16 April Tuesday

ഡോളർ കടത്ത്‌ : കസ്റ്റംസ് ‘കണ്ടെത്തൽ’ 
കോടതിയും തള്ളിയത്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022


കൊച്ചി
സ്വർണം, ഡോളർ കടത്തുകേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിന്റെ ബാങ്ക്‌ ലോക്കറുകളിൽനിന്ന്‌ എൻഐഎ പിടികൂടിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച കസ്‌റ്റംസ്‌ കുറ്റപത്രത്തിലെ ‘കണ്ടെത്തൽ’ മുമ്പ്‌ കോടതി തള്ളിയത്‌. വടക്കാഞ്ചേരിയിലെ റെഡ്‌ക്രസന്റ്‌ ഭവനപദ്ധതി നടപ്പാക്കാൻ എം ശിവശങ്കറിന്‌ ലഭിച്ച കോഴപ്പണമാണ്‌ സ്വപ്‌നയുടെ ലോക്കറുകളിൽ സൂക്ഷിച്ചിരുന്നതെന്നാണ്‌ വാദം. 2020 ആഗസ്ത്‌ 21ന്‌ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ്‌ ജഡ്‌ജി ഇത്‌ തള്ളിയിരുന്നു. സ്വപ്‌ന സ്വർണക്കടത്തിലൂടെ സമ്പാദിച്ച പണമാണ്‌ ലോക്കറുകളിൽ സൂക്ഷിച്ചിരുന്നതെന്നാണ്‌ എൻഐഎയും കണ്ടെത്തിയത്‌.

കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ജഡ്‌ജിയായിരുന്ന കൗസർ എടപ്പഗത്താണ്‌ സ്വപ്‌നയുടെ വാദങ്ങളെ  ഖണ്ഡിച്ചത്‌. ലോക്കറിലുണ്ടായിരുന്ന ഒരുകോടി രൂപ സ്വർണക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന്‌ പ്രഥമദൃഷ്‌ട്യാ വ്യക്തമാണെന്ന്‌ ജാമ്യാപേക്ഷ തള്ളി കോടതി പറഞ്ഞു. ഭവനസമുച്ചയത്തിന്റെ നിർമാണ കരാറുകാരായ യൂണിടാക്‌ ബിൽഡേഴ്‌സ്‌ എംഡി സന്തോഷ്‌ ഈപ്പന്റെ മൊഴിയും കോടതി എടുത്തുപറഞ്ഞു. സ്വപ്‌ന, പി എസ്‌ സരിത്, സന്ദീപ്‌ നായർ എന്നിവർക്ക്‌ യൂണിടാക്‌ കമീഷൻ നൽകിയിരുന്നു. അത്‌ സന്ദീപിന്റെ പേരിൽ ശാസ്‌തമംഗലത്തെ ആക്സിസ്‌ ബാങ്ക്‌ ശാഖയിലുള്ള അക്കൗണ്ടിലേക്കാണ്‌ നൽകിയത്‌. ആ പണമല്ല ബാങ്ക്‌ ലോക്കറിൽനിന്ന്‌ പിടിച്ചതെന്നും സ്വർണക്കടത്തിൽനിന്ന്‌ സമ്പാദിച്ച പണമാണെന്നുമായിരുന്നു  കോടതിയുടെ തീർപ്പ്‌. ആ പണം ശിവശങ്കറിന്റേതാണെന്ന വാദം അന്ന്‌ സ്വപ്‌ന ഉന്നയിച്ചിരുന്നില്ല.

തിരുവനന്തപുരം എസ്ബിഐയിലെ ലോക്കറിൽനിന്ന് 64 ലക്ഷവും ഫെഡറൽ ബാങ്ക് സ്റ്റാച്യു ശാഖയിലെ ലോക്കറിൽനിന്ന് 36.5 ലക്ഷവുമാണ് എൻഐഎ കണ്ടെടുത്തത്. റെഡ്‌ക്രസന്റ്‌ ഭവനപദ്ധതിയിലെ കോഴയുമായി ലോക്കറിലെ പണത്തിന്‌ ബന്ധമില്ലെന്നായിരുന്നു തുടക്കത്തിൽ കസ്‌റ്റംസിന്റെയും പക്ഷം.  സ്വപ്‌ന ഉൾപ്പെടെ 20 പ്രതികൾക്കെതിരെ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിലും ലോക്കറിലെ പണം സ്വർണക്കടത്തിൽനിന്നുള്ള സ്വപ്‌നയുടെ സമ്പാദ്യമാണെന്നുതന്നെയാണ്‌ വിശദീകരിച്ചത്‌.

ശിവശങ്കറിന്റെ ജാമ്യാപേക്ഷയ്ക്കെതിരെ ഇഡി സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ്‌ മറ്റു രണ്ട്‌ അന്വേഷണ ഏജൻസികളെയും വെട്ടിലാക്കി  ‘പുതിയ കണ്ടെത്തലുള്ളത്‌. ഭവനപദ്ധതിയുടെ ഭാഗമായി ലഭിച്ച പണമാണ് ലോക്കറിലേതെന്നും ശിവശങ്കറിനെ രക്ഷിക്കാൻ സ്വപ്ന കള്ളം പറഞ്ഞതാണെന്നുമാണ് ഇഡി അറിയിച്ചത്‌. അതോടെ എൻഐഎയുടെയും കസ്‌റ്റംസിന്റെയും അന്വേഷണം വഴിമുട്ടി. എൻഐഎ ഇപ്പോഴും പഴയ നിലപാടിൽത്തന്നെയാണ്‌. എന്നാൽ, കസ്‌റ്റംസ്‌ മലക്കംമറിഞ്ഞു.

കള്ളപ്രചാരണം പൊളിച്ച്‌ കുറ്റപത്രം
ഡോളർ കടത്ത്‌ കേസിൽ കൊച്ചിയിലെ പ്രത്യേക കോടതിയിൽ കസ്റ്റംസ്‌ കുറ്റപത്രം സമർപ്പിച്ചതോടെ തകർന്നത്‌ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെയുള്ള കള്ളപ്രചാരണം. യുഎഇ കോൺസുലേറ്റ്‌ ഫിനാൻസ്‌ വിഭാഗം മുൻ തലവൻ ഖാലിദ്‌ മുഹമ്മദ്‌ അൽ സുക്രിയടക്കം ആറുപേരാണ്‌ പ്രതികൾ. പ്രതി സ്വപ്ന സുരേഷിന്റെ കള്ളമൊഴിയുടെ അടിസ്ഥാനത്തിൽ  യുഡിഎഫ്‌, ബിജെപി നേതാക്കളും ഒരു വിഭാഗം മാധ്യമങ്ങളും നടത്തിയ ആരോപണങ്ങൾക്ക്‌ ഒരു തെളിവും കണ്ടെത്താനായില്ല.

ഖാലിദ്‌ ഒന്നാം പ്രതിയും സ്വപ്ന സുരേഷ്‌, പി എസ്‌ സരിത്‌, സന്ദീപ്‌ നായർ, സന്തോഷ്‌ ഈപ്പൻ, എം ശിവശങ്കർ എന്നിവർ യഥാക്രമം മറ്റു പ്രതികളുമായാണ്‌ കുറ്റപത്രം. സ്വപ്ന സുരേഷ്‌ മൊഴി നൽകിയതായി കുറ്റപത്രത്തിൽ പറയുന്നുണ്ടെങ്കിലും മന്ത്രിമാരെ  ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താനായില്ല. മുഖ്യമന്ത്രിക്കും മുൻ മന്ത്രിമാർക്കും മുൻ സ്പീക്കർക്കും പങ്കുണ്ടെന്നായിരുന്നു ആരോപണം. പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി പടച്ചുവിട്ട വാർത്തകളുടെയും പരമ്പരകളുടെയും വിശ്വാസ്യത നേരത്തേതന്നെ ചോദ്യംചെയ്യപ്പെട്ടിരുന്നു. എന്നാൽ, കുറച്ചുപേരെയെങ്കിലും തെറ്റിദ്ധരിപ്പിച്ച്‌ ഇടതുപക്ഷത്തിനെതിരെ തിരിക്കാമെന്ന ദുഷ്ടലാക്ക്‌ മാത്രമായിരുന്നു പ്രചാരണത്തിനു പിന്നിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top