25 April Thursday

ഖുർആൻ കുറ്റക്കാരനല്ലാത്തതിനാൽ നിരുപാധികം വിട്ടയക്കണം: ഡോ. ഹുസൈൻ മടവൂർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020


കോഴിക്കോട്‌ > സ്വർണക്കടത്ത് നടത്തിയവരെ ശിക്ഷിക്കട്ടെ, നിരപരാധിയായ വിശുദ്ധ ഖുർആനിനെ കുറ്റക്കാരനല്ലെന്നതിനാൽ നിരുപാധികം വിട്ടയക്കണമെന്ന്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതാവും കോഴിക്കോട്‌ പാളയം ജുമാമസ്‌ജിദ്‌ ചീഫ്‌ ഇമാമുമായ ഡോ. ഹുസൈൻ മടവൂർ. സ്വർണക്കടത്തിൽ പങ്കാളികളായിട്ടുണ്ടെന്ന് തെളിഞ്ഞാൽ അവരെയെല്ലാം മാതൃകാപരമായി ശിക്ഷിക്കണം. എന്നാൽ അതിനിടയിലൂടെ വിശുദ്ധ ഖുർആൻ വിതരണം നടന്നുവെന്ന് പറഞ്ഞ്  സ്വർണക്കടത്തിനേക്കാളും ഭീകരപ്രവർത്തനങ്ങളേക്കാളും ഖുർആൻ വാർത്താ മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് സങ്കടകരമാണ്.

കള്ളക്കടത്തിന്റെ പട്ടികയിൽ ഈ പവിത്ര ഗ്രന്ഥത്തെ ഉൾപ്പെടുത്തുന്നത് ക്രൂരതയാണ്. ഖുർആൻ "ഒളിച്ച് കടത്തേണ്ട’ ആവശ്യം ആർക്കുമില്ല.

നികുതി വെട്ടിച്ച് കൊണ്ടുവന്ന് വിറ്റാൽ സ്വർണം പോലെ  ലാഭമുണ്ടാക്കാവുന്ന ഒന്നല്ല ആ ഗ്രന്ഥം. അതിനാൽ അത് സംബന്ധമായ ആരോപണങ്ങളും മറുപടികളും ചർച്ചകളും അനാവശ്യമാണ്. ഖുർആൻ ഇന്ത്യയിൽ നിരോധിച്ച ഗ്രന്ഥവുമല്ല. അത് മുസ്ലിങ്ങളുടെ സ്വകാര്യ സ്വത്തല്ല, മുഴുവൻ മനുഷ്യർക്കും അവകാശപ്പെട്ടതാണ്. വിദേശങ്ങളിൽ അച്ചടിച്ച ഖുർആൻ ഇന്ത്യയുൾപ്പെടെ മിക്ക രാജ്യങ്ങളിലേക്കും സൗജന്യമായി വിതരണത്തിന്‌ ലഭിക്കാറുണ്ട്.

പല എംബസികളിലും അതിഥികൾക്ക്‌  സ്നേഹോപഹാരമായി നൽകാറുമുണ്ട്. ഇതിനൊന്നും നമ്മുടെ രാജ്യത്തും വിലക്കില്ല. കസ്റ്റംസ് ക്ലിയറൻസും കാര്യങ്ങളുമെല്ലാം പരിശോധിച്ച് ഉറപ്പാക്കാവുന്നതേയുള്ളൂ. പവിത്ര ഗ്രന്ഥത്തിന്റെ പേരിൽ വിവാദമുണ്ടാവുന്നത് മലയാളികൾക്ക് പേരുദോഷം വരുത്തുന്നതാണെന്ന്‌ -ഹുസൈൻ മടവൂർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top