24 April Wednesday

ദേവസഹായം പിള്ള ഇര ; ക്രൈസ്തവർ വ്യാജ ചരിത്രനിർമാതാക്കളെന്ന്‌ ആർഎസ്‌എസ്‌ മുഖവാരിക

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022


തിരുവനന്തപുരം
ക്രൈസ്തവർ വ്യാജ ചരിത്ര നിർമാതാക്കളാണെന്നും തോമാശ്ലീഹ കേരളത്തിൽ വന്നെന്നത് കെട്ടുകഥയാണെന്നും ആർഎസ്‌എസ്‌ മുഖവാരിക കേസരി. ജൂൺ പത്തിനിറങ്ങിയ ലക്കത്തിൽ മുരളി പാറപ്പുറം എഴുതിയ ‘ദേവസഹായംപിള്ളയും വിശുദ്ധപാപങ്ങളും’ എന്ന ലേഖനത്തിൽ പറയുന്നതിങ്ങനെ:

‘‘മതതാൽപ്പര്യത്തിന്‌ വ്യാജചരിത്രം നിർമിക്കുന്നവരാണ്‌ ക്രൈസ്തവർ. തോമാശ്ലീഹ കേരളത്തിൽ വന്നെന്നത്‌ വ്യാജചരിത്രമാണ്‌.  വത്തിക്കാന്റെ മതപദ്ധതികളിലൊന്നാണ് അയോഗ്യരായ വ്യക്തികളെ വിശുദ്ധന്മാരാക്കൽ. മദർ തെരേസയുടെ അത്ഭുത പ്രവൃത്തികൾ വ്യാജമാണ്‌. തിരുവിതാംകൂറിലെ രാജഭരണകാലത്തെ ചില സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ക്രൈസ്തവ മിഷണറിമാർ നടത്തിയ മതപരിവർത്തന പദ്ധതിയുടെ ഇരയായിരുന്നു ദേവസഹായം പിള്ള.

ദേവസഹായം പിള്ളയെ മതംമാറ്റിയതിനെക്കുറിച്ചും മതപ്രചാരണത്തിന് ഉപയോഗിച്ചതിനെക്കുറിച്ചും തേക്കിൻതടി മോഷണത്തിന് ശിക്ഷിച്ചതിനെക്കുറിച്ചുമൊക്കെയുള്ള ആഗൂറിന്റെ ( തിരുവനന്തപുരത്തെ ബ്രിട്ടീഷ് റസിഡന്റിന്റെ ഓഫീസ് മാനേജരായിരുന്ന സി എം ആഗൂർ രചിച്ച ‘ചർച്ച് ഹിസ്റ്ററി ഓഫ് ട്രാവൻകൂർ’) ഗ്രന്ഥത്തിലെ വിവരണങ്ങൾ ക്രൈസ്തവ മിഷണറിമാരെ വെള്ളപൂശുന്നതും തിരുവിതാംകൂർ രാജാക്കന്മാരെ പ്രതിക്കൂട്ടിൽ നിർത്തുന്നതുമാണ്. പള്ളി നിർമാണത്തിന് തേക്കുമരങ്ങൾ മുറിച്ചുകടത്താൻ അനുവദിച്ചത് വലിയ കുറ്റംതന്നെയായിരുന്നു. ഇതിനായിരുന്നു ദേവസഹായം പിള്ളയെ വെടിവച്ചുകൊല്ലാൻ വിധിച്ചത്. ക്രൈസ്തവ മിഷണറിമാർ പ്രചരിപ്പിക്കുന്നതുപോലെ അയാൾ ജ്ഞാനസ്‌നാനപ്പെട്ട് പുതിയൊരു മതം സ്വീകരിച്ചതിനല്ല. യഥാർഥത്തിൽ ദേവസഹായം പിള്ളയുടെ ജീവിതത്തിന് വിശുദ്ധനാക്കപ്പെടാനുള്ള യാതൊരു മഹത്വവുമില്ല.’’

ദേവസഹായം പിള്ളയെ 
ആക്ഷേപിച്ചതിൽ വ്യാപക പ്രതിഷേധം
കത്തോലിക്കാസഭ വിശുദ്ധനായി പ്രഖ്യാപിച്ച ദേവസഹായം പിള്ളയെ ആർഎസ്എസിന്റെ മുഖപ്രസിദ്ധീകരണമായ കേസരി ആക്ഷേപിച്ചതിൽ വ്യാപക പ്രതിഷേധം. ആർഎസ്‌എസ്‌ നിലപാടിനെതിരെ ചില പള്ളികളിലും സമൂഹമാധ്യമങ്ങളിലും പ്രതിഷേധമുയർന്നു.

തങ്ങൾ ആരാധിക്കുന്ന വിശുദ്ധനെ ഇത്ര നികൃഷ്ടമായി ആക്ഷേപിച്ചത്‌ ശരിയായില്ലെന്ന്‌ വൈദികർ അഭിപ്രായപ്പെട്ടു.  ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തെ വളരെ ക്രൂരമായാണ് കേസരി വളച്ചൊടിച്ചതെന്നും ലേഖനം പിൻവലിച്ച് ആർഎസ്എസ് മാപ്പ് പറയണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു.

ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിയിലേക്കുയർത്തിയ ദേവസഹായം പിള്ളയ്‌ക്കെതിരെ ഇത്തരത്തിൽ ആക്രമണം അഴിച്ചുവിടുന്നത്‌ കരുതിക്കൂട്ടിയാണെന്നും വിമർശമുയർന്നു.ബിജെപി സംസ്ഥാനങ്ങളിൽ ക്രൈസ്തവ മിഷണറിമാർക്കെതിരെ നിരന്തരം അക്രമങ്ങളും മതപരിവർത്തന നിരോധന നിയമങ്ങൾ പാസാക്കുകയും ചെയ്യുന്ന പശ്ചാത്തലംകൂടി ഓർമിപ്പിച്ചാണ്‌ പ്രതിഷേധം ശക്തമാകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top