10 June Saturday
ഇന്ന്‌ തിരുവനന്തപുരത്ത്‌ സംസ്ഥാന സർക്കാരിന്റെ പൗരസ്വീകരണം

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കേരളത്തിന്റെ ഹൃദ്യ സ്വീകരണം

പ്രത്യേക ലേഖകൻUpdated: Thursday Mar 16, 2023

രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു


കൊച്ചി
കേരളത്തിൽ ആദ്യമായി എത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഹൃദ്യമായ സ്വീകരണം. മൂന്നുദിവസമാണ്‌ കേരള സന്ദർശനം. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വ്യാഴം പകൽ 1.45ന്‌ നെടുമ്പാശേരിയിൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ചീഫ് സെക്രട്ടി വി പി ജോയ്, ഡിജിപി അനിൽകാന്ത്, റിയർ അഡ്മിറൽ അജയ് ഡി തിയോഫിലസ്, ജില്ലാ കലക്ടർ എൻ എസ്‌ കെ ഉമേഷ്, റൂറൽ എസ്‌പി വിവേക് കുമാർ എന്നിവരും സ്വീകരിക്കാനെത്തി. 

തുടർന്ന്‌ ഹെലികോപ്‌റ്ററിൽ ദക്ഷിണ നാവികസേന ആസ്ഥാനത്ത്‌ എത്തിയ രാഷ്‌ട്രപതി, തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ്‌ വിക്രാന്ത്‌ സന്ദർശിച്ചു. തുടർന്ന് നാവികസേനയുടെ പരിശീലനകേന്ദ്രമായ ഫോർട്ട്‌ കൊച്ചി ഐഎൻഎസ്‌ ദ്രോണാചാര്യയ്‌ക്ക്‌ രാഷ്‌ട്രപതിയുടെ പ്രത്യേക ബഹുമതിയായ നിഷാൻ സമ്മാനിച്ചു. വൈകിട്ട് 6.30ന്‌ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. ഗവർണർ, മുഖ്യമന്ത്രി എന്നിവരുടെ നേതൃത്വത്തിലാണ്‌ തിരുവനന്തപുരത്തേക്ക്‌ രാഷ്‌ട്രപതിയെ യാത്രയാക്കിയത്‌.

വെള്ളി രാവിലെ കൊല്ലം മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കും. തിരികെ തിരുവനന്തപുരത്ത്‌ എത്തുന്ന രാഷ്‌ട്രപതി കവടിയാർ ഉദയ്‌ പാലസ്‌ കൺവൻഷൻ സെന്ററിൽ സംസ്ഥാന സർക്കാരിന്റെ പൗരസ്വീകരണത്തിലും തുടർന്ന്‌ മറ്റു ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും.
ശനി രാവിലെ കന്യാകുമാരി സന്ദർശിക്കും. ഉച്ചയ്‌ക്ക്‌ ലക്ഷദ്വീപിലേക്ക്‌ പോകും. 21ന്‌ തിരികെ കേരളത്തിലെത്തുന്ന രാഷ്‌ട്രപതി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന്‌ ഡൽഹിയിലേക്ക്‌ മടങ്ങും.

ദ്രോണാചാര്യക്ക്‌ രാഷ്‌ട്രപതി 
പുത്തൻ പതാക സമ്മാനിച്ചു
നാവികസേനയുടെ ചരിത്രത്തിൽ പുത്തൻ ഏട്‌ എഴുതിച്ചേർത്ത്‌ നാവികപരിശീലന കേന്ദ്രമായ ഫോർട്ട്‌ കൊച്ചിയിലെ ഐഎൻഎസ്‌ ദ്രോണാചാര്യ. ഖാദി സിൽക്കിൽ തുന്നി, അലങ്കാരപ്പണികളോടെ പുതുമയേറ്റിയ നാവികസേനയുടെ പുത്തൻ പതാകയായ പ്രസിഡന്റ്‌സ്‌ കളർ രാജ്യത്തിന്റെ സർവസൈന്യാധിപകൂടിയായ രാഷ്‌ട്രപതി ദ്രൗപദി മുർമു ദ്രോണാചാര്യക്ക്‌ സമ്മാനിച്ചു. ദ്രോണാചാര്യയിൽ നടന്ന ആചാരപരമായ ചടങ്ങിൽ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, നാവികസേനാ മേധാവി അഡ്‌മിറൽ ആർ ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.

വൈകിട്ട്‌ നാലരയോടെ ദ്രോണാചാര്യയിലെ വേദിയിലേക്ക്‌ എത്തിയ രാഷ്‌ട്രപതിയെ പ്രൗഢമായി വരവേറ്റ്‌ 21 ആചാരവെടി മുഴങ്ങി. 150 നാവികസേനാ അംഗങ്ങളുടെ ഗാർഡ്‌ ഓഫ്‌ ഓണറും നൽകി. തുടർന്ന്‌ ചടങ്ങുകളുടെ ഭാഗമായി പരേഡ്‌ മൈതാനത്തിനുനടുവിൽ നേവൽ ബാൻഡ് ഡ്രമ്മുകൾ അടുക്കിവച്ചു. അനാച്ഛാദനം ചെയ്‌ത പുതിയ പതാക അതിൽ വിരിച്ചു. ഹിന്ദു, സിഖ്‌, മുസ്ലിം, ക്രൈസ്‌തവ പുരോഹിതർ അതത്‌ മതാചാരപ്രകാരമുള്ള പ്രാർഥനകൾ അർപ്പിച്ചു. തൊപ്പിയൂരി നാവികസേനാ അംഗങ്ങളും മറ്റു വിശിഷ്‌ടാതിഥികളും എഴുന്നേറ്റുനിന്ന്‌ ഇതിൽ പങ്കാളികളായി.

തുടർന്ന്‌ രാഷ്‌ട്രപതിയിൽനിന്ന്‌ അഡ്‌മിറൽ ആർ ഹരികുമാർ, ലഫ്‌. കമാൻഡന്റ്‌ ദീപക്‌ സ്‌കറിയ എന്നിവർ ചേർന്ന്‌ പതാക ഏറ്റുവാങ്ങി. പതാകയേന്തി മൈതാനത്ത്‌ മാർച്ചുചെയ്‌ത നാവിക പരേഡിനെ വിശിഷ്‌ടാതിഥികളും സേനാ അംഗങ്ങളും അഭിവാദ്യം ചെയ്‌തു. 30 മിനിറ്റോളം നീണ്ട ചടങ്ങിനൊടുവിൽ തപാൽവകുപ്പ്‌ പുറത്തിറക്കിയ പ്രത്യേക തപാൽകവറും രാഷ്‌ട്രപതി പ്രകാശിപ്പിച്ചു. പോസ്‌റ്റ്‌ മാസ്‌റ്റർ ജനറൽ മഞ്ജു പി പിള്ള ഏറ്റുവാങ്ങി. ദക്ഷിണ നാവികസേനാ ഫ്ലാഗ്‌ ഓഫീസർ കമാൻഡിങ് ഇൻ ചീഫ്‌ വൈസ്‌ അഡ്‌മിറൽ എം എ ഹംബിഹോളിയും ഉന്നത ഓഫീസർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു.

കഴിഞ്ഞ സെപ്‌തംബറിൽ കൊച്ചിയിൽ നടന്ന ചടങ്ങിലാണ്‌ പുതിയ നാവികപതാക പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്‌. നാവികപതാകയായ നേവൽ എൻസൈനുമായി സാമ്യമുള്ളതാണിത്‌. വെള്ള പശ്‌ചാത്തലത്തിൽ ദേശീയപതാകയും അഷ്‌ടമുഖരൂപത്തിൽ ആലേഖനം ചെയ്‌ത നാവികസേനയുടെ നങ്കൂരത്തിൽ സ്ഥാപിച്ച അശോകസ്‌തംഭവും മൂന്നുവശങ്ങളിലും മഞ്ഞ തൊങ്ങലുകളുമാണ്‌ പുതിയ പതാകയിലുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top