25 April Thursday
ഇന്ന്‌ ജൈവവൈവിധ്യ ദിനം

60 പശ്‌ചിമഘട്ട നീർച്ചാലുകൾ നാശത്തിന്റെ വക്കിൽ

എം ജഷീനUpdated: Monday May 22, 2023
കോഴിക്കോട്‌>  ജില്ലയിലെ പശ്ചിമഘട്ട നീർച്ചാലുകളുടെ  ഡിജിറ്റൽ മാപ്പിങ്‌ പൂർത്തിയായി. പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന  300ഓളം നീർച്ചാലുകളാണ്‌ 14  പഞ്ചായത്തിലായി കണ്ടെത്തിയത്‌. ഇതിൽ അറുപതിനടുത്ത്‌ നീർച്ചാലുകളും  നാശത്തിന്റെ വക്കിലാണ്‌. പശ്ചിമഘട്ടത്തിലെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ തടയാനും നീർച്ചാലുകളുടെ ഒഴുക്ക് സാധ്യമാക്കുന്നതിനുമായി നവകേരളം കർമപദ്ധതിയിലെ  ‘സുരക്ഷിതമാക്കാം പശ്ചിമഘട്ടം’ ക്യാമ്പയിന്റെ ഭാഗമായാണ്‌ ഡിജിറ്റൽ മാപ്പിങ് നടത്തിയത്‌.
 
കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, കൂരാച്ചുണ്ട്, ചക്കിട്ടപാറ, മരുതോങ്കര, കാവിലുംപാറ, കായക്കൊടി, നരിപറ്റ, വളയം, വാണിമൽ, ചെക്യാട് എന്നീ പഞ്ചായത്തുകളിലായിരുന്നു മാപ്പിങ്‌. നീർച്ചാലുകളുടെ ശാസ്ത്രീയ നിർണയവും  ജനകീയ വീണ്ടെടുപ്പുമാണ്‌  ലക്ഷ്യമിടുന്നത്‌. 
 
അഞ്ച്‌ മുതൽ 20 വരെ നീർച്ചാലുകളാണ്‌ഓരോ പഞ്ചായത്തിലും കണ്ടെത്തിയത്‌. 60നടുത്ത്‌ നീർച്ചാലുകൾ മനുഷ്യ ഇടപെടൽ വഴിയും മറ്റും ഭീഷണി നേരിടുകയാണ്‌. മണ്ണിട്ട്‌ നികത്തിയും ഒഴുക്ക്‌ നിലച്ചുമാണ്‌ ഇതിലേറെയും.   മണ്ണും മാലിന്യങ്ങളും  നിറഞ്ഞ്‌  അടഞ്ഞ അവസ്ഥയിലാണ്‌ പലതും. പ്ലാസ്‌റ്റിക്‌ മാലിന്യം വലിയ രീതിയിലാണ്‌  ഒഴുക്ക്‌ തടസ്സപ്പെടുത്തുന്നത്‌. വളയം, വാണിമേൽ ഭാഗങ്ങളിലെ നീർച്ചാലുകളിലാണ്‌ ഇത്തരത്തിൽ മാലിന്യങ്ങൾ കൂടുതലായി കണ്ടത്‌. 
 
ഹരിതകേരളം മിഷൻ,  റീബിൽഡ് കേരള,  ഐ ടി മിഷൻ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ  സഹായത്തിൽ  തദ്ദേശ  സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. ഐടി മിഷന്റെ ഭാഗമായുള്ള ഐ സി ഫോസ്  തയ്യാറാക്കിയ കീമാപ്പുകളുടെ സഹായത്തിലാണ്‌ നീർച്ചാലുകളുടെ  വിവരങ്ങളെടുത്തത്‌.  പ്രവർത്തനം പൂർത്തിയാക്കാൻ   50 ദിവസമെടുത്തു.  ഡിജിറ്റൽ മാപ്പിങ്‌ പൂർത്തിയാകുന്നതോടെ  ഈ പ്രദേശങ്ങളിൽ പ്രളയം, ഉരുൾപൊട്ടൽ എന്നിവ ഉണ്ടായാൽ വെള്ളത്തിന്റെ ഒഴുക്ക് കൃത്യമായി പ്രവചിക്കാനും സാധിക്കും.
 
അടുത്ത ഘട്ടത്തിൽ സംരക്ഷണം:  കെ ബാലകൃഷ്‌ണൻ (ജില്ലാ കോ– ഓർഡിനേറ്റർ ഇൻ ചാർജ്‌, ഹരിതകേരള മിഷൻ) പല കാരണങ്ങളാൽ ഒഴുക്ക്‌ നിലച്ച, മാലിന്യം നിറഞ്ഞ നീർച്ചാലുകളെ പുനരുജ്ജീവിപ്പിക്കുകയാണ്‌ അടുത്ത ഘട്ടം.   നീർച്ചാലുകളുടെ മാപ്പ്‌  അതത്‌ പഞ്ചായത്തുകളിൽ  അവതരിപ്പിച്ച്‌   സംരക്ഷണ പദ്ധതികൾ ആവിഷ്‌കരിക്കും. തുടർച്ചയായ പരിപാലനത്തിനും സംവിധാനമുണ്ടാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top