19 March Tuesday

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിയ്ക്ക് സ്‌റ്റേ ; വിധി ഔദ്യോഗിക രേഖകൾ 
പരിശോധിക്കാതെ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

ഇടുക്കി> ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു.  10 ദിവസത്തേക്കാണ് സ്‌റ്റേ  അനുവദിച്ചത്. സുപ്രീംകോടതിയെ സമീപിക്കുന്നതിനാണ് ഇടക്കാല സ്റ്റേ . കഴിഞ്ഞ ദിവസമാണ് എ രാജ എംഎല്‍എയുടെ വിജയം കോടതി റദ്ദാക്കിയത്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച  എ രാജയ്ക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് വിലയിരുത്തിയാണ് നേരത്തെ  കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ഥി ഡി കുമാറിന്റെ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് പി സോമരാജന്റെ  ഉത്തരവ്.  ഈ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്

വിധി ഔദ്യോഗിക രേഖകൾ 
പരിശോധിക്കാതെ
എ രാജ നൽകിയ ഔദ്യോഗിക രേഖകൾ പരിഗണിക്കാതെയാണ്‌ അദ്ദേഹത്തിനെതിരെ വിധി പ്രസ്‌താവിച്ചതെന്ന് പരാതി. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്‍ത മണ്ഡലത്തിൽ രാജയ്‌ക്ക്‌ മത്സരിക്കാൻ യോഗ്യതയില്ലെന്നാണ്‌ വിധി. കേസുമായി ബന്ധപ്പെട്ട് 16 രേഖകളാണ് എ രാജ കോടതിയിൽ ഹാജരാക്കിയത്.

അച്ഛന്റെ ജനന സർട്ടിഫിക്കറ്റ്, രാജായുടെ സ്കൂളിലെ രേഖകൾ, എസ്എസ്എൽസി, ജാതി സർട്ടിഫിക്കറ്റ്, വിവിധ ഘട്ടങ്ങളിലെ ആവശ്യങ്ങൾക്കായി പഞ്ചായത്ത്, വില്ലേജ് എന്നിവിടങ്ങളിൽനിന്നും വാങ്ങിയ രേഖ, സ്പെഷ്യൽ മാര്യേജ് നിയമപ്രകാരമുള്ള രേഖ ഉൾപ്പെടെയാണ് കോടതിയിൽ നൽകിയത്. ഇതൊന്നും പരിഗണിച്ചിട്ടില്ല. 1950 ന് ശേഷമാണ് കുടിയേറിയതെന്നാണ് എതിർകക്ഷിയുടെ വാദം. ഇത് ശരിയല്ലെന്ന് രേഖകൾ പറയുന്നു. 1940 കളിലാണ് കെഡിഎച്ച് കമ്പനി കുണ്ടള ഡിവിഷനിൽ രാജയുടെ പൂർവികർ ജോലിചെയ്‍ത് തുടങ്ങിയത്. അച്ഛന്റെ ജനനം 1951 ൽ. രാജ ജനിച്ചത് 1984ലും. അപ്പോൾ മുതൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച 2021 വരെയുള്ള രേഖകൾ പരിശോധിച്ചിട്ടില്ല.

മൂന്നാർ പഞ്ചായത്തിൽനിന്നും ലഭിച്ച രേഖകൾ ഹാജരാക്കിയെങ്കിലും അതും പരിഗണിച്ചിട്ടില്ല. തമിഴ്‍നാട്ടിലെ ഹിന്ദു പറയൻ സമുദായത്തിൽപ്പെട്ട ധാരാളം പേർ ദശാബ്ദങ്ങൾക്ക് മുമ്പേ മൂന്നാർ മേഖലയിലെത്തി. അങ്ങനെ വന്നവരിൽപ്പെട്ട പൂർവികരാണ് രാജയുടെ കുടുംബവും. പഞ്ചായത്തിൽനിന്നുള്ള രേഖയിലും ഹിന്ദു പറയ വിഭാഗമെന്നാണ്. തമിഴ്‍നാട്ടിലും ഇവർ സംവരണ വിഭാഗമാണ്. രാജയുടെ വിവാഹം ഹിന്ദു ആചാരപ്രകാരം വീട്ടിലാണ് നടന്നത്. 

അമ്മ 2016ൽ മരിച്ചു. മൃതദേഹം സംസ്കരിച്ചത് മൂന്നാർ പൊതുശ്‍മശാനത്തിലാണ്. എന്നാൽ സിഎസ്ഐ പള്ളിയിലാണെന്ന വാദം കളവാണ്.  സിഎസ്ഐ പള്ളിയിൽ സെമിത്തേരിയില്ല. പഞ്ചായത്തിൽനിന്ന് ലഭിച്ച മരണ സർട്ടിഫിക്കറ്റും നൽകിയിരുന്നു. കേസിൽ വാദിയുടെ അന്യായത്തിൽ 1982ൽ രാജയെയും അച്ഛനെയും അമ്മയെയും മാമോദീസ മുക്കിയത്  സിഎസ്ഐ പള്ളിയിലെ പാസ്റ്റർ ആയ എബനേസർ മണിയെന്നാണ്‌  പറയുന്നത്‌.  അന്ന് മണിയ്‍ക്ക് 14 വയസേയുള്ളു എന്നും തെളിവുണ്ട്‌. എബനേസർ മണി ഒരുകാലത്തും സിഎസ്ഐ പള്ളിയിലെ പാസ്റ്ററായിട്ടില്ല. എന്നാൽ വിധിയിൽ 2017ൽ സെൽവകുമാർ എന്ന പാസ്റ്റർ നേതൃത്വം കൊടുത്തെന്ന് എഴുതിച്ചേർത്തു.  2016ൽ ദേവികുളത്ത്‌ സിപിഐ എം ഡമ്മി കാൻഡിഡേറ്റ് ആയിരുന്നു രാജ. അന്നൊന്നും പരാതിയില്ലാത്ത യുഡിഎഫാണ് ഇപ്പോൾ ആരോപണമുന്നയിക്കുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top