29 March Friday

വിസ്‌‌മയ കേസ്‌ വിധി ഇന്ന്‌

സ്വന്തം ലേഖകൻUpdated: Monday May 23, 2022

കൊല്ലം> ബിഎഎംഎസ്‌ വിദ്യാർഥി നിലമേൽ കൈതോട്‌ കെകെഎംവി ഹൗസിൽ വിസ്‌‌മയ (24)യെ ഭർതൃ​വീട്ടിൽ ആത്മഹത്യചെയ്‌ത നിലയിൽ കണ്ടെത്തിയ കേസിൽ തിങ്കളാഴ്‌ച വിധി പറയും. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി കെ എൻ സുജിത്താണ്‌ വിധി പറയുക. മോട്ടോർ വാഹനവകുപ്പ്‌ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ്‌ കിരൺ കുമാറാണ്‌ കേസിലെ പ്രതി.

സ്‌ത്രീധനമരണം, സ്‌ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, ദേഹോപദ്രവമേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്‌ത്രീധന നിരോധന നിയമത്തിലെ സ്‌ത്രീധനം ആവശ്യപ്പെടൽ, സ്വീകരിക്കൽ എന്നീ വകുപ്പുകളാണ്‌ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്‌. കേസിൽ 42 സാക്ഷികളെ വിസ്‌തരിച്ചു. 120 രേഖയും 12 തൊണ്ടി മുതലും പരിശോധിച്ചു.

വിസ്‌‌മയയെ ഭർത്താവ്‌ കിരൺകുമാറിന്റെ പോരുവഴി അമ്പലത്തുംഭാഗത്തെ വീട്ടിലെ ശുചിമുറിയുടെ ജനാലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്‌ 2021 ജൂൺ 21ന്‌ പുലർച്ചെ 3.30നാണ്‌. സംഭവത്തെത്തുടർന്ന്‌ കിരൺകുമാറിനെ സർക്കാർ ജോലിയിൽനിന്ന്‌ പിരിച്ചുവിട്ടിരുന്നു.


വിധി കാത്ത്‌ വിസ്‌മ‌യയുടെ കുടുംബവും നാടും

വിധിപ്രഖ്യാപനത്തിന്‌ കാത്തിരിക്കുകയാണ്‌ വിസ്‌മ‌യയുടെ അച്ഛൻ ത്രിവിക്രമൻനായരും അമ്മ സജിതയും സഹോദരൻ വിജിത്തും ബന്ധുക്കളും നാട്ടുകാരുമെല്ലാം. സ്നേഹിച്ച് തീരുംമുമ്പേ വിടപറഞ്ഞകന്ന മകൾ സൃഷ്ടിച്ച ശൂന്യത ത്രിവിക്രമൻനായർക്കും സജിതയ്‌ക്കും ഉൾക്കൊള്ളാനാകുന്നില്ല. കേസിന്റെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ സർക്കാർ ജാഗ്രതയോടെ ഇടപെട്ടു. കേസിന്റെ വിവരങ്ങൾ കുടുംബംതന്നെ മുഖ്യമന്ത്രിയെ നേരിൽക്കണ്ട്‌ കൈമാറി. ഇത്‌ വിചാരണ വേഗത്തിലാക്കാൻ ഇടയാക്കി.

ദക്ഷിണമേഖലാ ഐജി ആയിരുന്ന അർഷിത അട്ടല്ലൂരിയുടെ നേരിട്ടുള്ള അന്വേഷണത്തിൽ ഡിവൈഎസ്‌പി രാജ്‌കുമാറിന്റെയും പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജിന്റെ സേവനങ്ങളും വിസ്‌മരിക്കാനാകില്ല. കുടുംബം ആവശ്യപ്പെട്ടത് പ്രകാരമാണ് സർക്കാർ ഇവരെ നിയമിച്ചത്. ഈ സർക്കാർ ആയിരുന്നില്ലെങ്കിൽ ഇത്ര വേഗത്തിൽ വിധി ഉണ്ടാകുമായിരുന്നോ എന്ന കാര്യത്തിലും ത്രിവിക്രമൻനായർ ആശങ്കപ്പെട്ടു. മകൾ നഷ്‌ട‌‌പ്പെട്ട് 11 മാസവും 2 ദിവസത്തിനിപ്പുറം കേസിൽ വിധി പ്രഖ്യാപിക്കുമ്പോൾ സർക്കാർ നൽകിയ സഹായത്തിനും പിന്തുണയ്‌ക്കുംകൂടി നന്ദി പറയുകയാണ് വിസ്മയയുടെ കുടുംബം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top