29 March Friday

വിസ്‌മയ കേസ്: ഭർത്താവ് കിരൺ കുമാർ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

കൊല്ലം> ബിഎഎംഎസ്‌ വിദ്യാർഥിയായിരുന്ന നിലമേൽ കൈതോട്‌ കെകെഎംവി ഹൗസിൽ വിസ്‌‌മയ (24) ഭർത്താവിന്റെ വീട്ടിൽ ജീവനൊടുക്കിയ കേസിൽ പ്രതി മോട്ടോർ വാഹനവകുപ്പ്‌ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് കിരൺകുമാർ കുറ്റക്കാരൻ. സ്‌ത്രീധനമരണം, സ്‌ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, വകുപ്പുകളും സ്‌ത്രീധന നിരോധന നിയമത്തിലെ സ്‌ത്രീധനം ആവശ്യപ്പെടുക, സ്വീകരിക്കുക എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി കെ എൻ സുജിത്താണ് വിധി പറഞ്ഞത്. ഉപദ്രവം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ഒഴിവാക്കി.

42 സാക്ഷികളെ വിസ്‌ത‌രിച്ചു. 120 രേഖകളും 12 മുതലുകളും ഹാജരാക്കി. ഫോണുകളിലെ സംഭാഷണവും മറ്റും തുറന്ന കോടതി പരിശോധിച്ചിരുന്നു. 2021 ജൂൺ 21ന്‌ പുലർച്ചെ 3.30ന്‌ ആണ്‌ വിസ്‌മയയെ കിരൺകുമാറിന്റെ വീട്ടിലെ ശുചിമുറിയുടെ ജനാലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്‌.  ശാസ്‌താംകോട്ട ഡിവൈഎസ്‌പി പി രാജ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആണ്‌ സംഭവം നടന്ന്‌ 80 ദിവസത്തിനകം കേസിൽ കുറ്റപത്രം കോടതിൽ സമർപ്പിച്ചത്‌. ദക്ഷിണമേഖലാ ഐജി ആയിരുന്ന അർഷിത അട്ടല്ലൂരിയും കൊല്ലം റൂറൽ എസ്‌പി കെ ബി രവിയും  മേൽനോട്ടത്തിൽ ആയിരുന്നു  അന്വേഷണം. ജി മോഹൻരാജ്‌ ആണ് സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ.

കിരൺകുമാറിൽനിന്ന്‌ ഉണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക്‌ ശാസ്‌ത്രീയമായ തെളിവുകൾ ഹാജരാക്കി. ഇത്‌ വിചാരണ കോടതിയെ ബൊധ്യപ്പെടുത്താൻ പബ്ലിക്‌ പ്രോസിക്യൂട്ടർ ജി മോഹൻരാജിനും കഴിഞ്ഞിട്ടുണ്ട്‌.  അന്വേഷണസംഘത്തിന്‌ ലഭിച്ച തെളിവുകളെല്ലാം ഫോറൻസിക്‌ വിഭാഗത്തിന്റെ സഹായത്താൽ ശാസ്‌ത്രീയ പരിശോധന നടത്തി. സയന്റിഫിക്‌ ആയ എല്ലാ ശാസ്‌ത്രീയ പരിശോധനകളും നടത്താൻ കഴിഞ്ഞു. സ്‌ത്രീധനമായി ലഭിച്ച കാറിന്റെ പേരിൽ പ്രതി കിരൺകുമാർ വിസ്‌മയയുമായി നിരന്തരം വഴക്കിട്ടതിനും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനും ശക്തമായ തെളിവുകൾ നിരത്താൻ കഴിഞ്ഞു.  പീഡനം തുടർന്നാൽ ജീവിതം അവസാനിപ്പിക്കുമെന്ന്‌ പലവട്ടം ഭർത്താവിന്‌ മുന്നറിയിപ്പു നൽകിയ വിസ്‌മയ താൻ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും അമ്മയെയും സഹോദരനെയും സുഹൃത്തുക്കളെയും സഹപാഠികളെയും വാട്‌സാപ്‌ സന്ദേങ്ങളിലൂടെ അറിയിച്ചിരുന്നു.

പ്രതി കിരണിന്റെ സഹോദരി കീർത്തിയോട്‌ രക്ഷിക്കണമെന്ന്‌ അഭ്യർഥിക്കുന്ന വിസ്‌മയയുടെ വാട്‌സാപ്‌ ചാറ്റും അന്വേഷകസംഘം കണ്ടെത്തിയിരുന്നു. ഇതെല്ലാം പ്രതിക്ക്‌ കുരുക്കായി മാറി. വിസ്‌മയ പഠിച്ച പന്തളം എൻഎസ്‌എസ്‌ ആയുർവേദ കോളേജിന്‌ സമീപത്ത്‌ വിസ്‌മയയുമായി കിരൺകുമാർ വഴക്കിട്ടതിനും തെളിവുകൾ ലഭിച്ചു. കാർ യാത്രയ്‌ക്കിടെ 2020 ആഗസ്‌ത്‌ 29ന്‌ കിഴക്കേ കല്ലടയിൽ കിരൺ വഴക്കിട്ടതും മർദനത്തിൽനിന്നു രക്ഷപ്പെടാൻ വിസ്‌മയ സമീപത്തെ ഹോംഗാർഡിന്റെ വീട്ടിലേക്ക്‌ ഓടിക്കയറിയതിനും സാക്ഷിമൊഴികൾ നിർണായകമായി.

2021 ജനുവരി രണ്ടിന്‌ നിലമേലിൽ വിസ്‌മയയുടെ വീട്ടിലെത്തിയ കിരൺ കാറിന്റെ പേരിൽ വിസ്‌മയയുടെ അച്ഛനെ അസഭ്യം പറഞ്ഞതിനും സഹോദരനെ മർദിച്ചതിനും  സംഭവമറിഞ്ഞ്‌ എത്തിയ ചടയമംഗലം എസ്‌ഐയെ ഭീഷണിപ്പെടുത്തിയതിനും ശക്തമായ തെളിവുകളാണ്‌ അന്വേഷകസംഘം കുറ്റപത്രത്തിൽ നിരത്തിയത്‌. സംഭവം നടന്ന്‌ ഒരുവർഷം തികയുന്നതിനുമുമ്പ്‌ കേസ്‌ അന്വേഷണവും കുറ്റപത്രം സമർപ്പിക്കലും വിചാരണയും കഴിഞ്ഞു എന്നത്‌ ഈ കേസിന്റെ പ്രത്യേകതയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top