20 April Saturday

സംസ്ഥാനത്തെ സ്‌ത്രീകൾ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരും; കേരളത്തെ പ്രശംസിച്ച്‌ രാഷ്‌ട്രപതി

സ്വന്തം ലേഖകൻUpdated: Friday Mar 17, 2023


തിരുവനന്തപുരം
കേരളം സ്‌ത്രീശാക്തീകരണത്തിന്റെ തിളക്കമാർന്ന മാതൃകയാണെന്ന്‌ രാഷ്‌ട്രപതി ദ്രൗപദി മുർമു.  ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയം സഹായ ശൃംഖലകളിലൊന്നായി കുടുംബശ്രീ മാറിയതായും രാഷ്‌ട്രപതി പറഞ്ഞു. സംസ്ഥാന സർക്കാർ ഒരുക്കിയ പൗരസ്വീകരണത്തിൽ  കുടുംബശ്രീയുടെ  വിവിധ  പദ്ധതികൾ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അവർ. 

നിരവധി മാനവിക സൂചികകളിൽ കേരളത്തിന്റെ മികച്ച പ്രകടനം പ്രതിഫലിക്കുന്നതായി രാഷ്‌ട്രപതി പറഞ്ഞു. കേരളത്തിലെ സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണ്‌. രാജ്യത്തെ ഏറ്റവും മികച്ച സ്‌ത്രീ–- പുരുഷ അനുപാതം ഇവിടെയാണ്‌. സ്ത്രീകളിൽ ഉൾപ്പെടെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കും കൈവരിച്ചു. അമ്മമാരുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ശിശുമരണ നിരക്ക്‌ തടയുന്നതിലും കേരളം  മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നു. 

രാജ്യത്ത് വിവിധ മേഖലകളിൽ ആദ്യനേട്ടം കൈവരിച്ചത്‌ കേരളത്തിലെ സ്ത്രീകളാണ്.  ഉണ്ണിയാർച്ച, നങ്ങേലി, ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങളായിരുന്ന അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ, ആനി മസ്‌ക്രീൻ,  ഹൈക്കോടതിയിലെ ആദ്യവനിതാ ജസ്റ്റിസ്‌ അന്ന ചാണ്ടി, സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ്‌ എം ഫാത്തിമാ ബീവി, അക്ഷരലക്ഷം പദ്ധതിയിൽ ഒന്നാം റാങ്ക്‌ നേടിയ  96 വയസുകാരി കാർത്ത്യായനിയമ്മ തുടങ്ങിയവർ സ്‌ത്രീശാക്തീകരണത്തിന്റെ തിളക്കമാർന്ന മാതൃകകളാണ്‌.

ഭവനനിർമാണം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാർഗം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലൂടെ സംസ്ഥാനത്ത്‌ പട്ടികവിഭാഗങ്ങളുടെ ക്ഷേമത്തിന്‌ ഉയർന്ന മുൻഗണന നൽകുന്നതിൽ  അതിയായ സന്തോഷമുണ്ട്‌. യുനെസ്‌കോയുടെ ആഗോള പഠനശൃംഖലയിലെ മൂന്ന്‌ ഇന്ത്യൻ നഗരത്തിൽ രണ്ടെണ്ണം നിലമ്പൂരും തൃശൂരുമാണ്‌. ശാസ്‌ത്ര ഗവേഷണത്തിനും വികസനത്തിനുമായി അത്യാധുനിക സൗകര്യങ്ങളുള്ള നാടാണ്‌ കേരളമെന്നതിൽ അഭിമാനിക്കാമെന്നും രാഷ്‌ട്രപതി പറഞ്ഞു.

സംസ്ഥാന സർക്കാർ തിരുവനന്തപുരത്തു സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്   
കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു. മന്ത്രി എം ബി രാജേഷ്, സ്പീക്കർ എ എൻ ഷംസീർ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മന്ത്രി കെ രാധാകൃഷ്ണൻ എന്നിവർ സമീപം                         ഫോട്ടോ: ഷിബിൻ ചെറുകര

സംസ്ഥാന സർക്കാർ തിരുവനന്തപുരത്തു സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് 
കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു. മന്ത്രി എം ബി രാജേഷ്, സ്പീക്കർ എ എൻ ഷംസീർ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മന്ത്രി കെ രാധാകൃഷ്ണൻ എന്നിവർ സമീപം ഫോട്ടോ: ഷിബിൻ ചെറുകര

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top