28 March Thursday

കേരളത്തെ ബദല്‍ വൈജ്ഞാനിക സമൂഹമാക്കി മാറ്റാനാകും:- മന്ത്രി ആര്‍ ബിന്ദു

സ്വന്തം ലേഖകൻUpdated: Monday Oct 18, 2021

കാലടി > സാമൂഹിക നീതിക്ക് പ്രാധാന്യം നൽകി കേരളത്തെ ബദൽ വൈജ്ഞാനിക സമൂഹമാക്കി മാറ്റാനാകുമെന്ന്‌ ഉന്നതവിദ്യാഭ്യാസമന്ത്രി  ആർ ബിന്ദു. സംസ്‌കൃത സർവകലാശാലയിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ വികസനത്തിന് സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൽപ്പാദിപ്പിക്കുന്ന അറിവ് ഉപയോഗിക്കാനായാൽ വൈജ്ഞാനിക മേഖലയിൽ കേരളത്തിന്‌ മറ്റൊരു മാതൃകകൂടി സ്ഥാപിക്കാനാകും.

സർവകലാശാലയിൽ ഒരുക്കിയ ഇൻക്യുബേഷൻ സെന്റർ യുവാക്കളായ  സംരംഭകർക്ക് കരുത്തുപകരും. പുതിയ വൈദഗ്ധ്യങ്ങളിലേക്കും തൊഴിൽമേഖലകളിലേക്കും വാതിൽതുറക്കാൻ എംഎ മ്യൂസിയോളജി കോഴ്‌സിന്‌ കഴിയുമെന്നും  മന്ത്രി പറഞ്ഞു. സംസ്‌കൃത സർവകലാശാലയെ സമ്പൂർണ ഡിജിറ്റൽ അധ്യയനത്തിലേക്ക് മാറിയ സർവകലാശാലയായി മന്ത്രി പ്രഖ്യാപിച്ചു.

ആധുനിക ഓപ്പൺ എയർ ഓഡിറ്റോറിയം, റെക്കോഡിങ് സ്റ്റുഡിയോ, ബിസിനസ് ഇൻക്യുബേഷൻ സെന്റർ, കനകധാര മ്യൂസിയം എന്നിവ നിർമിച്ച സർവകലാശാലയെ മന്ത്രി അഭിനന്ദിച്ചു. സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അധ്യക്ഷനായി. പ്രോ വിസി ഡോ. കെ എസ് രവികുമാർ, സിൻഡിക്കറ്റ്‌ അംഗങ്ങളായ ഡോ. പി ശിവദാസൻ, പ്രൊഫ. ഡി സലിംകുമാർ, പ്രൊഫ. എസ്‌ മോഹൻദാസ്, രജിസ്ട്രാർ ഡോ. എം ബി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സർവകലാശാല ജീവനക്കാർ സമാഹരിച്ച  11.66 ലക്ഷം രൂപയുടെ ചെക്ക് വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് മന്ത്രിക്ക്‌ കൈമാറി. മ്യൂസിയം രൂപകൽപ്പന ചെയ്‌തവരെ മന്ത്രി ആദരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top