29 March Friday

ആദ്യം മാസ്‌ക്‌ കയറ്റുമതി; പിന്നെ, 
പഴ ലഹരി ഇറക്കുമതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022


കാലടി
മാസ്‌കും പിപിഇ കിറ്റും കയറ്റുമതിചെയ്‌ത സ്ഥാപനത്തിലേക്ക്‌ നിലവിൽ ഇറക്കുമതി മാരകമയക്കുമരുന്നുകൾ. കോവിഡ്‌ കാലത്താണ്‌ മാസ്‌കുൾപ്പെടെയുള്ളവയുടെ കയറ്റുമതിക്ക്‌ ദുബായ്‌ ആസ്ഥാനമായ  യമ്മിറ്റോ ഇന്റർനാഷണലിന്റെ പേരിൽ വിജിൻ വർഗീസ്‌ ഗോഡൗൺ തുറന്നത്‌. പിന്നീട്‌ പഴങ്ങളുടെ ഇറക്കുമതിയും വിൽപനയുമായി. ഇതിന്റെ മറവിലായിരുന്നു കോടികളുടെ ലഹരി ഇടപാട്‌.

ആദ്യം അങ്കമാലിയിൽ വാടക ഗോഡൗണായിരുന്നു. പിന്നീടത്‌ കാലടി–-മലയാറ്റൂർ റോഡിലേക്ക്‌ മാറ്റി. പഴം ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള ആധുനിക ശീതീകരണ സംവിധാനവും ഇവിടെയുണ്ടായിരുന്നു. ദക്ഷിണാഫ്രിക്ക, തുർക്കി, ബ്രസീൽ രാജ്യങ്ങളിൽനിന്നുള്ള പഴങ്ങൾ പലതും ധാരാളമായി ഇറക്കുമതി ചെയ്‌ത്‌  വൻവിലക്കുറവിൽ വിറ്റിരുന്നു.  മറ്റ്‌  വിൽപ്പനകേന്ദ്രങ്ങളിലേതിന്റെ പകുതിയായിരുന്നു ഈ മൊത്തവ്യാപാരകേന്ദ്രത്തിലെ വില. 200 രൂപ വിലയുള്ള ആപ്പിൾ 100ന്‌ നൽകി. സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും ഓഫീസുകൾ ഉണ്ടെന്നായിരുന്നു അവകാശവാദം.  ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യു ഇന്റലിജൻസ്‌ (ഡിആർഐ) മുംബൈയിൽ നടത്തിയ റെയ്‌ഡിലാണ്‌  ദക്ഷിണാഫ്രിക്കയിൽനിന്ന്‌ ഇറക്കുമതി ചെയ്‌ത ഓറഞ്ചുപെട്ടികൾക്കുള്ളിൽ ഒളിപ്പിച്ചനിലയിൽ 1476 കോടി രൂപയുടെ ലഹരിമരുന്ന്‌ കണ്ടെത്തിയത്‌.

സൂത്രധാരൻ മൻസൂറോ

1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസിൽ മലപ്പുറം ഇന്ത്യനൂർ സ്വദേശി തച്ചപറമ്പൻ മൻസൂറി (45)ന്റെ  വീട്ടിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) സംഘം പരിശോധിച്ചു.   ഞായറാഴ്‌ചയായിരുന്നു അതീവ രഹസ്യമായ പരിശോധന. നിലവിൽ ദക്ഷിണാഫ്രിക്കയിലുള്ള മൻസൂറാണ്‌ ലഹരിക്കടത്തിന്റെ സൂത്രധാരനെന്ന്‌ ഡിആർഐ സംഘം പറഞ്ഞു. മുംബൈയിൽ അറസ്‌റ്റിലായ എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസ്‌ ഇയാളുടെ ബിസിനസ് പങ്കാളിയാണ്‌. ഇവരുടെ മോർ ഫ്രഷ് എക്സ്പോർട്സ് വഴി ഓറഞ്ച് ഇറക്കുമതിയുടെ മറവിലായിരുന്നു ലഹരിക്കടത്ത്.   

എന്നാൽ മൻസൂറിന്‌ ലഹരിക്കടത്തിൽ പങ്കില്ലെന്ന് പിതാവ് മൊയ്തീൻ അഹമ്മദ് പറഞ്ഞു.  ഞായറാഴ്ച രാവിലെ ആറരയോടെ ബെല്ലടിക്കുന്നതുകേട്ടു വാതിൽ തുറക്കുമ്പോൾ രണ്ട്‌ വാഹനത്തിൽ ആളുകൾ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. അവർ എന്നെ കണ്ടപ്പോൾ ഡിആർഐയിൽനിന്നാണെന്നും വീട്‌ പരിശോധിക്കണമെന്നും അറിയിച്ചു. ഇക്കാര്യത്തിൽ പ്രത്യേകിച്ച് ഒന്നും അറിയില്ല. സഹായിയായ ഗുജറാത്ത് സ്വദേശിയാണ്‌ കണ്ടെയ്നറിൽ പാഴ്സൽ നിറച്ചത്‌. അപ്പോൾ മൻസൂർ നാട്ടിലായിരുന്നെന്നും മൊയ്‌തീൻ അഹമ്മദ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top