25 April Thursday

മരണം തോറ്റുപോയ മണിക്കൂറുകൾ ; വിലാപയാത്രയിൽ ഒപ്പമുണ്ടായിരുന്ന 
സിപിഐ എം ജില്ലാ സെക്രട്ടറി 
സി വി വർഗീസ് അനുഭവം പങ്കിടുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022



മഹാമൗനത്തിന്റെ ചില്ലു കൂട്ടിൽ....എന്നേക്കുമായി സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന ധീരജിനൊപ്പമായിരുന്നു കഴിഞ്ഞ 13 മണിക്കൂർ.... എത്രയോ തവണ കടന്നുപോയ വഴികളാണ് പിന്നിട്ട  380 കിലോമീറ്റർ.... ചൊവ്വാഴ്‌ച അത്‌ വെറുമൊരു ദൂരമായിരുന്നില്ല, അതൊരു യുഗമായിരുന്നു....

വിശ്വസിച്ച ആദർശത്തിനുവേണ്ടി പ്രാണൻ കൊടുക്കേണ്ടിവന്ന കൗമാരക്കാരന്റെ ജീവിതം മുഴുവൻ ആ യാത്രയിൽ നിറഞ്ഞുനിന്നു തൊണ്ട പൊട്ടുമാറുച്ചത്തിൽ മഴങ്ങിയ മുദ്രാവാക്യങ്ങളിൽ....

നിലവിളികളിൽ വിങ്ങിപ്പൊട്ടലുകളിൽ...

അപരിചിതത്വത്തിന്റേതല്ല, സാഹോദര്യത്തിന്റെ വീര്യം തൊട്ടറിഞ്ഞു. 

പൊട്ടിക്കരഞ്ഞ കൂട്ടുകാർക്കിടയിൽ നിന്നാണ്‌ ധീരജിനെ ഏറ്റുവാങ്ങിയത്‌. കണ്ണീർ ഉള്ളിലൊതുക്കി കനലെരിയും മനസ്സോടെ കൈയിൽ പുഷ്‌പങ്ങളുമായി വഴിയരുകിൽ കാത്തുനിന്ന പതിനായിരങ്ങൾ.... പുലർച്ചെ രണ്ടുകഴിഞ്ഞിട്ടും തളിപ്പറമ്പിലെ ജനാവലി....

സംഘടനാനുഭവങ്ങൾ പലതുണ്ടെങ്കിലും ധീരജിന്റെ വിലാപയാത്ര നൽകിയ ഉള്ളിലെ പൊള്ളിച്ച ഇതുവരെ മാറിയിട്ടില്ല.- അവനെ ഒരിക്കലും കണ്ടിട്ടില്ലാത്തവർ, അവന്റെ ആരുമല്ലാതിരുന്നവർ അങ്ങനെ ജീവിതത്തിന്റെ നാനാതുറകളിലുള്ളവരെയാണ്‌ തോരാകണ്ണീരും നീറും മനസ്സുമായി  വഴിത്താരകളിൽ കാണാനായത്‌.   നിശ്‌ചയിച്ചിരുന്ന  സമയവും പിന്നിട്ട്‌ ഏറെ വൈകിയാണ്‌ ഓരോ കേന്ദ്രവും കടന്നുപോയത്‌. മാതാപിതാക്കളും കൊച്ചുകുട്ടികളും അടങ്ങുന്ന കുടുംബങ്ങൾ ഒന്നാകെയെത്തി. തിക്കും തിരക്കും കുറയ്‌ക്കാൻ സ്വയം നിയന്ത്രിതരായാണ്‌ നിലയുറപ്പിച്ചിരുന്നത്‌.

സ്വന്തം നാടായ തളിപ്പറമ്പിലെത്തിയപ്പോൾ ബുധൻ പുലർച്ചെ ഒന്നായിരുന്നു. ധീരജിന്റെ വീടായ ‘അദ്വൈത’ത്തിലെ കാഴ്‌ച ഹൃദയഭേദകമായി. പൂഴിമണ്ണ്‌ വീണാൽ താഴാത്തത്ര ജനസഞ്ചയം. അമ്മ ബോധരഹിതയായി കിടക്കുന്നു. ദുഃഖം താങ്ങാനാവാതെ അച്ഛൻ വിങ്ങിപ്പൊട്ടുന്നു. കൂട്ടക്കരച്ചിലും നിലവിളികളും... കഠിനഹൃദയരെപ്പോലും കരയിപ്പിക്കുന്നതായിരുന്നു കാഴ്‌ചകളും അനുഭവങ്ങളും. അവന്റെ ഹൃദയത്തിലേക്ക്‌ ആഴത്തിൽ കഠാര കുത്തിയിറക്കിയവരോട്‌ കാലവും ലോകവും പൊറുക്കില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top