26 April Friday
ജുഡീഷ്യൽ കസ്റ്റഡി ജൂൺ 5വരെ നീട്ടി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് ആശുപത്രിയിലെ പ്രത്യേക സെല്ലിൽ

സ്വന്തം ലേഖകൻUpdated: Wednesday May 24, 2023

കൊല്ലം > കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി ജി സന്ദീപിന്റെ മാനസികനില വിലയിരുത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ പ്രത്യേക സെല്ലിൽ പ്രവേശിപ്പിച്ചു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി ചൊവ്വാഴ്‌ച അവസാനിച്ചതിനെത്തുടർന്ന്‌ പ്രതിയെ സെൻട്രൽ ജയിലിൽനിന്ന്‌ ഓൺലൈനായി കോടതി മുമ്പാകെ ഹാജരാക്കി. പ്രതിയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂൺ അഞ്ചുവരെ നീട്ടി.

മനോരോ​ഗ നിർണയത്തിനായി സന്ദീപിന്‌ വിശദപരിശോധന ആവശ്യമാണെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്‌ പരിശോധിച്ചശേഷമാണ്‌ ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയ്യാൻ കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട് എസ്‌ എൻ രാജേഷ്‌ ഉത്തരവിട്ടത്‌. തുടർന്നാണ്‌ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

തലച്ചോറും നാഡിവ്യൂഹവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തകരാറുണ്ടോ എന്നതാകും പ്രധാനമായി പരിശോധിക്കുക. ഇക്കാര്യം മെഡിക്കൽ ബോർഡ്‌ വിലയിരുത്തും. സന്ദീപ് നേരത്തെ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു. ഇതു മയക്കുമരുന്ന് ഉപയോ​ഗത്തിന്റെ ഭാ​ഗമായ വിത്ഡ്രോവൽ ലക്ഷണങ്ങളാണോയെന്ന്‌ വിശദപരിശോധനയിൽ മാത്രമേ കണ്ടെത്താനാകൂ. മെഡിക്കൽ കോളേജ് ആർഎംഒ മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള  വിദ​ഗ്‌ധരടങ്ങിയ മെഡിക്കൽ ബോർഡാണ്‌ സന്ദീപിനെ നിരീക്ഷിക്കുന്നത്. മെഡിക്കൽ സംഘത്തിൽ സൈക്യാട്രിസ്റ്റ്‌, സൈക്കോളജിസ്റ്റ്, ഓർത്തോ, ഫിസിഷ്യൻ, ന്യൂറോ സർജൻ എന്നിവരുമുണ്ട്‌.

കസ്റ്റഡിയിൽ ലഭിച്ച അഞ്ചുദിവസം അന്വേഷകസംഘം പ്രതിയെ വിശദമായി ചോദ്യംചെയ്‌തിരുന്നു. കൊട്ടാരക്കര താലൂക്കാശുപത്രിയിലും ജന്മനാടായ ചെറുകരക്കോണത്തും എത്തിച്ച് തെളിവെടുത്തു. ഡോ. വന്ദനാ ദാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്‌ത ഡോ. കെ വത്സല സംഭവംനടന്ന കൊട്ടാരക്കര താലുക്കാശുപത്രിയിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തി. ശ്വാസകോശത്തിലുണ്ടായ ആഴത്തിലുള്ള മുറിവാണ്‌ മരണകാരണമെന്നാണ്‌  പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. ശാസ്‌ത്രീയ പരിശോധനാ ഫലം വരാനുണ്ട്‌.

സാക്ഷികളുടേത്‌ ഉൾപ്പെടെ മൊഴിയെടുപ്പ്‌ തുടരുന്നു. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ  കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 27ന്‌ പരിഗണിക്കും. 60 ദിവസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുള്ള നീക്കത്തിലാണ്‌  അന്വേഷകസംഘം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top