20 April Saturday

കേരള സര്‍വകലാശാല അധ്യാപക നിയമനങ്ങള്‍ ഡിവിഷൻ ബെഞ്ച്‌ ശരിവെച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 5, 2021

തിരുവനന്തപുരം> കേരള സർവകലാശാല നടത്തിയ  അധ്യാപക നിയമനങ്ങൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവെച്ചു. നിയമനങ്ങൾ റദ്ദാക്കിയ സിംഗിൾ ബഞ്ചുത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി.

സിംഗിൾ ബഞ്ചുത്തരവിനെതിരെ സർക്കാരും സർവകലാശാലയും ചില ഉദ്യോഗാർത്ഥികളും സമർപ്പിച്ച അപ്പീലുകൾ അനുവദിച്ചാണ് ജസ്റ്റീസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും ജസ്റ്റീസ് സി.പി.മുഹമ്മദ് നിയാസും അടങ്ങുന്ന ബഞ്ചിൻ്റെ ഉത്തരവ്. സർവകലാശാല സംവരണ തസ്തിക നിശ്ചയിച്ച രീതിയിൽ തെറ്റില്ലന്ന് ഡിവിഷൻ  ബഞ്ച് വ്യക്തമാക്കി.

തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബഞ്ച്  നിയമനങ്ങൾ റദ്ദാക്കിയത് .

വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു സർവകലാശാല സംവരണം നിശ്ചയിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സിംഗിൾ ബഞ്ചിലെ ഹർജിക്കാരുടെ ആരോപണം.

നിയമനം നടത്തുന്നതിന് യൂണിവേഴ്സിറ്റി ചട്ടം ഭേദഗതി ചെയ്തത് മെറിറ്റുള്ള ഉദ്യോഗാർത്ഥികളെ ബാധിക്കുമെന്നും യൂണിവേഴ്സിറ്റിയുടെ നടപടി സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണന്നുമായിരുന്നു സിംഗിൾ ബഞ്ചിൽ ഹർജിക്കാരുടെ വാദം.

എന്നാൽ ഒറ്റ യൂണിറ്റായി പരിഗണിച്ചില്ലങ്കിൽ നാമമാത്ര സംവരണ വിഭാഗങ്ങൾക്ക് അവസരം ലഭിക്കില്ലന്ന് സർക്കാരും യുണിവേഴ്സിറ്റിയും ചുണ്ടിക്കാട്ടി.

വ്യത്യസ്ത  വകുപ്പുകളിലെ തസ്തികകളെ ഒത്തു ചേർത്ത് ഒരു യൂണിറ്റായി കണക്കാരുതെന്ന സുപ്രീം കോടതി വിധിയുണ്ടന്നും പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നിവയെ ഒറ്റ യൂണിറ്റായി കണക്കാക്കിയാൽ ഒഴിവുകളിലെ സംവരണം 100 ശതമാനമാകും. ഇത് മെറിറ്റിൽ നിയമനം ലഭിക്കേണ്ട ഉദ്യോഗാർഥികളെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു സിംഗിൾ ബഞ്ചിൻ്റെ കണ്ടെത്തൽ.

കേസിൽ സർക്കാരിന് അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ്, സീനിയർ ഗവൺമെൻറ് പ്ലീഡർ വി.മനു, സർവ്വകലാശാലക് വേണ്ടി സ്റ്റാൻഡിംഗ് കോൺസൽ തോമസ് എബ്രഹാം എന്നിവർ ഹാജരായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top