങ്ങിയവർ പങ്കെടുത്തു. 

വർഗീയതയ്‌ക്കെതിരായി യുവജനങ്ങളെ ബോധവൽക്കരിക്കണം, ന്യൂനപക്ഷങ്ങൾക്ക്‌ എതിരായ കടന്നാക്രമണം പ്രതിരോധിക്കണം, പൗരത്വഭേദഗതി നിയമത്തെ ചെറുത്തുതോൽപ്പിക്കണം തുടങ്ങിയ 11 പ്രമേയം സമ്മേളനം പാസാക്കി. രാജ്യത്ത്‌ പട്ടിണിമരണം വ്യാപകമാകുമ്പോൾ കേന്ദ്ര സർക്കാർ ഭക്ഷ്യസുരക്ഷയ്‌ക്കും ആരോഗ്യത്തിനുമുള്ള വിഹിതം വെട്ടിക്കുറച്ചതായി സമ്മേളനത്തെ അഭിവാദ്യംചെയ്ത വി ശിവദാസൻ എംപി  പറഞ്ഞു.

എഐവൈഎഫ്‌ ജനറൽ സെക്രട്ടറി തിരുമലൈരാമൻ, എഐവൈഎൽ സംയുക്ത്‌ബിശ്വാസ്‌ എന്നിവരും സമ്മേളനത്തെ അഭിസംബോദന ചെയ്തു. ഇന്ത്യയിലെ ക്യൂബൻ ഉപസ്ഥാനപതി അബേൽ അബജ്‌ ഡെസ്‌പയിൻ, യൂത്ത്‌ യൂണിറ്റി ഓഫ്‌ ബംഗ്ലാദേശ്‌ പ്രസിഡന്റ്‌ സർബാ അലിഖാൻ കോളിൻസ്‌ എന്നിവർ  ആശംസ അറിയിച്ചു.

ശ്രീലങ്കയിലെ സോഷ്യലിസ്റ്റ്‌ സ്റ്റുഡന്റ്‌സ്‌ ആൻഡ്‌ യൂത്ത്‌ യൂണിയൻ നേതാവ്‌ കൽപ്പനാ മധുഭാഷിണി, ബ്രിട്ടനിലെ യങ് കമ്യൂണിസ്റ്റ്‌ ലീഗ്‌ ഇന്റർനാഷണൽ ചെയറിനെ പ്രതിനിധാനംചെയ്‌ത്‌ പിയറി മാർഷൽ, യുഎസ്‌എ ലീഗ്‌ ഓഫ്‌ യങ് കമ്യൂണിസ്റ്റ്‌സ്‌ നേതാവ്‌ അലക്‌സ്‌ ഡില്ലാർഡ്‌ തുടങ്ങിയവർ വീഡിയോ സന്ദേശവും നൽകി. വിയറ്റ്‌നാം ഹോച്ചിമിൻ കമ്യൂണിസ്റ്റ്‌  യൂത്ത്‌ യൂണിയനും ആശംസാ സന്ദേശം അയച്ചു. കേരള സംസ്ഥാന കമ്മിറ്റിയുടെ റീ സൈക്കിൾ കേരള, ഹൃദയപൂർവം പദ്ധതികളുടെ വീഡിയോ പ്രദർശിപ്പിച്ചു.
ഭാരവാഹി തെരഞ്ഞെടുപ്പിന്‌ ശേഷം സമ്മേളനം ഞായറാഴ്‌ച സമാപിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top