27 April Saturday

ചിത്രങ്ങൾ തിളങ്ങുമ്പോൾ ധനേഷിന് ഗോൾഡൻ ചാൻസ്

പി സുരേശൻUpdated: Thursday Sep 29, 2022

ധനേഷ് കോണ്ടോൻ വീട്ടിൽ ഒരുക്കുന്ന ആര്ട്ട് ഗാലറിയിലേക്കുള്ള ചിത്രങ്ങളുടെ മിനുക്കുപണിയിൽ

കണ്ണൂർ> ഗോൾഡൻ വിസ നേട്ടത്തിന്റെ തിളക്കത്തിനിടയിൽ സ്വന്തം ചിത്രങ്ങൾ  പ്രദർശിപ്പിക്കാൻ വീട്ടിൽ ആർട്‌ ഗ്യാലറിക്ക്‌ സമാനമായ സംവിധാനമൊരുക്കുന്ന തിരക്കിലാണ്‌ ധനേഷ് കൊണ്ടോൻ.  ചൊവ്വ പാതിരാപ്പറമ്പിലെ  ‘സൗപർണിക’യിൽ മുപ്പതോളം ചിത്രങ്ങൾ പ്രദർശിപ്പിക്കാവുന്ന  600 ചതുരശ്ര അടി ഗ്യാലറിയാണ്‌ തയ്യാറാക്കുന്നത്‌.  സ്‌പോട്ട്‌ ലൈറ്റ്‌ അടക്കമുള്ള സംവിധാനങ്ങളും ഒരുക്കുന്നു. വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ചവർക്കും  വ്യവസായികൾക്കും യുഎഇ ഭരണം നൽകുന്ന ഗോൾഡൻ വിസ, ചിത്രകലാ മികവിന്  ആദ്യമായി നേടിയത്‌  ധനേഷാണ്‌. ദുബായ് കൾച്ചർ  ആർട്‌സ് അതോറിറ്റിയുടെ ആർട്ടിസ്റ്റ് വിഭാഗത്തിലാണ്‌  വിസ ലഭിച്ചത്‌.  
 
കേരളത്തിലെ  പ്രമുഖ പരസ്യ ഏജൻസികളിൽ  പ്രവർത്തിച്ച ധനേഷ്‌ രണ്ടരപ്പതിറ്റാണ്ടോളമായി ദുബായിലാണ്‌. അഡ്വർടൈസിങ്‌, ബ്രാൻഡിങ്‌, പബ്ലിക്‌ റിലേഷൻ മേഖലയിൽ  അറിയപ്പെടുന്ന ആർട്ടിസ്റ്റും അന്താരാഷ്ട്ര ഏജൻസിയായ പ്രൂഫ് കമ്യൂണിക്കേഷൻസിന്റെ ക്രിയേറ്റീവ് ഡയറക്ടറുമാണ്‌. യുഎഇ സർക്കാരിന്റെ ഫെഡറൽ ടാക്‌സ്‌ അതോറിറ്റിയുടെ ലോഗോ, യമനിൽ വധിക്കപ്പെട്ട യുഎഇ സൈനികർക്ക്‌ ആദരാഞ്ജലി അർപ്പിക്കുന്ന വാഹദ്‌ അൽ കരാമ ലോഗോ,  രക്തസാക്ഷി ദിന ലോഗോ എന്നിവ തയ്യാറാക്കിയത്‌ ധനേഷാണ്‌. പ്രവാസത്തിന്റെ ആത്മാവ് തൊട്ടറിയുന്ന നിമിഷങ്ങളും ദേശാന്തരങ്ങളുമാണ് ഇദ്ദേഹം  ക്യാൻവാസിലേക്ക്‌ പകർത്തുന്നത്‌.
 
നിറങ്ങളും നിഴലുകളും സമ്മേളിക്കുന്ന ജീവിതാവസ്ഥകളുടെ നേർചിത്രമായും അത്‌ മാറുന്നു. യുഎഇയിലെ  അനുഭവങ്ങൾ, മണലും കാറ്റും സൃഷ്ടിക്കുന്ന അലകളുടെ പാറ്റേൺ, മരുഭൂമി, ഏകാന്തത  എന്നിവയും ചിത്രങ്ങൾക്ക് വിഷയമാണ്‌.  ഇന്ത്യയിലും ദുബായിലും ധനേഷിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കണ്ണൂർ ബ്രഷ്‌മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയും അധ്യാപകനുമായിരുന്നു. ധനേഷ് മാമ്പ എന്ന പേരിലും അറിയപ്പെടുന്നു. അഞ്ചരക്കണ്ടി മാമ്പയിലെ   പരേതനായ കുഞ്ഞൊണക്കന്റെയും ജാനകിയുടെയും മകനാണ്‌.  ഭാര്യ: ജൂന. മക്കൾ: ആഗ്‌നേയ, ആകർഷ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top