20 June Thursday

ഡോ. ചാന്ദ്‌നി മോഹന്റെ സ്‌മരണയിൽ ‘ആർദ്രദർശന’ത്തിന്‌ തുടക്കം

പ്രത്യേക ലേഖകൻUpdated: Sunday May 28, 2023


കൊച്ചി
രോഗത്തിന്റെ വേദനകൾക്കിടയിലും സഹജീവികളോടുള്ള കരുതലിന്റെ പ്രതീകമായിരുന്ന ആരോഗ്യപ്രവർത്തകയുടെ സ്‌മരണ ഇനിയും സഹജീവികൾക്ക്‌ കാരുണ്യമേകും.  റിട്ട. ജസ്‌റ്റിസ്‌ വി കെ മോഹനന്റെയും യു എസ്‌ ഗീതയുടെയും മകൾ അന്തരിച്ച ഡോ. ചാന്ദ്‌നി മോഹന്റെ സ്‌മരണയ്‌ക്കായി രൂപീകരിച്ച ‘ആർദ്രദർശനം’ ചാരിറ്റബിൾ ട്രസ്‌റ്റ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. എറണാകുളം ടൗൺഹാളിൽ നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ  ആരോഗ്യപ്രവർത്തകരും വിദ്യാർഥികളും അധ്യാപകരും ന്യായാധിപരും അഭിഭാഷകരുമടക്കം നിരവധിപേർ പങ്കെടുത്തു.

ഹൈക്കോടതി നിയുക്ത ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ വി ഭാട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എം കെ സാനു അധ്യക്ഷനായി.  വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി വീണാ ജോർജ്‌ ലോഗോ പ്രകാശിപ്പിച്ചു. മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, ടി ജെ വിനോദ്‌ എംഎൽഎ, ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം, റിട്ട. ജസ്‌റ്റിസ്‌ പി എസ്‌ ഗോപിനാഥൻ, അഡ്വ. പാർവതി സഞ്‌ജയ്‌, ട്രസ്‌റ്റ്‌ ട്രഷറർ ജസ്‌റ്റിസ്‌ വി കെ മോഹനൻ,  മാനേജിങ്‌ ട്രസ്‌റ്റി യു എസ്‌ ഗീത, ചാന്ദ്‌നിയുടെ ഭർത്താവും ട്രസ്‌റ്റ്‌ സെക്രട്ടറിയുമായ ഡോ. ഹിരൺ രമണൻ  എന്നിവർ സംസാരിച്ചു.

പിറവം ഗവ. ആശുപത്രിയിൽ അസിസ്‌റ്റന്റ്‌ സർജനായിരിക്കെ കഴിഞ്ഞ ഒക്‌ടോബർ എട്ടിനാണ്‌ ഡോ. ചാന്ദ്‌നി അർബുദത്തെ തുടർന്ന്‌ അന്തരിച്ചത്‌.  സാമ്പത്തികമായും സാമൂഹികമായും പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്ക്‌ സ്‌കോളർഷിപ്‌, മികച്ച വിദ്യാർഥികൾക്ക്‌ അവാർഡ്‌,  മെഡിക്കൽ ക്യാമ്പുകൾ, ചികിത്സാസഹായം എന്നിവ ട്രസ്‌റ്റിന്റെ മുഖ്യലക്ഷ്യങ്ങളാണ്‌. ചാന്ദ്‌നി പഠിച്ച എറണാകുളം കച്ചേരിപ്പടി സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂളിലെയും ചേർപ്പുങ്കൽ ഹോളി ക്രോസ്‌ ഹയർ സെക്കൻഡറി സ്‌കൂളിലെയും  മികച്ച വിജയം നേടിയ വിദ്യാർഥിക്കും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കംനിൽക്കുന്ന രണ്ടു വിദ്യാർഥികൾക്കും സ്‌കോളർഷിപ് നൽകി. തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളേജിലെ മികച്ച ഹൗസ്‌ സർജന്‌ 10,000 രൂപ ക്യാഷ്‌ അവാർഡും സമ്മാനിച്ചു.

സാന്ത്വനത്തിന്റെ 
സ്‌നേഹസ്‌പർശം: 
മുഖ്യമന്ത്രി
ജീവിച്ച ചെറിയകാലയളവിലെ പ്രവർത്തനങ്ങൾകൊണ്ട്‌ കാലത്തിനുമപ്പുറം കടന്നുനിൽക്കുന്ന വ്യക്തിത്വമാണ്‌ ഡോ. ചാന്ദ്‌നി മോഹനെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാന്ത്വനത്തിന്റെ സ്‌നേഹസ്‌പർശമായിരുന്നു ഡോ. ചാന്ദ്‌നി മോഹനെന്നും ആർദ്രദർശനം ചാരിറ്റബിൾ ട്രസ്‌റ്റ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.

രോഗത്തിന്റെ വേദനകൾക്കിടയിലും കോവിഡുകാലത്ത്‌ സഹജീവികളുടെ വേദനമാറ്റാൻ കാണിച്ച ചാന്ദ്‌നിയുടെ നിശ്‌ചയദാർഢ്യം മഹത്തരമാണ്‌. തളർന്നുപോകുന്നുവെന്ന തോന്നലില്ലാതെ സ്വജീവിതംകൊണ്ട്‌ അന്യജീവിതത്തിനു സാന്ത്വനമേകി. ആർദ്രദർശനംവഴിയുള്ള സഹായം അക്കാദമിക്‌ രംഗത്ത്‌ മുന്നേറാനുള്ള വഴി മാത്രമാകാതെ, സഹജീവികൾക്ക്‌ സാന്ത്വനമേകാനുള്ള അവസരമാക്കാനും വൈദ്യശാസ്‌ത്രമേഖലയിലെ വിദ്യാർഥികളെ പ്രാപ്‌തരാക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top