20 April Saturday

കൊറിയർവഴി മയക്കുമരുന്ന്‌ കടത്ത്‌; യൂത്ത്‌ ലീഗ്‌ നേതാവ്‌ താഹ ഉമ്മർ നിരവധി കേസുകളിൽ പ്രതി

സ്വന്തം ലേഖകൻUpdated: Sunday Sep 25, 2022

മങ്കട > സൗദിയിലേക്ക് കൊറിയർവഴി മയക്കുമരുന്നായി ഉപയോഗിക്കാവുന്ന ക്ലോണാസെപാം അയച്ച കേസിൽ ബംഗളൂരു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്‌ത കൂട്ടിലങ്ങാടി ചെലൂരിലെ പടിക്കമണ്ണിൽ സ്വദേശി താഹ ഉമ്മർ യൂത്ത്‌ ലീഗ്‌ നേതാവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും.

യൂത്ത് ലീഗ് കൂട്ടിലങ്ങാടി പഞ്ചായത്ത് സെക്രട്ടറിയായ താഹ മലപ്പുറം കുന്നുമ്മലിലെ ആലിയ മെഡിക്കൽ സ്‌റ്റോർ ഉടമയാണ്‌.  സൗദിയിലേക്ക് അയച്ച കൊറിയർ വിമാനത്താവളത്തിൽനിന്നാണ്‌ പിടികൂടിയത്‌. പിന്നീട്‌ താഹ ഉമ്മറിനെ പൊലീസിന്റെ സഹായത്തോടെ ബംഗളൂരു നാർകോട്ടിക്‌ ബ്യൂറോ  കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

 പൊതുമുതൽ നശിപ്പിച്ചതിനും വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും താഹക്കെതിരെ കേസുണ്ട്‌. അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക്‌ കോളേജിൽ വിദ്യാർഥികളെ ആക്രമിച്ചതിനും കേസുണ്ട്‌. പോളി  ആക്രമണ കേസിനെ തുടർന്ന്  രാജ്യം വിടാൻ ശ്രമിച്ചപ്പോൾ കരിപ്പൂർ  പൊലീസിന്റെ പിടിയിലായി.
 
വീട് ആക്രമിച്ച് സ്ത്രീയുടെ കൈ തല്ലിയൊടിച്ച കേസിൽ ഹൈക്കോടതിയിൽനിന്നാണ് ജാമ്യം ലഭിച്ചത്.  ഉംറയ്‌ക്ക്‌ പോയ ബന്ധുക്കളുടെ കൈവശം നിരോധിത മരുന്ന് കടത്താൻ ശ്രമിച്ചതിനും കേസുണ്ട്. 2015ലെ പഞ്ചായത്ത് തെരഞ്ഞടുപ്പിൽ കൂട്ടിലങ്ങാടി പഞ്ചായത്തിൽ 14-ാം വാർഡിൽ  മുസ്ലിംലീഗ്‌ സ്ഥാനാർഥിയായിരുന്ന താഹയ്‌ക്കെതിരെ ബൂത്ത്‌ പിടിക്കാൻ ശ്രമിച്ചതിനും കേസെടുത്തിരുന്നു. 2020-ലെ പഞ്ചായത്ത്‌  തെരഞ്ഞടുപ്പിൽ എതിർ സ്ഥാനാർഥിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനും കേസുണ്ട്‌. മലപ്പുറത്ത് നടന്ന കെ റെയിൽവിരുദ്ധ  സമരത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസിനെ ആക്രമിച്ച് പൊലീസിന്റെ ഷീൽഡിൽ മുഖ്യമന്ത്രിക്ക് എതിരെയുള്ള ലുക്കൗട്ട് നോട്ടീസ് പതിച്ച കേസിലും ഇയാൾ  പ്രതിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top