29 March Friday

പൊതുസ്ഥലങ്ങളിലെ മാലിന്യംതള്ളൽ: സ്‌ക്വാഡ്‌ പ്രവർത്തനം ശക്തമാക്കണമെന്ന് മന്ത്രി എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Friday May 19, 2023

കൊച്ചി> പൊതുസ്ഥലങ്ങളിലെ മാലിന്യംതള്ളൽ കർശനമായി തടയാൻ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്ന് പൊലീസിനും കോർപറേഷനും മന്ത്രി എം ബി രാജേഷ് നിർദേശം നൽകി. കൊച്ചി കോർപറേഷനിലെ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതൽ മാലിന്യം സൃഷ്ടിക്കുന്ന ഫ്ലാറ്റുകൾ, കല്യാണമണ്ഡപങ്ങൾ, ലോഡ്ജുകൾ, ബേക്കറികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പൊലീസിന്റെ സഹായത്തോടെ കോർപറേഷൻ എൻഫോഴ്‌സ്‌മെന്റ് സ്‌കോഡുകൾ സ്‌പെഷ്യൽ ഡ്രൈവ് നടത്തണം. മാലിന്യസംസ്‌കരണത്തിന് നടപടി സ്വീകരിക്കാത്തവർക്കെതിരെ തുടർനടപടി സ്വീകരിക്കണം. എൻഫോഴ്‌സ്‌മെന്റ് നടപടികളുടെ റിപ്പോർട്ട് ഒരാഴ്‌ചയ്‌ക്കകം കോർപറേഷൻ സെക്രട്ടറി നൽകണം.

എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ എണ്ണം വർധിപ്പിക്കും. മാലിന്യം തള്ളുന്ന പ്രദേശങ്ങളിൽ കാമറകൾ സ്ഥാപിച്ച്, കുറ്റം ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കും.  ഹരിതകർമസേനയുമായി സഹകരിക്കാത്തവർക്ക് ജൂൺ ഒന്നിനകം കോർപറേഷൻ നോട്ടീസ്‌ നൽകും. യൂസർ ഫീസ് നൽകാത്തവരിൽനിന്ന് പിഴസഹിതം ഫീസ് ഈടാക്കാനും മന്ത്രി നിർദേശിച്ചു. ഹരിതകർമസേനയുടെ പ്രവർത്തനങ്ങളും മന്ത്രി വിലയിരുത്തി. അയ്യപ്പൻകാവിലെ സിഡ്‌കോയുടെ സ്ഥലം ആർആർഎഫ് (റിസോഴ്സ് റിക്കവറി ഫെസിലിറ്റി), എംസിഎഫ് (മെറ്റിരിയൽ കലക്‌ഷൻ ഫെസിലിറ്റി) എന്നിവ സ്ഥാപിക്കുന്നതിന് ഉപയോഗിക്കും. എല്ലാ ഡിവിഷനുകളിലും എംസിഎഫ് സ്ഥാപിക്കും. ആർആർഎഫ് സ്ഥാപിക്കുന്നതും വേഗം പൂർത്തിയാക്കും.

മേയർ എം അനിൽകുമാർ, കലക്ടർ എൻ എസ് കെ ഉമേഷ്, ഡെപ്യുട്ടി മേയർ കെ എ ആൻസിയ, ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ടി കെ അഷ്‌റഫ്, കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണർ എസ് ശശിധരൻ, കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top