09 August Tuesday

ധീരജ്‌ വധത്തിലെ വെളിപ്പെടുത്തൽ; ഇടുക്കി ഡിസിസി പ്രസിഡന്റിനെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

തിരുവനന്തപുരം > ധീരജ് കൊലപാതകത്തിലെ കോൺഗ്രസ് ഗൂഢാലോചന വെളിവാക്കിയ ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ കൊലവിളി പ്രസംഗത്തിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർചെയ്‌ത്‌ അറസ്റ്റ് ചെയ്യണമന്ന്‌ എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു.

ഇടുക്കി മുരിക്കാശേരിയിൽവെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഡിസിസി പ്രസിഡൻ്റ് സി പി മാത്യു നടത്തിയ കൊലവിളി പ്രസംഗത്തിലൂടെ കോൺഗ്രസിൻ്റെ യഥാർത്ഥ മുഖം പുറത്തായി. ധീരജ് പഠിച്ചിരുന്ന ഇടുക്കി എഞ്ചിനീയറിങ് കോളേജ് സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലെ ഡിസിസി പ്രസിഡൻ്റ് തന്നെ "എസ്എഫ്ഐ പ്രവർത്തകർക്ക് ധീരജിൻ്റെ അനുഭവം ഉണ്ടാകും" എന്ന് പറഞ്ഞതിലൂടെ ധീരജിൻ്റെ കൊലപാതകത്തിൻ്റെ ഭാഗമായി നടന്ന ഉന്നതതല ഗൂഢാലോചന പുറത്തു വരികയാണ്. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ധീരജിൻ്റെ രക്തസാക്ഷിത്വത്തെ "ഇരന്നു വാങ്ങിയത്' എന്ന് പറഞ്ഞതിനെയും ഇതിൻ്റെ കൂടെ കൂട്ടിവായിക്കണം.

വയനാട്ടിലെ സമരവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയെ ആകെ ആക്രമികളായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന കെ.എസ്.യുക്കാരും കോൺഗ്രസുകാരുമാണ് യഥാർത്ഥ ആക്രമകാരികൾ എന്ന് ഇതിലൂടെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു. ധീരജ് വധവുമായി ബന്ധപ്പെട്ട് പ്രതികളായ ഒരു പ്രവർത്തകന് എതിരെ പോലും നടപടിയെടുക്കാതെ കൊലപാതകികളെ സംരക്ഷിക്കുന്ന സമീപനം സ്വീകരിച്ച കോൺഗ്രസിൻ്റെയും കെഎസ്‌യുവിൻ്റെയും മനുഷ്യത്വവിരുദ്ധ നയത്തെക്കുറിച്ച് കേരളം നേരത്തെതന്നെ ചർച്ച ചെയ്തതാണ്. കൊലവിളി നടത്തിയും ഭീഷണിപ്പെടുത്തിയും എസ്എഫ്ഐയെ ഇല്ലാതാക്കാമെന്ന് കിനാവ് കാണുന്നവർവിഡ്ഢികളുടെ സ്വർഗത്തിലാണ്.

വലതുപക്ഷത്തിൻ്റെ നാനാവിധ ആക്രമണങ്ങളെ ചെറുത്തു തോൽപ്പിച്ച് എസ്എഫ്ഐയുടെ ശുഭ്രപതാക കേരളത്തിലെ ക്യാമ്പസുകളിൽ കൂടുതൽ ഉയരത്തിൽ പാറും. കേരളത്തിലാകമാനം എസ്എഫ്ഐ ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാൻ കോൺഗ്രസും കെഎസ്‌യുവും നടത്തുന്ന ശ്രമങ്ങളെ മുഴുവൻ എസ്എഫ്ഐ പ്രവർത്തകരും സമചിത്തതയോടെ നേരിടണമെന്നും കൊലവിളി പ്രസംഗം നടത്തിയ ഇടുക്കി ഡിസിസി പ്രസിഡൻ്റ് സി പി മാത്യുവിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർപ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top