20 April Saturday

ഭരണഘടനയ്‌ക്കും 
ജനാധിപത്യത്തിനും കാവലാകും ; ഡിവൈഎഫ്‌ഐ പ്രതിനിധി സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022


സ്വന്തം ലേഖകൻ
ദീഗോ മറഡോണ നഗർ (സാൾട്ട്‌ലേക്ക്‌, കൊൽക്കത്ത)
വർഗീയശക്തികളുടെ കടന്നാക്രമണത്തിൽനിന്ന്‌ ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞയുമായി ഡിവൈഎഫ്‌ഐ 11–-ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന്‌ വെള്ളിയാഴ്‌ച തുടക്കമായി.

ഡിവൈഎഫ്‌ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ്‌ പതാക ഉയർത്തി. പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാർ ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎഫ്‌ഐ ദേശീയ, സംസ്ഥാന ഭാരവാഹികളും മുൻഭാരവാഹികളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും രക്തസാക്ഷി മണ്ഡപത്തിൽ അഭിവാദ്യം അർപ്പിച്ചു. അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം രക്തസാക്ഷി പ്രമേയവും തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി ബാലവേൽ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാനും പ്രശസ്‌ത നടനുമായ സബ്യസാചി ചക്രവർത്തി പ്രതിനിധികളെ സ്വാഗതം ചെയ്‌തു. തുടർന്ന്‌ അനശ്വര രക്തസാക്ഷികളുടെ ബന്ധുക്കളെ ആദരിച്ചു.

വികാരനിർഭരമായ ചടങ്ങിൽ കേരളത്തിൽനിന്ന്‌ രക്തസാക്ഷി ഹഖ്‌മുഹമ്മദിന്റെ പിതാവ്‌ അബ്‌ദുൾസമദും മിഥിലാജിന്റെ സഹോദരൻ നിസാമുദീനും എത്തിയിരുന്നു. എ എ റഹിമാണ്‌ പ്രസീഡിയം നിയന്ത്രിക്കുന്നത്‌. ബംഗാളിലെ ഇടതുപക്ഷ സർക്കാരിന്റെ സംഭാവന വ്യക്തമാക്കുന്ന ഫോട്ടോ പ്രദർശനം സിപിഐ എമ്മിന്റെ മുതിർന്ന നേതാവ്‌ ഗൗതംദേബ്‌ ഉദ്‌ഘാടനം ചെയ്‌തു. വൈകിട്ട്‌ നടന്ന മുൻഭാരവാഹികളുടെ സമ്മേളനത്തിൽ എം എ ബേബി, ഹന്നൻമൊള്ള, മുഹമ്മദ്‌സലീം, തപസ്‌സിൻഹ, തപൻ സെൻ, എം ബി രാജേഷ്‌ തുടങ്ങിയവർ വിപ്ലവ വഴിയിലെ ഓർമകൾ പങ്കിട്ടു. വിവിധ യുവജനസംഘങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top